രണ്ടാം ഭാര്യയെ തീവച്ചുകൊന്ന് ചിതാഭസ്മം കടലിൽ ഒഴുക്കി; ശിവസേന നേതാവ് അറസ്റ്റിൽ
മുംബൈ • രണ്ടാം ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന് ചിതാഭസ്മം കടലിൽ ഒഴുക്കിയ ശിവസേന നേതാവ് ഭായ് സാവന്ത് എന്ന സുകാന്ത് സാവന്ത് (47) അറസ്റ്റിൽ. രത്നഗിരി പഞ്ചായത്ത് സമിതി മുൻ പ്രസിഡന്റ് കൂടിയായ സ്വപ്നാലിയെ (35) കുടുംബവഴക്കിനൊടുവിൽ കഴിഞ്ഞമാസം 31നാണ് കൊന്നത്. സുഹൃത്തുക്കളുടെ സഹായത്തോടെ ചിതാഭസ്മം കടലിൽ ഒഴുക്കുകയായിരുന്നു.
കൊലപാതകത്തിന് ശേഷം ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി സുകാന്ത് പൊലിസിനെ സമീപിച്ചു. മകളുടെ തിരോധാനത്തിൽ സുകാന്തിന് പങ്കുണ്ടെന്ന ആരോപണവുമായി മാതാവ് സംഗീത ഷിർക്കെ രംഗത്തെത്തിയതോടെയാണ് വഴിത്തിരിവുണ്ടായത്. ചോദ്യംചെയ്യലിൽ ഭാര്യയെ തീയിട്ടുകൊന്നതും ചിതാഭസ്മം കടലിൽ ഒഴുക്കിയതും പ്രതി സമ്മതിക്കുകയായിരുന്നു. സഹായികളായ രൂപേഷ് (ഛോട്ടാ സാവന്ത്-43), പ്രമോദ് (പമ്യ ഗവനാങ്-33) എന്നിവരും അറസ്റ്റിലായി.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഈ മാസം 19 വരെ പൊലിസ് കസ്റ്റഡിയിൽ വിട്ടു. കൊലപാതകം, തെളിവ് നശിപ്പിക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."