ലോക്ഡൗൺ 40 ദിവസം; പട്ടിണിയില്‍ സിന്‍ജിയാങ്
ബെയ്ജിങ് • ഭക്ഷ്യസാധനങ്ങള്‍ ലഭിക്കാതെ പരക്കംപായുന്ന ജനത, പട്ടിണിമൂലം നിലവിളിക്കുന്ന കുഞ്ഞുങ്ങള്‍, ഒഴിഞ്ഞ ഫ്രിഡ്ജുകള്‍. കൊവിഡ് ഭീതി മൂലം 40 ദിവസമായി ലോക്ഡൗണ്‍ തുടരുന്ന ചൈനയിലെ സിന്‍ജിയാങ് നഗരത്തില്‍ നിന്നുള്ള കാഴ്ചകളാണിത്. ടിക് ടോക്, ട്വിറ്റര്‍ തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രദേശവാസികള്‍ ലോക്ഡൗണിന്റെ ദുരന്തകാഴ്ച പുറംലോകത്തെ അറിയിച്ചത്.
വിഡിയോകള്‍ ചൈനീസ് ഭരണകൂടം നീക്കുണ്ടെങ്കിലും വീണ്ടും പോസ്റ്റുകൾ വരുന്നുണ്ട്. കിംവദന്തി പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് നിരവധി പേരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗുല്‍ജ ഗ്രാമത്തില്‍ പട്ടിണികാരണം പ്രതിഷേധിച്ചതിന് കഴിഞ്ഞ തിങ്കളാഴ്ച 600ലധികം പേരെയാണ് അറസ്റ്റ് ചെയ്തത്. പ്രതിഷേധക്കാരില്‍ ചിലര്‍ മരണമടഞ്ഞു.
കണ്ണീരോടെയാണ് പലരും ലോക്ഡൗണ്‍ അനുഭവങ്ങള്‍ പങ്കുവച്ചത്. ചൈനയുടെ പടിഞ്ഞാറെ അറ്റത്തുള്ള നഗരമാണ് സിന്‍ജിയാങ്. ഇവിടെ ഗുല്‍ജ എന്ന പ്രദേശത്തെ ജനങ്ങള്‍ കാലിയായ റഫ്രിജറേറ്ററുകളുടെയും വിശന്നുകരയുന്ന കുട്ടികളുടെയും വിഡിയോ പങ്കുവച്ചു. കഴിഞ്ഞ ഒാഗസ്റ്റ് ആദ്യവാരത്തിലാണ് ഇവിടെ ലോക്ഡൗണ്‍ ആരംഭിച്ചത്. സീറോ കോവിഡ് പോളിസിയുടെ ഭാഗമായി രാജ്യത്ത് കടുത്ത നിയന്ത്രണം തുടരുകയാണ്. രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങള്‍ സമ്പൂര്‍ണമായി അടച്ചിടുന്നുണ്ട്. വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നതിനുള്ള നിയന്ത്രണത്തിനു പുറമേ തുടര്‍ച്ചയായ പരിശോധനകള്‍ക്കും വിധേയരാവണം.
ഭക്ഷണസാധനങ്ങള്‍ എത്തിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും ഒന്നും പര്യാപ്തമാവുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.
ഉയ്ഗൂര്‍ മുസ്‌ലിംകള്‍ കൂടുതലുള്ള ഗുല്‍ജ പ്രദേശത്തെ ജനങ്ങളെ ചൈനീസ് ഭരണകൂടം വിവേചനപരമായ കടുത്ത നടപടികളിലൂടെ പീഡിപ്പിക്കുകയാണെന്ന ആരോപണവും ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."