ശിവസേനയുമായി ചര്‍ച്ച നടക്കുന്നതായി ബി.ജെ.പി
മുംബൈ: എന്‍.ഡി.എ വിട്ട് മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനും എന്‍.സി.പിക്കുമൊപ്പം ഭരണം പങ്കിടുന്ന ശിവസേനയുമായി ചര്‍ച്ചകള്‍ നടത്തിവരുന്നതായി ബി.ജെ.പി. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ശിവസേന ഒരിക്കലും ബി.ജെ.പിയുടെ ശത്രുവല്ലെന്ന് ഫഡ്നാവിസ് പറഞ്ഞു. രണ്ടു പാര്‍ട്ടികളും വീണ്ടും ഒന്നിക്കുമോ എന്ന ചോദ്യത്തിന് സാഹചര്യം കണക്കിലെടുത്ത് ഉചിതമായ തീരുമാനമെടുക്കുമെന്നായിരുന്നു മറുപടി. അവര്‍ സുഹൃത്തുകളായിരുന്നു. ഞങ്ങള്‍ ഒന്നിച്ച് സര്‍ക്കാര്‍ രൂപീകരിച്ചു. ഞങ്ങളൊരിക്കലും ശത്രുക്കളല്ല. നേരത്തെ ആരുമായാണോ ഏറ്റുമുട്ടിയിരുന്നത്, അവരുമായി ശിവസേന സഖ്യംചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ ഞങ്ങളെ വിട്ടുപോയി. രാഷ്ട്രീയത്തില്‍ 'എങ്കിലുകള്‍' ഇല്ല. ഓരോ സാഹചര്യത്തിനനുസരിച്ചാണ് തീരുമാനമെടുക്കുക - അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുമായുള്ള ബന്ധം ഇന്ത്യയും പാകിസ്താനും പോലെയല്ലെന്നും മറിച്ച് നടന് ആമിര്‍ഖാനും സംവിധായിക കിരണ്‍ റാവുവുവും തമ്മിലുള്ള ദാമ്പത്യബന്ധം പോലെയാണെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. അവരെ നോക്കൂ. അതുപോലെയാണ് ഞങ്ങളുടെ ബന്ധം. രാഷ്ട്രീയവഴി വ്യത്യസ്തമായിരിക്കും. എന്നാല്‍ സൗഹൃദത്തെ അതു ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വിവാഹമോചനം നേടിയെങ്കിലും സുഹൃത്തുക്കളായി തുടരുമെന്ന് കഴിഞ്ഞദിവസം ആമിറും കിരണും വ്യക്തമാക്കിയിരുന്നു.
എന്‍.സി.പി നേതാക്കളെ ലക്ഷ്യംവച്ച് കേന്ദ്ര ഏജന്‍സികള്‍ നീക്കംനടത്തിവരുന്നതിടെ, മഹാരാഷ്ട്രയിലെ സഖ്യത്തെ ദുര്‍ബലപ്പെടുത്താന്‍ ബി.ജെ.പി കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന് ശിവസേനയും എന്‍.സി.പിയും ആരോപിച്ചതിനു പിന്നാലെയാണ് പുതിയ സംഭവവികാസങ്ങള്‍.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കഴിഞ്ഞമാസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതു സംസ്ഥാനത്തെ മഹാ വികാസ് അഘാടി സഖ്യത്തില്‍ അസ്വാരസ്യങ്ങള്‍ക്കിടയാക്കിയിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം നരേന്ദ്രമോദിയെ ശിവസേനാ നേതാക്കള്‍ പ്രശംസിക്കുകയും ചെയ്തു. ഇതിനിടെ കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്നുള്ള പ്രസ്താവനകള്‍ വിഷയം രൂക്ഷമാക്കുകയുമുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."