കെ.ടി ജലീലിനെതിരായ വാർത്ത: മാധ്യമങ്ങൾക്ക് ഡൽഹി കോടതിയുടെ താക്കീത്
ന്യൂഡൽഹി • കശ്മിരുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ മുൻ മന്ത്രി കെ.ടി ജലീലിന്നെതിരെ കേസെടുക്കാൻ ഡൽഹി പൊലിസിനോട് കോടതി നിർദേശിച്ചുവെന്ന് തെറ്റായ വാർത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങൾക്ക് കോടതിയുടെ താക്കീത്. കോടതി നടപടികൾ റിപ്പോർട്ട് ചെയ്തതിൽ വന്ന ജാഗ്രതക്കുറവ് കോടതിയലക്ഷ്യമുൾപ്പടെയുള്ള കേസുകൾക്ക് കാരണമാകുമെന്ന് അഡീഷണൽ ചീഫ് മെട്രൊപൊളിറ്റൻ മജിസ്‌ട്രേറ്റ് ഹർജീത് സിങ് ജസ്പാൽ ഓർമിപ്പിച്ചു.
അഭിഭാഷകനായ ഹരജിക്കാരൻ അഡ്വ: ജി.എസ് മണി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മാധ്യമങ്ങൾ തെറ്റായി വാർത്ത നൽകിയത്. കേസെടുക്കാൻ കോടതി നിർദേശിച്ചിരുന്നില്ല. വിധി പറയാൻ കേസ്, കോടതി ഇന്നലത്തേക്ക് മാറ്റുക മാത്രമാണുണ്ടായത്. ഇന്നലെ കേസ് പരിഗണിച്ചപ്പോൾ ജലീലിന്റെ അഭിഭാഷകൻ തെറ്റായ വാർത്തയെക്കുറിച്ച് കോടതിയെ അറിയിച്ചു. തെറ്റായ വിവരം മാധ്യമങ്ങൾക്ക് നൽകിയതിന് അഡ്വ: ജി.എസ് മണി കോടതി മുമ്പാകെ നിരുപാധികം മാപ്പ് പറയുകയും ചെയ്തു. വാർത്ത റിപ്പോർട്ടു ചെയ്യുന്നതിന് ഇന്നലെ കോടതിയിലെത്തിയ എല്ലാ മാധ്യമ പ്രവർത്തകരുടെയും വിവരങ്ങൾ കോടതി രേഖപ്പെടുത്തി.
ജലീലിന്നെതിരെ തെറ്റായ വാർത്ത പ്രസിദ്ധീകരിച്ച പത്രങ്ങളും ചാനലുകളും അത് തിരുത്തി ക്ഷമാപണം പ്രസിദ്ധപ്പെടുത്തി പതിനാറാം തിയ്യതിക്ക് മുന്പായി കോടതിയിൽ സമർപ്പിക്കണമെന്നും ജഡ്ജി ഉത്തരവിട്ടു. കേസ് 16ന് പരിഗണിക്കും.
കശ്മിർ പരാമർശവുമായി ബന്ധപ്പെട്ട് മുൻമന്ത്രി കെ.ടി ജലീലിന്നെതിരേ കേസെടുക്കാൻ ഡൽഹി കോടതി ഉത്തരവിട്ടുവെന്ന് സെപ്തംബർ 13ന് സുപ്രഭാതം പ്രസിദ്ധീകരിച്ച വാർത്തയിൽ പിഴവുണ്ടായിട്ടുണ്ട്. കേസ് മാറ്റിവെക്കുകയാണ് കോടതി ചെയ്തത്. ബോധ പൂർവകമല്ലാതെ ഇങ്ങനയൊരു തെറ്റുപറ്റിയതിൽ നിർവ്യാജം ഖേദിക്കുന്നു
– എഡിറ്റർ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."