സെപ്റ്റംബര്‍ 11നു ശേഷം വിദേശസൈനികര്‍ അഫ്ഗാനില്‍ പാടില്ല അന്ത്യശാസനവുമായി താലിബാന്‍
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നിന്ന് യു.എസ്-നാറ്റോ സൈനികര്‍ പൂര്‍ണമായി പിന്‍വാങ്ങുമെന്നു ധാരണയായ സെപ്റ്റംബര്‍ 11നു ശേഷം രാജ്യത്ത് തുടരുന്ന വിദേശസൈനികരെ അധിനിവേശ സൈനികരായി കണക്കാക്കുമെന്ന് താലിബാന്‍. നിലവില്‍ 1,000 യു.എസ് സൈനികര്‍ കൂടി അഫ്ഗാനിലുണ്ട്. ഓഗസ്റ്റിനുള്ളില്‍ ഇവരെ കൂടി പിന്‍വലിക്കാനാണ് യു.എസ് നീക്കം.
ദോഹ ഉടമ്പടി പ്രകാരം സെപ്റ്റംബര്‍ 11ഓടെ വിദേശസേനകള്‍ അഫ്ഗാന്‍ വിടും. പകരം രാജ്യത്ത് തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് അല്‍ഖാഇദ പോലുള്ള തീവ്രവാദ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത് താലിബാന്‍ തടയും.
നിലവില്‍ രാജ്യത്തിന്റെ മൂന്നിലൊന്ന് ഭാഗം താലിബാന്റെ നിയന്ത്രണത്തിലാണ്. ഏകദേശം 400 ജില്ലകള്‍.
കഴിഞ്ഞദിവസം ദക്ഷിണ കാണ്ഡഹാര്‍ പ്രവിശ്യയിലെ ഒരുഭാഗം കൂടി താലിബാന്‍ സേന പിടിച്ചെടുത്തിട്ടുണ്ട്. സര്‍ക്കാര്‍ സേനയിലെ ആയിരക്കണക്കിന് പേരാണ് താലിബാന് അധികാരം കൈമാറി വിവിധ പ്രദേശങ്ങളില്‍ നിന്ന് പിന്മാറിക്കൊണ്ടിരിക്കുന്നത്.
അതേസമയം തലസ്ഥാനമായ കാബൂള്‍ പിടിച്ചടക്കുകയെന്നത് താലിബാന്റെ നയമല്ലെന്നും എന്നാല്‍ സെപ്റ്റംബര്‍ 11നു ശേഷം രാജ്യത്ത് തുടരുന്ന വിദേശ സൈനികര്‍ക്കെതിരേ പ്രതികരണമുണ്ടാകുമെന്നും താലിബാന്‍ നേതാവ് സുഹൈല്‍ ഷഹീന്‍ അറിയിച്ചു. എന്നാല്‍ വിദേശ എംബസികളെയോ നയതന്ത്രജ്ഞരെയോ എന്‍.ജി.ഒകളെയോ ആക്രമിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ താലിബാന്‍ ഭീഷണി പ്രതിരോധിക്കുന്നതിനായി അഫ്ഗാന്‍ സര്‍ക്കാര്‍ സൈന്യത്തിലെ കമാന്‍ഡോകളെ ബദാക്ഷന്‍ പ്രവിശ്യാ തലസ്ഥാനമായ ഫൈസാബാദില്‍ എത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."