200 കോടിയുടെ ഹെറോയിനുമായി പാക് ബോട്ട് ഗുജറാത്ത് തീരത്ത് പിടിയിൽ, ഗുജറാത്ത് തീരത്ത് മയക്കുമരുന്ന് ബോട്ടുകൾ പിടികൂടുന്നത് പതിവാകുന്നു
അഹമ്മദാബാദ് • 200 കോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായി പാകിസ്താനി ബോട്ട് പിടികൂടി. ഗുജറാത്തിലെ ജഗാവു തീരത്തുനിന്ന് 33 നോട്ടിക്കൽ മൈൽ അകലെവച്ച് തീരരക്ഷാസേനയും ഗുജറാത്ത് തീവ്രവാദവിരുദ്ധ സ്ക്വാഡും ചേർന്നാണ് ബോട്ട് പിടികൂടിയത്. 'അൽ തയ്യാസ' എന്ന പേരിലുള്ള ബോട്ടിൽനിന്ന് 40 കിലോ ഹെറോയിൻ കണ്ടെടുത്തു. ഇതിന് ഏകദേശം 200 കോടിയോളം രൂപ വിലവരും.
ആറുപേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരെയും പിടികൂടിയ ബോട്ടും കൂടുതൽ അന്വേഷണത്തിനായി ജഗാവു തീരത്ത് എത്തിച്ചു. തീരരക്ഷാസേനയുടെ രണ്ട് അതിവേഗ ബോട്ടുകൾ ഉപയോഗിച്ചായിരുന്നു ഓപറേഷൻ. ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് ബോട്ട് തടഞ്ഞ് ലഹരി പിടികൂടിയതെന്ന് ലഹരിവിരുദ്ധ സ്ക്വാഡിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. ഗുജറാത്ത് തീരത്ത് ഹെറോയിൻ ഇറക്കിയ ശേഷം റോഡ് മാർഗം പഞ്ചാബിലേക്ക് കൊണ്ടുപോകാനായിരുന്നു പദ്ധതിയെന്ന് ബോട്ടിലുണ്ടായിരുന്നവർ മൊഴിനൽകി.
ഇതിന് മുമ്പും ഗുജറാത്തിൽ നിന്ന് വൻതോതിൽ മയക്കുമരുന്ന് പിടിച്ചെടുത്തിട്ടുണ്ട്. ശതകോടീശ്വരൻ ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള തുറമുഖത്ത് നിന്നുൾപ്പെടെ മയക്കുമരുന്ന് പിടിച്ചെടുത്തതും വിവാദമായിരുന്നു.
കഴിഞ്ഞമാസം ഗുജറാത്തിലെ കച്ചിൽ രണ്ട് പാകിസ്താനി ബോട്ടുകൾ ബി.എസ്.എഫ് പിടികൂടിയിരുന്നു. കഴിഞ്ഞവർഷം ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് എത്തിച്ച 2,988 കിലോ ഹെറോയിനും പിടിച്ചെടുക്കുകയുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."