നായ്ക്കൾ പെരുകിയതിൽ ഉത്തരവാദിയാര്?
പൊതുജനാരോഗ്യ വെല്ലുവിളികളിൽ പ്രധാനപ്പെട്ടതാണ് പേവിഷബാധ(റാബിസ്). രോഗലക്ഷണം പ്രകടിപ്പിച്ചാൽ ജന്തുക്കളിലും മനുഷ്യരിലും മരണം ഉറപ്പാണെന്നാണ് റാബിസ് വൈറസ് ബാധയുടെ ഭീഷണി. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ പേവിഷബാധയേറ്റ് മരിക്കുന്ന രാജ്യമാണ് ഇന്ത്യ. ഒരു വർഷം 25,000-30,000 പേരെങ്കിലും പേവിഷബാധയാൽ ഇന്ത്യയിൽ മരിക്കുന്നുവെന്നാണ് കണക്ക്. ലോകാരോഗ്യ സംഘടനയുടെ പട്ടികയിലും പേവിഷബാധയെ ഇല്ലായ്മചെയ്യാനുള്ള പദ്ധതികൾ വിരളമാണ്. യു.എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഇന്ത്യയെ പേവിഷബാധയേൽക്കുന്ന രാജ്യങ്ങളുടെ ഹൈ റിസ്‌ക് കാറ്റഗറിയിലാണ് ഉൾപ്പെടുത്തിയത്. ഇന്ത്യയിൽ 3.5 മുതൽ 4 കോടി വരെ തെരുവുനായ്ക്കൾ ഉണ്ടെന്നാണ് കണക്ക്. 2014ലെ ഡോഗ് സെൻസസ് അനുസരിച്ച് മുംബൈയിൽ 95,172 തെരുവുനായ്ക്കളെ കണ്ടെത്തിയിരുന്നു. പിന്നീട് സെൻസസ് നടന്നില്ല. ഇപ്പോൾ അവയുടെ എണ്ണം 2.5 ലക്ഷമായി ഉയർന്നുവെന്നാണ് അനുമാനം. ഇതോടെ പട്ടികടിക്കുന്ന കേസുകളും കൂടി. കേന്ദ്ര മൃഗസംരക്ഷണ വകുപ്പിനു കീഴിലുള്ള മൃഗക്ഷേമ ബോർഡ് (എ.ഡബ്ല്യു.ബി.ഐ) രാജ്യത്തെ റാബിസ് കേസുകൾ കുറയ്ക്കാനുള്ള നിർദേശം കഴിഞ്ഞ വർഷം സർക്കാരിനു മുന്നിൽവച്ചിരുന്നു. ഇപ്പോൾ സുപ്രിംകോടതി ഇടപെട്ടതോടെയാണ് വിഷയം വീണ്ടും ചർച്ചയാകുന്നത്. വളർത്തുമൃഗങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങൾ ലൈസൻസ് നൽകുക, ഇവയെ ശാസ്ത്രീയമായി പരിചരിക്കുകയും വാക്‌സിനേഷൻ നൽകുകയും ചെയ്യുക, ജനന നിരക്ക് കുറയ്ക്കാൻ വന്ധ്യംകരണം ചെയ്യുക തുടങ്ങിയവയായിരുന്നു നിർദേശങ്ങൾ. തെരുവുനായ്ക്കളെ വന്ധ്യംകരിക്കുകയും ആന്റി റാബിസ് വാക്‌സിൻ നൽകുകയും ചെയ്യുക എന്നതാണ് റാബിസിനെ ചെറുക്കാൻ ശാസ്ത്രീയമായ രീതി. 70 ശതമാനം തെരുവുനായ്ക്കളെയും വന്ധ്യംകരിച്ചാലേ പ്രതീക്ഷിച്ച ഫലം ലഭിക്കൂവെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. തെരുവുനായ്ക്കളെ പൂർണമായും നിർമാർജനം ചെയ്യുകയെന്നത് ശരിയല്ലെന്ന് 2019ൽ സുപ്രിംകോടതി നിരീക്ഷിച്ചിരുന്നു. മനുഷ്യർക്ക് നായ്ക്കൾ ഭീഷണിയാകാനും പാടില്ല, മൃഗങ്ങളുടെ ജീവിക്കാനുള്ള അവകാശം ഹനിക്കാനും പാടില്ല എന്ന നിലപാടാണ് കോടതികൾ പലപ്പോഴായി സ്വീകരിച്ചത്.
നിയമങ്ങൾ വില്ലനാകുമോ?
2001ലെ ആനിമൽ ബർത്ത് കൺട്രോൾ (ഡോഗ്) ചട്ടപ്രകാരം നായ്ക്കളെ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് നാടുകടത്തുന്നത് നിരോധിക്കപ്പെട്ടിട്ടുണ്ട്. നായ്ക്കളെ പിടികൂടി കാട്ടിലും മറ്റും കൊണ്ടിടുന്നത് തടയാനാണിത്. വളർത്തുനായയാണെങ്കിൽ അതിന്റെ സംരക്ഷണം, വാക്‌സിനേഷൻ ഉൾപ്പെടെ ചുമതല ഉടമസ്ഥനാണ്. മൃഗസംരക്ഷണ നിയമങ്ങൾ ഉള്ളതിനാലും നായ്ക്കളുടെ പ്രജനനം പോലുള്ളവ നിയന്ത്രിക്കേണ്ട പ്രാദേശിക ഭരണകൂടം ആ പ്രവൃത്തി നിർവഹിക്കാത്തതുമാണ് ഇപ്പോൾ നേരിടുന്ന പ്രശ്‌നത്തിന് കാരണം. നായ്ക്കൾ അനിയന്ത്രിതമായി പെറ്റുപെരുകുന്നത് തടയാനാണ് 70 ശതമാനം തെരുവുനായ്ക്കളെയെങ്കിലും വന്ധ്യംകരിക്കണമെന്ന് പറയുന്നത്. ഇതിൻ്റെ ഉത്തരവാദിത്വം തദ്ദേശസ്ഥാപനങ്ങൾക്കാണ്. ഇതോടൊപ്പം തെരുവുനായ്ക്കൾക്കും വാക്‌സിനേഷൻ നൽകണം. ഇതൊന്നും ചെയ്യാത്തതാണ് പേവിഷബാധ വർധിക്കാൻ കാരണം.
രാജ്യത്തെ ആദ്യ റാബിസ് ഫ്രീ സംസ്ഥാനമാണ് ഗോവ. ബ്രിട്ടനിലെ ക്രാൻബോൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര മൃഗക്ഷേമ സംഘടനയായ മിഷൻ റാബിസ് ആണ് ഗോവയെ റാബിസ് ഫ്രീയാക്കാൻ സഹായിച്ചത്. 2013ലാണ് ഈ എൻ.ജി.ഒ പ്രവർത്തനം ആരംഭിച്ചത്. ഇന്ത്യൻ വെറ്ററനറി അസോസിയേഷന്റെ കേരള ഘടകം ഇവരുമായി ബന്ധപ്പെട്ടതായാണ് വിവരം.
ആർക്കാണ് ഉത്തരവാദിത്വം?
തിങ്കളാഴ്ച വരെ കേരളത്തിൽ 20 പേരാണ് പേവിഷബാധയേറ്റ് മരിച്ചത്. 95,000 നായ്ക്കളുടെ കടിയേറ്റ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. കേരളത്തിൽ മൃഗസംരക്ഷണ വകുപ്പിന്റെ കണക്കനുസരിച്ച് 2.8 ലക്ഷം തെരുവുനായ്ക്കളുണ്ട്. എ.ബി.സി എന്നറിയപ്പെടുന്ന മൃഗപ്രജനന നിയന്ത്രണം പാളിയതാണു പ്രധാന കാരണം. ബന്ധപ്പെട്ട വകുപ്പുകളാണ് ഇതിലെ പ്രതികൾ. വീഴ്ച തുടങ്ങുന്നത് ഇവിടെനിന്നാണ്. കേരളത്തിൽ തെരുവിൽ കണ്ടുവരുന്നത് കാനിൻ എന്നറിയപ്പെടുന്ന നായവർഗങ്ങളാണ്. കൂർത്ത നീളംകൂടിയ പല്ലുകളാണ് ഇവയ്ക്കുള്ളത്. 12 മുതൽ 14 മണിക്കൂർ വരെ കിടന്നുറങ്ങുന്ന ഇവയ്ക്ക് 10 മുതൽ 13 വർഷം വരെ ആയുസുണ്ട്. 48 കി.മീ വേഗത്തിൽ ഓടാനാകും. ഗർഭധാരണം നടന്നാൽ 58 മുതൽ 68 ദിവസം കൊണ്ട് പ്രസവിക്കും. ചിക്കൻ, ബീഫ് തുടങ്ങിയ ആനിമൽ പ്രോട്ടീനുകൾ കഴിക്കുന്ന നായ കരുത്തനായി വളരുമെന്ന് അന്താരാഷ്ട്ര മൃഗ ഗവേഷണ പ്രബന്ധങ്ങൾ പറയുന്നു. ഒരിക്കലും പാതി വേവിച്ചതോ വേവിക്കാത്തതോ ആയ ഇറച്ചി നായകൾക്ക് നൽകരുതെന്നും ഇവർ അടിവരയിടുന്നു. നായകളെ അപകടകാരികളാക്കുകയും ആക്രമണ സ്വഭാവം വർധിപ്പിക്കുകയും ചെയ്യുന്നതിലാണിത്. കേരളത്തിൽ നായകൾക്ക് ഭക്ഷണം നൽകുന്ന പലരും ഇതറിയാതെ കോഴിക്കടകളിൽ നിന്നുള്ള മാലിന്യങ്ങൾ തെരുവുനായകൾക്ക് നൽകാറുണ്ട്. രക്തത്തിന്റെ രുചിയറിയുന്ന നായ്ക്കൾ പിന്നീട് ആക്രമണകാരികളായി മാറുമെന്ന യാഥാർഥ്യം ഇവർ അറിയാതെ പോകുകയാണ്.
കടിയേറ്റാൽ ചെയ്യേണ്ടത്
റാബിസ് ഒരു വൈറസ് രോഗമാണ്. കേന്ദ്ര നാഡീവ്യവസ്ഥയെയാണ് ഇതു ബാധിക്കുക. മസ്തിഷ്‌കത്തിൽ നീർക്കെട്ടും വീക്കവും ഉണ്ടാക്കുകയും രോഗിയെ മരണത്തിലേക്ക് നയിക്കുകയും ചെയ്യും. വൈറസ് വാഹകരായ നായ്ക്കളുടെയോ മൃഗങ്ങളുടെയോ ഉമിനീരിൽ നിന്നാണ് വൈറസ് പ്രധാനമായും മനുഷ്യരിലേക്കും മറ്റു മൃഗങ്ങളിലേക്കും പടരുന്നത്. മുറിവുകളിൽ ഉമിനീർ പടർന്നാണ് ശരീരത്തിലെത്തുക. അതിനാൽ, നായയോ മറ്റോ മുറിവുള്ള ഭാഗത്തു നക്കിയാലും വൈറസ് പടരാൻ സാധ്യതയുണ്ട്. വായുവിലൂടെയോ മറ്റോ ഈ വൈറസ് പടരാറില്ല. സസ്തനികളായ ചുടുള്ള രക്തം ഒഴുകുന്ന എല്ലാ മൃഗങ്ങളിലും റാബിസ് പടരുന്നതായായി കണ്ടെത്തിയിട്ടുണ്ട്.
ഒരിക്കൽ രോഗലക്ഷണം വന്നാൽ രോഗിയെ രക്ഷപ്പെടുത്താൻ കഴിയാറില്ല. പക്ഷേ, പട്ടികടിച്ച ഉടനെ നൽകുന്ന പ്രഥമശ്രുശ്രൂഷയിലൂടെ രോഗം പടരാനുള്ള സാധ്യത 90 ശതമാനം വരെ തടയാനാകും. കടിയേറ്റ ഉടനെ മുറിവ് 15 മിനുട്ടു നേരം സോപ്പുകൊണ്ടോ 70 ശതമാനത്തിനു മുകളിൽ വീര്യമുള്ള ആൽക്കഹോൾ കൊണ്ടോ കഴുകിയാൽ വൈറസ് പെട്ടെന്ന് നശിക്കും. സോപ്പ് ഉപയോഗിച്ച് ഒഴുകുന്ന വെള്ളത്തിൽ കഴുകുകയെന്നതാണ് പ്രധാനം. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഉടനെ ആശുപത്രിയിൽ ചികിത്സ തേടണം. 10 ദിവസം മുതൽ ഒരു വർഷം വരെ വൈറസ് ഇൻകുബേഷൻ പീരിയേഡായി ശരീരത്തിൽ തുടരാം. മസ്തിഷ്‌കത്തിനോട് ചേർന്നുള്ള ഭാഗമായ മുഖത്തോ മറ്റോ കടിയേറ്റാൽ വേഗത്തിൽ വൈറസ് മസ്തിഷ്‌കത്തിലെത്തും. സാധാരണ 7 ദിവസം കൊണ്ട് മരണം സംഭവിക്കാറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."