മലപ്പുറത്തും കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ അസ്തമിക്കുന്നു
ഗ്രൂപ്പുകള്‍ക്കതീതമായി നേതൃമാറ്റങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി പുനസംഘടനയിലേക്ക് സംസ്ഥാന കോണ്‍ഗ്രസ് പ്രവേശിക്കുമ്പോള്‍ അതിന്റെ നേരിട്ടുള്ള പ്രതിഫലനങ്ങള്‍ ദൃശ്യമാകുന്നത് മലപ്പുറം ജില്ലയിലാണ്. വി.വി പ്രകാശിന്റെ മരണത്തോടെ ഒഴിവു വന്ന ഡി.സി.സി പ്രസിഡണ്ട് പദവിയിലേക്ക് ഉയര്‍ന്നു വരുന്ന പേരുകളും കൂട്ടായ്മകളും നിലവിലെ എല്ലാ സമവാക്യങ്ങള്‍ക്കും അതീതമാണ്.
ജില്ലയിലെ പ്രഥമ ഡി.സി.സി പ്രസിഡണ്ടായി തുടങ്ങി, അരനൂറ്റാണ്ടിലധികം മലപ്പുറത്തെ കോണ്‍ഗ്രസിന്റെ കേന്ദ്ര ബിന്ദു ആര്യാടന്‍ മുഹമ്മദായിരുന്നു. കെ.കരുണാകരന്‍ സംഘടന തിരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസ് നേതൃപദവികള്‍ തൂത്തുവാരിയ കാലത്തും മലപ്പുറത്ത് മേധാവിത്വം ലഭിച്ചത് ആര്യാടന്‍ നയിച്ച എ വിഭാഗത്തിനായിരുന്നു. എന്നാല്‍ ഇ.മുഹമ്മദ് കുഞ്ഞിയുടെ നേതൃത്വത്തില്‍ നേതാക്കളുടെ വലിയ നിര ആര്യാടനോട് വിയോജിച്ച് നിലവില്‍ മുന്നോട്ടു നീങ്ങുന്നുണ്ട്.ഇതോടെ ഡി.സി.സി പ്രസിഡണ്ട് സ്ഥാനത്തേക്ക് ഐക്യകണ്‌ഠേനെ എ ഗ്രൂപ്പ് പ്രതിനിധി കടന്നു വരുന്ന സാഹചര്യമാണ് ഇല്ലാതായിരി
ക്കുന്നത്.
ഷൗക്കത്തിനെ ഡി.സി.സി പ്രസിഡണ്ടാക്കാനുള്ള ആര്യാടന്‍ മുഹമ്മദിന്റെ നീക്കത്തിനെതിരെ എ ഗ്രൂപ്പില്‍ നിന്നു തന്നെയുള്ള മുതിര്‍ന്ന നേതാക്കളുടെ പേരുകള്‍ കെ.പി.സി.സിയുടെ മുമ്പാകെ ഇ മുഹമ്മദ് കുഞ്ഞിയും സംഘവും മുന്നോട്ട് വെച്ചു കഴിഞ്ഞു.
ഉമ്മന്‍ ചാണ്ടിക്കു പുറമെ രമേശ് ചെന്നിത്തലയുടെ ശക്തമായ പിന്തുണ കൂടി നിലവില്‍ ഷൗക്കത്തിനുണ്ട്. തിരഞ്ഞെടുപ്പ് തോല്‍വിക്കു ശേഷം തിരുവനന്തപുരം കവഡിയാറിലെ ആര്യാടന്റെ ഫ്‌ലാറ്റില്‍ എ വിഭാഗം നേതാക്കള്‍ ആശയ വിനിമയത്തിനായി ഒത്തു ചേര്‍ന്നിരുന്നു. രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതൃപദവിയിലേക്ക് പിന്തുണക്കാന്‍ അന്നെടുത്ത എ ഗ്രൂപ്പ് തീരുമാനത്തിന്റെ സൂത്രധാരന്‍ ആര്യാടനായിരുന്നു. ഉമ്മന്‍ ചാണ്ടിയെ താല്‍ക്കാലികമായി കെ.പി.സി.സി പ്രസിഡണ്ടാക്കണമെന്ന ആവശ്യമുയര്‍ത്താനും അന്ന് തീരുമാനിച്ചിരുന്നു.
മാന്യമായി മാറി നില്‍ക്കാന്‍ തനിക്ക് അവസരം കിട്ടിയില്ല എന്നതിനാല്‍ പ്രതിപക്ഷ നേതൃപദവി നിയമനം രമേശ് ചെന്നിത്തലക്ക് ഇപ്പോഴും വൈകാരിക വിഷയമാണ്. പദവിയിലേക്ക് തന്നെ പിന്തുണക്കാന്‍ എ ഗ്രൂപ്പിനെ പ്രേരിപ്പിച്ചു എന്നതിനാല്‍ ആര്യാടന്‍ മുഹമ്മദിനോട് രമേശ് ചെന്നിത്തലക്കു പ്രത്യേക കടപ്പാടുണ്ട്. അതു കൊണ്ടു തന്നെ സംസ്ഥാനത്ത് രമേശ് ആദ്യം ആവശ്യപ്പെടുക ഷൗക്കത്തിനു വേണ്ടി മലപ്പുറം ഡി.സി.സി പ്രസിഡണ്ട് പദവിയായിരിക്കും.
ഐ വിഭാഗത്തെ നയിച്ചിരുന്ന രമേശ് ചെന്നിത്തലയുടെ അടിയുറച്ച പിന്തുണ ആര്യാടന്‍ ഷൗക്കത്തിനു ലഭിക്കുകയും, ആര്യാടനെ പരസ്യമായി തള്ളിപ്പറഞ്ഞ് മലപ്പുറത്തെ മുതിര്‍ന്ന നേതാക്കള്‍ എ ഗ്രൂപ്പ് കയ്യടക്കുകയും ചെയ്യുമ്പോള്‍ നാളിതുവരെ ജില്ലയില്‍ പുലര്‍ന്ന ഗ്രൂപ്പ് സമവാക്യങ്ങള്‍ കീഴ്‌മേല്‍ മറിയുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."