ആറു വയസുകാരിയെ കൊലപ്പെടുത്തിയത് പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കിയിട്ട്, പ്രതി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍
സ്വന്തം ലേഖകന്‍
തൊടുപുഴ: വണ്ടിപ്പെരിയാര്‍ ചൂരക്കുളം എസ്റ്റേറ്റ് ലയത്തില്‍ ആറു വയസുകാരിയെ കൊലപ്പെടുത്തിയത് പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കിയിട്ടാണെന്ന് പൊലിസ്. സംഭവവുമായി ബന്ധപ്പെട്ട് ചുരക്കുളം എസ്റ്റേറ്റ് ലയത്തിലെ അര്‍ജു(22)നെ ഞായറാഴ്ച രാത്രി പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
അബദ്ധത്തില്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങി മരണം സംഭവിച്ചതാണെന്ന് ആദ്യം കരുതിയ കേസില്‍ പൊലിസിന്റെ കൃത്യമായ അന്വേഷണത്തിലൂടെ പുറത്തുവന്നത് കേരള മനസ്സാക്ഷിയെ ഞെട്ടിക്കുന്ന കൊടുംക്രൂരതയുടെ വിവരങ്ങളാണ്. കഴിഞ്ഞ 30നാണ് കുട്ടിയെ ഷാള്‍ കഴുത്തില്‍ കുരുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അടുക്കളഭാഗത്ത് പഴക്കുല തൂക്കാന്‍ ഉപയോഗിച്ചിരുന്ന കയറിന്റെ അറ്റത്തുള്ള ഹൂക്ക് പോലുള്ള പ്ലാസ്റ്റിക് വള്ളിയില്‍ ഷാള്‍ കെട്ടിയാണ് കുട്ടിയെ തൂക്കിയത്. പീഡനത്തിനിടെ ബോധരഹിതയായ കുട്ടി മരിച്ചെന്ന ധാരണയിലാണ് കെട്ടിത്തൂക്കിയത്.
പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുട്ടി ക്രൂരമായ പീഡനത്തിനിരയായെന്ന് തെളിയുകയായിരുന്നു. ഇതോടെയാണ് അന്വേഷണം അയല്‍വാസികളിലേക്കു നീങ്ങിയത്. സമീപത്തു തന്നെ താമസിക്കുന്ന ബന്ധുക്കളെയടക്കം നിരവധി പേരെ ചോദ്യം ചെയ്തതില്‍നിന്നാണ് അര്‍ജുനിലേക്ക് എത്തിച്ചേരുന്നത്. അറസ്റ്റിലായ അര്‍ജുന്‍ നാളുകളായി കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തു വരികയായിരുന്നെന്ന് മൊഴി നല്‍കിയിട്ടുണ്ട്.
കൊലപാതകം, പോക്‌സോ, പീഡനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അര്‍ജുനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനും സി.പി.എം റെഡ് വളന്റിയറുമാണ്. പീരുമേട് ഡിവൈ.എസ്.പി സനില്‍കുമാര്‍ സി.ജി, വണ്ടിപെരിയാര്‍ സി.ഐ ടി.ഡി സുനില്‍കുമാര്‍, എസ്.ഐ ഇ.പി ജോയി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി ദിവസങ്ങള്‍ക്കുള്ളില്‍ പ്രതിയെ അറസ്റ്റ് ചെയ്തത്.
അതേ സമയം നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിനിടെ പ്രതിയെ കനത്ത പൊലിസ് വലയത്തില്‍ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. കൊലനടത്തിയതടക്കമുള്ള കാര്യങ്ങള്‍ പ്രതി പൊലിസിനോടു വ്യക്തമാക്കി. വൈകീട്ടോടെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കേസില്‍ കൂടുതല്‍ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനുള്ള തയാറെടുപ്പിലാണ് വണ്ടിപ്പെരിയാര്‍ പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."