ഇത് ഇന്ത്യയാണ്, ഹിന്ദ്യയല്ല; അമിത്ഷായ്ക്ക് സ്റ്റാലിൻ്റെ ഒാർമപ്പെടുത്തൽ, ഹിന്ദി പ്രാദേശിക ഭാഷയ്ക്ക് എതിരല്ലെന്ന് ഷാ
അഹമ്മദാബാദ് /ചെന്നൈ • ഹിന്ദി ഭാഷ പ്രചാരണത്തിനിറങ്ങിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്‌ക്കെതിരേ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഇത് ഇന്ത്യയാണെന്നും 'ഹിന്ദ്യ'യല്ലെന്നും ഷായെ ഓർമിപ്പിച്ച സ്റ്റാലിൻ, ഇന്ത്യയെ 'ഹിന്ദ്യ'യാക്കാനുള്ള ശ്രമങ്ങൾ ബി.ജെ.പി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
ഇന്ത്യയിലെ 22 ഭാഷകളെയും ഔദ്യോഗിക ഭാഷകളായി സർക്കാർ പ്രഖ്യാപിക്കണം. ഹിന്ദി ദേശീയ ഭാഷയോ ഔദ്യോഗിക ഭാഷയോ അല്ല.
ഹിന്ദി ദിനത്തിന് പകരം ഇന്ത്യൻ ഭാഷാ ദിനമാണ് ആഘോഷിക്കേണ്ടത്. ഹിന്ദിയുടെയും മറ്റ് ഭാഷകളുടെയും വികസനത്തിന് വേണ്ടി നീക്കിവയ്ക്കുന്ന തുകകളിൽ വലിയ അന്തരമാണുള്ളത്. ഈ വ്യത്യാസം അവസാനിപ്പിക്കണം.
ഹിന്ദിയും സംസ്‌കൃതവും മാത്രമാണ് ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ കേന്ദ്രം പ്രോത്സാഹിപ്പിക്കുന്നതെന്നും പ്രാദേശിക ഭാഷകളെ അവഗണിക്കുകയാണെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി.
ബുധനാഴ്ച ഹിന്ദി ദിനത്തോടനുബന്ധിച്ച് ഗുജറാത്തിലെ സൂറത്തിൽ നടന്ന അഖിലേന്ത്യ ഔദ്യോഗിക ഭാഷ സമ്മേളനത്തിൽ പങ്കെടുത്ത് പ്രസംഗിച്ച അമിത്ഷാ, ഹിന്ദി രാജ്യത്തെ പ്രാദേശിക ഭാഷകൾക്ക് എതിരല്ലെന്നും സുഹൃത്താണെന്നും പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സ്റ്റാലിൻ.
കേന്ദ്രസർക്കാർ ഹിന്ദി അടിച്ചേൽപ്പിക്കുകയാണെന്ന ആരോപണങ്ങൾക്കിടെ പ്രഖ്യാപിച്ച ഹിന്ദി ദിനാഘോഷത്തിനെതിരേ കർണാടക, മഹാരാഷ്ട്ര, തമിഴ്‌നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പ്രതിഷേധം നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."