സ്റ്റാന്‍ സ്വാമി: ഭരണകൂടം 'കൊലപ്പെടുത്തിയ' പോരാളി
എന്‍.കെ അബ്ബാസ്
രാഷ്ട്രീയത്തടവുകാരെയും ആദിവാസികളെയും വിചാരണ കൂടാതെ ദീര്‍ഘകാലം തടവിലിടുന്ന ജാര്‍ഖണ്ഡ് സര്‍ക്കാരിനെതിരേ ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹരജി നല്‍കി ഏറെക്കഴിയും മുന്‍പാണ് ഭീമാ കൊറെഗാവ് കേസില്‍ 84 കാരന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയെ എന്‍.ഐ.എ അറസ്റ്റ് ചെയ്യുന്നത്. പ്രായത്തിന്റെ അവശതകള്‍ പേറുന്ന സ്വാമി പിന്നീട് തന്റെ മോചനത്തിനായി നിരന്തരം കോടതിയെ സമീപിച്ചു. പാര്‍ക്കിന്‍സണ്‍സ് ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ ബാധിച്ച അദ്ദേഹത്തിന് ജയിലില്‍ ആരെയും തിരിച്ചറിയാന്‍ കഴിയാത്ത വിധം അവശത ബാധിച്ചിരുന്നു. ഭക്ഷണം കഴിക്കാന്‍ പോലും മറ്റൊരാളുടെ സഹായം വേണ്ടിയിരുന്നു. ഇതിനിടെ കൊവിഡും സ്ഥിരീകരിച്ചു. എന്നാല്‍, നിയമത്തിന്റെ കണ്ണു തുറക്കാന്‍ അതൊന്നും മതിയാകുമായിരുന്നില്ല. ഒടുവില്‍ ജാമ്യാപേക്ഷ പരിഗണിച്ചുകൊണ്ടിരിക്കെ നിയമത്തിന്റെ ദയയ്ക്ക് കാത്തുനില്‍ക്കാതെയാണ് സ്റ്റാന്‍ സ്വാമി യാത്രയാവുന്നത്.
റാഞ്ചിയില്‍നിന്ന് അറസ്റ്റിലായതു മുതല്‍ നവി മുംബൈ തലോജ ജയിലിലായിരുന്ന സ്റ്റാന്‍ സ്വാമിയെ കഴിഞ്ഞ മെയ് 28നു ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നു വൈദ്യസഹായവും ഇടക്കാല ജാമ്യവും തേടി നേരത്തേ സമര്‍പ്പിച്ച ഹരജിയില്‍ ചികിത്സയ്ക്കായി മുംബൈയിലെ സര്‍ക്കാര്‍ വക ജെ.ജെ ആശുപത്രിയിലേക്ക് മാറ്റാമെന്നു കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജെ.ജെ ആശുപത്രിയില്‍ പോകുന്നതിനേക്കാള്‍ ജയിലില്‍ കിടന്നു മരിക്കുകയാണ് നല്ലതെന്നായിരുന്നു സ്വാമിയുടെ പ്രതികരണം. സ്വാമിയെ ഇഷ്ടമുള്ള ആശുപത്രിയിലേക്ക് മാറ്റാമെന്ന് പിന്നീട് കോടതി സമ്മതിച്ചു.
തുടര്‍ന്നു ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയില്‍ 15 ദിവസത്തെ ചികിത്സയ്ക്ക് കൊണ്ടുപോകാന്‍ അനുമതി തേടി സ്വാമിയുടെ അഭിഭാഷകന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കാനിരിക്കെയാണ് കടുത്ത ശ്വാസ തടസത്തെയും ഓക്‌സിജന്‍ നിലയിലെ വ്യതിയാനത്തെയും തുടര്‍ന്ന് ശനിയാഴ്ച രാത്രി വൈകി അദ്ദേഹത്തെ വെന്റിലേറ്ററിലേക്കു മാറ്റിയത്. ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുന്‍പ് 2020 ഒക്ടോബര്‍ 23നും കഴിഞ്ഞ മാര്‍ച്ച് 22നും അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയും ജയിലില്‍ കൊവിഡ് ബാധിച്ചേക്കാമെന്നും പറഞ്ഞു നല്‍കിയ ആദ്യ അപേക്ഷയില്‍, മെഡിക്കല്‍ രേഖകള്‍ പഴയതാണെന്ന എന്‍.ഐ.എ അഭിഭാഷകന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ബോംബെ ഹൈക്കോടതി വീണ്ടും ജാമ്യാപേക്ഷ പരിഗണിക്കുന്നതിനു തൊട്ടുമുന്‍പാണ് അദ്ദേഹം വിടപറഞ്ഞത്.
ഡല്‍ഹി കലാപക്കേസ് പോലെ വലിയൊരു നുണയാണ് ഭീമാ കൊറെഗാവ് കേസെന്ന് അറിയാത്തവരായാരുമില്ല. ഭീമ കൊറേഗാവില്‍ 1818 ല്‍ നടന്ന യുദ്ധത്തില്‍ പേഷ്വകള്‍ക്കെതിരേ വിജയം നേടിയ ബ്രിട്ടിഷ് സൈന്യത്തില്‍ പ്രധാനമായുമുണ്ടായിരുന്നത് ദലിത് സമുദായത്തില്‍ നിന്നുള്ളവരായിരുന്നു. ഈ വിജയത്തിന്റെ 200ാം വാര്‍ഷികത്തിന്റെ സ്മരണ പുതുക്കാന്‍ 2018 ജനുവരി ഒന്നിന് ആയിരക്കണക്കിന് ദലിതര്‍ പൂനെക്കു സമീപം ഒത്തുകൂടി. എന്നാല്‍ സംഘ്പരിവാര്‍ ഇവരെ അക്രമിക്കുകയും വാഹനങ്ങള്‍ കത്തിക്കുകയും കലാപമുണ്ടാക്കുകയും ചെയ്തു. ദൃക്‌സാക്ഷികളുടെ മൊഴിയെത്തുടര്‍ന്ന് സംഘ്പരിവാര്‍ നേതാവ് മിലിന്ദ് ഏക്‌ബോതെ, സാംഭജി ഭിഡെ എന്നിവര്‍ക്കെതിരേ ജനുവരി രണ്ടിന് പിംപ്രി പൊലിസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. പിന്നീടാണ് കേസ് ആകെ മാറുന്നത്. ജനുവരി എട്ടിനു പൂനെ പൊലിസ് മറ്റൊരു എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. എല്‍ഗര്‍ പരിഷത്ത് എന്ന പേരില്‍ 2017 ഡിസംബര്‍ 31 ന് പൂനെയില്‍ നടത്തിയ സെമിനാറിനെത്തുടര്‍ന്നാണ് അക്രമം നടന്നതെന്ന് ആരോപിച്ചായിരുന്നു കേസ്. ഇതില്‍ പങ്കാളികളായവരും അല്ലാത്തവരുമായവരെയും കേസില്‍ക്കുടുക്കി. ഇതിലാണ് സ്റ്റാന്‍ സ്വാമിയും അറസ്റ്റിലാവുന്നത്. അറസ്റ്റിലായവരെല്ലാം രാജ്യത്തെ മുന്‍നിര മനുഷ്യാവകാശപ്രവര്‍ത്തകരായിരുന്നു. ജെസ്യൂട്ട് സഭാ വൈദികനായ ഫാ. സ്റ്റാന്‍ സ്വാമി ജാര്‍ഖണ്ഡ് കേന്ദ്രീകരിച്ച് ആദിവാസികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു വരികയായിരുന്നു അത്രയും കാലം. ഭൂമി, വനം, തൊഴില്‍ അവകാശങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ആദിവാസി പ്രശ്‌നങ്ങള്‍ കേന്ദ്രീകരിച്ച് മൂന്ന് പതിറ്റാണ്ടിലേറെയായി അദ്ദേഹം ജാര്‍ഖണ്ഡില്‍ പ്രവര്‍ത്തിക്കുന്നു. ആദിവാസി വിഭാഗങ്ങളുടെ സംരക്ഷണം, ക്ഷേമം, വികസനം എന്നിവയ്ക്കായി അവര്‍ ഉള്‍പ്പെടുന്ന ഗോത്ര ഉപദേശക സമിതി രൂപീകരിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഭരണഘടനയുടെ അഞ്ചാം പട്ടിക നടപ്പാക്കാത്തതിനെ സ്വാമി നിരന്തരം ചോദ്യം ചെയ്തു. നക്‌സലുകളെന്ന് മുദ്രകുത്തി ആയിരക്കണക്കിന് ആദിവാസികളെ അറസ്റ്റ് ചെയ്യുന്നതിനെ ചോദ്യം ചെയ്തു. അവരുടെ മോചനത്തിനായി പ്രവര്‍ത്തിച്ചു.
ഇത്തരത്തിലുള്ള വിചാരണത്തടവുകാരെ വ്യക്തിഗത ബോണ്ടിനുമേല്‍ മോചിപ്പിക്കണമെന്നും വിചാരണ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ട് സ്വാമി ജാര്‍ഖണ്ഡ് സര്‍ക്കാരിനെതിരേ ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കി. വിചാരണ പ്രക്രിയയിലെ കാലതാമസത്തിനുള്ള കാരണങ്ങള്‍ അന്വേഷിക്കാന്‍ ജുഡിഷ്യല്‍ കമ്മിഷനെ നിയമിക്കണമെന്നും ആവശ്യപ്പെട്ടു. നിലവിലെ ഇന്ത്യയില്‍ ഇതെല്ലാം ഒരാളെ ഭരണകൂടത്തിന്റെ ശത്രുവാക്കാന്‍ മതിയായ കാരണങ്ങളാണ്.
ലാന്‍ഡ് ബാങ്കുകള്‍ സ്ഥാപിക്കാനുള്ള ജാര്‍ഖണ്ഡ് സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ശക്തമായി നിലകൊണ്ടയാളായിരുന്നു സ്വാമി. ചെറുകിട, വന്‍കിട വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് ലാന്‍ഡ് ബാങ്കുകള്‍ സ്ഥാപിക്കാനുള്ള നീക്കം ആദിവാസി വിഭാഗങ്ങളെ തങ്ങളുടെ ഭൂമിയില്‍നിന്ന് പുറന്തള്ളുമെന്ന് അദ്ദേഹം വാദിച്ചു. അറസ്റ്റിന് തൊട്ടുമുമ്പ് സ്വാമിയെ നിരവധി തവണ എന്‍.ഐ.എ ചോദ്യം ചെയ്തിരുന്നു. മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ വസതിയില്‍ എന്‍.ഐ.എ പരിശോധനയും നടത്തി. മാവോയിസ്റ്റുകളുമായുള്ള ബന്ധം തെളിയിക്കാനായി അദ്ദേഹത്തിന്റെ കംപ്യൂട്ടറില്‍നിന്ന് എടുത്തതാണെന്ന് അവകാശപ്പെടുന്ന നിരവധി രേഖകള്‍ എന്‍.ഐ.എ ഉയര്‍ത്തിക്കാട്ടിയിരുന്നു. ഇവയെല്ലാം ഗൂഢമായി കെട്ടിച്ചമച്ച് എന്റെ കംപ്യൂട്ടറില്‍ ഉള്‍പ്പെടുത്തിയതാണെന്ന് സ്വാമി പറഞ്ഞു. തനിക്കു മാവോയിസ്റ്റ് ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ നിഷേധിച്ച അദ്ദേഹം താന്‍ ഒരിക്കലും ഭീമ കൊറേഗാവില്‍ പോയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.
കേസില്‍ അറസ്റ്റിലായ മലയാളി റോണ വില്‍സന്‍ അടക്കമുള്ളവരുടെ ലാപ്‌ടോപ്പില്‍ ഹാക്കര്‍മാര്‍ നുഴഞ്ഞുകയറി കൃത്രിമ രേഖകള്‍ സ്ഥാപിച്ചെന്ന് യു.എസിലെ ഫൊന്‍സിക് സ്ഥാപനം ഫെബ്രുവരിയില്‍ കണ്ടെത്തിയിരുന്നു. തന്റെ ലാപ്‌ടോപ്പില്‍ കൃത്രിമ രേഖകള്‍ തിരുകിക്കയറ്റിയതിനെക്കുറിച്ച് അറസ്റ്റിനു മുന്‍പു തന്നെ സ്റ്റാന്‍ സ്വാമി എന്‍.ഐ.എയോട് പരാതിപ്പെട്ടു. ചില കത്തുകളില്‍ പുതിയ വാചകങ്ങള്‍ ചേര്‍ത്തതായും മൂന്ന് തവണ സ്റ്റാന്‍ സ്വാമി മൊഴി നല്‍കി. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ എട്ടിന്, ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലെ വസതിയില്‍ നിന്നാണ് എന്‍.ഐ.എ സ്വാമിയെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ യു.എ.പി.എ ചുമത്തി. ഇതോടെ യു.എ.പി.എ പ്രകാരം അറസ്റ്റിലാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായി. പിന്നാലെ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ കാത്തുനില്‍ക്കാതെയാണ് സ്റ്റാന്‍ സ്വാമി മരണപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."