നിശ്ചലമായി കായല്‍ടൂറിസം മേഖല; തൊഴില്‍ നഷ്ടപ്പെട്ട് ആയിരങ്ങള്‍
തമീം സലാം കാക്കാഴം
ആലപ്പുഴ: സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയിലെ വികസനത്തിന് ആക്കംകൂട്ടിയ കായല്‍ ടൂറിസം രംഗം പൂര്‍ണമായും തകര്‍ന്നതോടെ ആയിരങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു.
കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നെങ്കിലും പ്രതാപകാലത്തേക്കുള്ള തിരിച്ചുവരവ് ദുഷ്‌കരമാണെന്ന് മേഖലയിലുള്ളവര്‍ പറയുന്നു. വേമ്പനാട്ട് കായലിനെ ആശ്രയിച്ചുള്ള കായല്‍ ടൂറിസത്തിന്റെ ഭാഗമായി കുമരകം ആലപ്പുഴ മേഖലയിലായി 1,200 ഹൗസ് ബോട്ടുകള്‍, 700 ശിക്കാര മോട്ടോര്‍ ബോട്ടുകളുമാണുള്ളത്. അയ്യായിരത്തിലേറെ പേര്‍ നേരിട്ടും 20,000ലേറെ പേര്‍ പരോക്ഷമായും ഉപജീവനത്തിനായി ആശ്രയിച്ചിരുന്ന മേഖലയാണ് കൊവിഡിനെ തുടര്‍ന്ന് താളംതെറ്റിയത്.
നിപ, പ്രളയം എന്നിവയില്‍പെട്ട് മൂന്നുവര്‍ഷങ്ങളായി വലിയ പ്രതിസന്ധിയിലൂടെ കടന്നുപോയ ഹൗസ്‌ബോട്ട് മേഖല കൊവിഡ് എത്തിയതോടെയാണ് പൂര്‍ണമായും നിശ്ചലമായത്.
ഒന്നാം തരംഗത്തിനു ശേഷം ഇളവുകള്‍ വന്നതോടെ ലക്ഷങ്ങള്‍ മുടക്കി അറ്റകുറ്റപ്പണി നടത്തി ഇറക്കിയെങ്കിലും രണ്ടാം തരംഗം പൂര്‍ണമായും വഴിമുടക്കി. 25 ലക്ഷം മുതല്‍ ഒരുകോടി രൂപ വരെ വിലമതിക്കുന്ന പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ഒഴുകുന്ന കൊട്ടാരങ്ങള്‍ പോലെയുള്ള ഹൗസ്‌ബോട്ടുകള്‍ മാസങ്ങളായി വെള്ളത്തില്‍ കിടന്ന് തുരുമ്പെടുക്കുകയാണ്. ആലപ്പുഴയില്‍ മാത്രം ഇത്തരത്തില്‍ നൂറുകണക്കിനു ഹൗസ്‌ബോട്ടുകളാണ് നിശ്ചലമായി കിടക്കുന്നത്. ബാങ്ക് വായ്പയെടുത്താണ് പലരും ഹൗസ്‌ബോട്ടുകള്‍ വാങ്ങിയത്. ഇനി അറ്റകുറ്റപ്പണികള്‍ നടത്താന്‍ മാത്രം ലക്ഷങ്ങള്‍ വേണം.ലൈസന്‍സ് പുതുക്കലിന് 5,000 രൂപയും മൂന്നു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഡ്രൈഡോക്കിങ് (അറ്റകുറ്റപ്പണികള്‍ക്കായി കരയ്ക്കുകയറ്റി നടത്തുന്ന പരിശോധന) സര്‍വേയ്ക്ക് വന്‍തുകയും ആവശ്യമാണെന്നതും ഉടമകളെ പ്രതിസന്ധിയിലാക്കുന്നു. ബോട്ടുകളുടെ മുറികളുടെ വ്യത്യാസത്തിന് അനുസൃതമായി ഡ്രൈഡോക്കിങ്ങിന് നാലു ലക്ഷം രൂപ മുതല്‍ ഏഴുലക്ഷം രൂപ വരെ ഉടമകള്‍ക്ക് ചെലവാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."