എന്‍ഡോസള്‍ഫാന്‍: തത്തേങ്ങലത്ത് റീ സ്ക്രീനിങ് ടെസ്റ്റ് നടത്തണമെന്ന് മനുഷ്യാവകാശ കമ്മിഷൻ
ജംഷീർ പള്ളിക്കുളം
പാലക്കാട് • എൻഡോസൾഫാൻ വ്യാപകമായി തളിച്ചിരുന്ന മണ്ണാർക്കാട് തത്തേങ്ങലം മേഖലയിലെ ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തുന്നതിന് റീ സ്ക്രീനിങ് ടെസ്റ്റ് നടത്തി രണ്ടുമാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. 2015ൽ പഠനം നടത്തി ഏഴു വർഷത്തിനുശേഷം ജൂലൈ 31ന് ആരോഗ്യവകുപ്പ് പുറത്തുവിട്ട സ്ക്രീനിങ് ടെസ്റ്റ് റിപ്പോർട്ടിൽ 45 പേർക്ക് സെറിബ്രൽ പാൾസി ഉൾപ്പെടെ ജനിതകവൈകല്യങ്ങളും മറ്റു ഗുരുതര രോഗങ്ങളും കണ്ടെത്തിയിരുന്നു.
ആരോഗ്യവകുപ്പ് പൂഴ്ത്തിവച്ച റിപ്പോർട്ട് വളരെ വൈകിയാണ് പുറത്തു വന്നത്. അതിനാൽതന്നെ ദുരിതബാധിതർക്ക് സർക്കാരിൻ്റെ ഒരു സഹായവും ലഭിച്ചിട്ടില്ല. യാതന അനുഭവിക്കുന്ന പ്രദേശത്തെ ജനങ്ങൾക്ക് കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് അനുവദിച്ച സാമ്പത്തിക പാക്കേജുപോലുള്ള സർക്കാർ സഹായം ലഭ്യമാക്കണമെന്ന ജനകീയ ആവശ്യം മുൻനിർത്തി സുപ്രഭാതം റിപ്പോർട്ട് ചെയ്ത വാർത്തയുടെ അടിസ്ഥാനത്തിൽകൂടിയാണ് മനുഷ്യാവകാശ കമ്മിഷൻ്റെ ഇടപെടൽ.
തെങ്കര തത്തേങ്ങലം, ചിറപ്പാടം പ്രദേശങ്ങളിൽ 1985 മുതൽ 17 വർഷക്കാലം ഹെലിക്കോപ്റ്റർ ഉപയോഗിച്ച് കശുമാവ്, റബർ തോട്ടങ്ങളിൽ എൻഡോസൾഫാൻ തളിച്ചിരുന്നു. മേഖലയിലെ ആരോഗ്യ പ്രശ്നങ്ങൾ രൂക്ഷമായപ്പോളുണ്ടായ ജനകീയ ഇടപെടലിൻ്റെ അടിസ്ഥാനത്തിലാണ് 2015ൽ തൃശൂർ മെഡിക്കൽ കോളജിൽനിന്നുള്ള സംഘം പ്രദേശത്ത് സ്ക്രീനിങ് ടെസ്റ്റ് നടത്തുന്നത്.
എന്നാൽ ഇതിൻ്റെ ഫലം പുറത്തുവിട്ടിരുന്നില്ല. തുടർന്ന് വിവരാവകാശ പ്രവർത്തകനും കേരളശ്ശേരി പഞ്ചായത്ത് അംഗവുമായ പി. രാജീവ് മനുഷ്യാവകാശ കമ്മിഷനിൽ പരാതി നൽകിയതോടെയാണു റിപ്പോർട്ട് വെളിച്ചം കാണുന്നത്. അഞ്ചു വയസിനും 10 വയസിനുമിടയിൽ പ്രായമുള്ള കുട്ടികളിലാണു ഗുരുതര രോഗങ്ങൾ കണ്ടെത്തിയത്. ഒൻപതു പേർക്ക് സെറിബ്രൽ പാൾസി കണ്ടെത്തി. ഏറെപേർക്കും വളർച്ചാ വൈകല്യമുണ്ട്. കൈകാലുകൾ വളയൽ, ശ്വാസതടസം, അലർജി ഉൾപ്പെടെയുള്ള പ്രശ്നങ്ങളുമുണ്ട്.
എന്നാൽ റിപ്പോർട്ട് പുറത്തുവന്നപ്പോഴേക്കും രോഗബാധിതരായവരിൽ പലരും മരിച്ചിരുന്നു. തുടർന്നാണ് വീണ്ടും പ്രദേശത്ത് പഠനം നടത്തണമെന്ന ആവശ്യം ശക്തമാകുന്നത്. ആരോഗ്യപ്രശ്നങ്ങൾ എൻഡോസൾഫാൻ്റെ പാർശ്വഫലമാണെന്ന് ഉറപ്പിക്കണമെങ്കിൽ വിശദപഠനം ആവശ്യമാണ്. രോഗികൾക്ക് ചികിത്സയും മറ്റു സഹായങ്ങളും ഉറപ്പാക്കാനും കൃത്യമായ പഠനം അനിവാര്യമാണ്.
പ്രദേശത്തെ സന്നദ്ധരായ മുഴുവനാളുകളെയും ഉൾപ്പെടുത്തി പഠനം നടത്തി രണ്ട് മാസത്തിനകം റിപ്പോർട്ട് നൽകാനാണ് പാലക്കാട് ജില്ലാ കലക്ടറോട് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടത്.
200 പേരായിരുന്നു 2015ൽ സ്ക്രീനിങ് ടെസ്റ്റിൽ പങ്കെടുത്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."