പി.എസ്.സി അംഗത്വ കോഴ: ഐ.എന്‍.എല്‍ നേതാക്കളെ മുഖ്യമന്ത്രി വിളിപ്പിച്ചു, ബുധനാഴ്ച തിരുവനന്തപുരത്ത് എത്താന്‍ നിര്‍ദേശം
തിരുവനന്തപുരം:പി.എസ്.സി അംഗത്വപദവി കോഴ ആരോപണത്തില്‍ ഐ.എന്‍.എല്‍ നേതാക്കളില്‍ നിന്ന് വിശദീകരണം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍. ഐ.എല്‍.എല്‍ നേതാക്കളെ മുഖ്യമന്ത്രി വിളിപ്പിച്ചു. ബുധനാഴ്ച തിരുവനന്തപുരത്ത് എത്തി കാണാനാണ് ഐഎൻഎൽ പ്രസിഡന്‍റിനോടും ജനറൽ സെക്രട്ടറിയോടും നിർദ്ദേശം നൽകിയിരിക്കുന്നത്.
ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം ഇ സി മുഹമ്മദാണ് നേതൃത്വം കോഴവാങ്ങിയതായി ആരോപണമുന്നയിച്ചത്. പാര്‍ട്ടിയില്‍ വിഭാഗീയത ശക്തമായതിന് പിന്നാലെയാണ് കോഴയാരോപണം. പാര്‍ട്ടിക്ക് വരുമാനമുണ്ടാക്കുന്ന തസ്തികയായി ഇതിനെ മാറ്റാന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും സംഘവും തീരുമാനിച്ചതായും ഇസി മുഹമ്മദ് പറഞ്ഞു.
പാര്‍ട്ടിയില്‍ വിഭാഗീയത രൂക്ഷമാകുന്നതിനിടെയാണ് പുതിയ കോഴ ആരോപണം പുറത്തുവരുന്നത്. അബ്ദുല്‍ സമദിനെ പി.എസ്.സി അംഗമാക്കാന്‍ നോമിനേറ്റ് ചെയ്തത് കോഴ വാങ്ങിയാണെന്നാണ് ആരോപണം. ഐ.എന്‍.എല്‍ സെക്രട്ടേറിയറ്റ് യോഗത്തിലാണ് കോഴ വാങ്ങാന്‍ തീരുമാനിച്ചതെന്ന് ഇ.സി മുഹമ്മദ് ആരോപിച്ചു.
താനടക്കം മൂന്നുപേര്‍ മാത്രമാണ് സെക്രട്ടേറിയറ്റില്‍ തീരുമാനത്തെ എതിര്‍ത്തത്. ആദ്യ ഗഡുവായി 20 ലക്ഷം വാങ്ങി. ശേഷമുള്ള 20 ലക്ഷം ശമ്പളം കിട്ടുന്ന മുറയ്ക്ക് വാങ്ങാന്‍ ധാരണയാകുകയും ചെയ്തു. കോഴ വാങ്ങുന്നത് കേസാകാതിരിക്കാന്‍ മിനുട്‌സില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം പിഎസ്.സി അംഗ പദവി 40 ലക്ഷം രൂപക്ക് വിറ്റെന്ന ആരോപണം നിഷേധിച്ച് ഐ.എന്‍.എല്‍. ആരോപണം പച്ചക്കള്ളമാണ്. ഇതിനുപിന്നില്‍ മുസ്ലിം ലീഗ് ആണ്. ലീഗ് സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഇ.സി മുഹമ്മദ് ആരോപണമുന്നയിച്ചതെന്നും ഐ.എന്‍.എല്‍ ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."