'പാതിരാവിലും പാണക്കാട്ട് ജനലടക്കാറില്ല'പൂക്കോയ തങ്ങളെ കുറിച്ച് പുത്രന്‍ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍
മലപ്പുറം: പുലര്‍ച്ചെ പ്രഭാത നിസ്‌കാരത്തിനു പി.എം.എസ്.എ പൂക്കോയ തങ്ങള്‍ പള്ളിയില്‍ പോവാനിറങ്ങിയതായിരുന്നു. അന്നേരം രാത്രിയെപ്പഴോ വന്നു വാതില്‍ തുറക്കുംവരേ പൂമുഖത്ത് കാത്തിരിക്കുന്നവരെ കണ്ട പൂക്കോയ തങ്ങള്‍ പിന്നീട് ജനല്‍ തുറന്നിട്ടേ ഉറങ്ങാറുള്ളൂവെന്ന് പുത്രന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. തന്നെ വന്നു കാത്തിരിക്കുന്നവരുടെ പ്രയാസം കണക്കിലെടുത്തായിരുന്നു അത്. പുത്രന്‍ സാദിഖലി തങ്ങളാണ് ഉപ്പയെ കുറിച്ച് ഫേസ്ബുക്കില്‍ കുറിപ്പെഴുതിയത്. ഊട്ടിയില്‍ നിന്നും തങ്ങളെ കാണാന്‍ സ്ഥിരമായി എത്താറുള്ള ഒരു ധനികന്‍ തങ്ങളോട് താമസം ഊട്ടിയിലേക്ക് താമസം മാറ്റാന്‍ താല്‍പര്യപ്പെടാറുണ്ടായിരുന്നത്രെ. നീലഗിരിയില്‍ ഒട്ടേറെ സമ്പത്തുള്ള ആ ധനികനായ സേട്ട് ഊട്ടിയില്‍ വീടും കൃഷിയിടങ്ങളും നല്‍കാന്‍ തല്‍പരനായിരുന്നു. എന്നാല്‍ ഈ നാടും നാട്ടുകാരേയും വിട്ട് ഞാനെവിടേക്കുമില്ല എന്ന പുഞ്ചിരിചേര്‍ന്ന മറുപടിയായിരുന്നു പൂക്കോയ തങ്ങളുടേത്.ഈ ചോദ്യവും ഉത്തരവും പലവട്ടം ആവര്‍ത്തിച്ചിരുന്നുവെന്നും തങ്ങള്‍ സ്മരിക്കുന്നു. പുത്രന്‍ സാദിഖലി ശിഹാബ് തങ്ങളുടെ പതിനൊന്നാമത്തെ വയസിലായിരുന്നു പിതാവിന്റെ അന്ത്യയാത്ര. സമസ്ത, മുസ്്‌ലിംലീഗ് പ്രസ്ഥാനങ്ങളുടേയും കേരളാ മുസ്്‌ലിം ന്യൂനപക്ഷ പുരോഗതിയുടേയും നേതൃനിരയില്‍ ജ്വലിച്ചു നിന്ന പൂക്കോയ തങ്ങള്‍ വിടപറഞ്ഞിട്ട് 46 വര്‍ഷം പൂര്‍ത്തിയാവുന്ന ജൂലൈ 7ന് പുത്രന്‍ എഴുതിയ വൈകാരിക കുറിപ്പ് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ്
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഒരു ദിവസത്തെ ഓര്‍മ്മയിലേക്ക് ഒതുക്കപ്പെടേണ്ട ആളല്ല ഒരു പിതാവ്. പാശ്ചാത്യര്‍ക്ക് അതുവേണ്ടി വന്നേക്കാം. ഒരു പ്രായം കഴിഞ്ഞാല്‍ മക്കള്‍ സ്വന്തമായി ഇടങ്ങള്‍ തേടി നടക്കുന്ന ഒരു സംസ്‌കാരമുള്ളിടത്തു മദേര്‍സ് ഡേയും ഫാദേര്‍സ് ഡേയും ഒരു ഫോര്‍മല്‍ ഇവന്റ് ആയി കാണുന്നതും ഒരു കണക്കിനു നല്ലതു തന്നെ. ആ ദിവസത്തെ ഒരു ഫോണ്‍ വിളി, അല്ലെങ്കില്‍ ഒരു ബൊക്കെയെങ്കിലും കൊടുത്തയച്ച് ജന്മം നല്‍കിയവരെ ഓര്‍മ്മിക്കാമല്ലോ അവര്‍ക്ക്. നമ്മള്‍ മലയാളികള്‍ക്ക് അങ്ങനെയല്ല എന്നത് നൂറുവട്ടം സത്യം. മാതാ പിതാ ഗുരു ദൈവം എന്നതാണല്ലോ. ദൈവത്തിന്റെയും മുന്‍പില്‍ മാതാവിനെയും പിതാവിനെയും വെക്കുന്നു നമ്മള്‍. ദൈവത്തിന് അതിഷ്ടമാണുതാനും എന്നതും നമ്മുടെ വിശ്വാസം. പലരും കഴിഞ്ഞ ദിവസം ഫാദേര്‍സ് ഡേയില്‍ അവരുടെ പിതാവിനെ സ്മരിച്ചു കൊണ്ടെഴുതിയതു വായിച്ചു. മരിച്ചവരെകുറിച്ചാണധികവും.
ജീവിച്ചിരിക്കുന്ന പിതാവിനെ കുറിച്ചു നല്ലതു പറഞ്ഞവരുമുണ്ട്. സത്യത്തില്‍ ഒരു പിതാവിന്റെ ഭാഗ്യമതാണു്. അവര്‍ മക്കള്‍ക്കു മാതൃകയാവുന്നു എന്നത് കൊണ്ടാണത്. എനിക്കെന്റെ പിതാവ് മണ്‍മറഞ്ഞിട്ടുണ്ടാവും. ഇന്നും പക്ഷെ കണ്‍മറഞ്ഞിട്ടില്ല. ആ ദേഹം പോയ്മറഞ്ഞു. ജീവന്‍ രുചിപ്പിക്കുന്നവന്‍ മരണത്തെയും രുചിപ്പിക്കും എന്നാണല്ലോ. എന്റെ ബാപ്പ ചിരിച്ചു കൊണ്ടെപ്പോഴും കൂടത്തന്നെയുണ്ട് എന്ന മനസ്സ് എന്റെ കാവലാണ്. ഉറക്കത്തിലെ ഇരുട്ടില്‍ ബാപ്പ ഇടക്കൊക്കെ അരികെ വരും.അപ്പോഴും ബാപ്പയുടെ കൂടെ ആളുകളുണ്ടാവും. കാരണം ആള്‍ക്കൂട്ടത്തിന്റെ സ്വത്തായിരുന്നു ബാപ്പ എന്നത് ജീവിച്ചിരുന്നപ്പോള്‍ കണ്ടതാണല്ലോ. പക്ഷെ സ്വന്തക്കാര്‍ക്കു വേണ്ടി പതഞ്ഞു കൊണ്ടിരുന്ന സ്‌നേഹത്തിന്റെ കുമിളകള്‍ ഇടക്കിടെ തിരടയടിച്ചു വരാറുണ്ടായിന്നു. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് വീട്ടിനകത്തേക്കു കാല്‍വെക്കുമ്പോള്‍ മക്കളോരോരുത്തരുടെ പേരും വിളിച്ചിട്ടാണു ധൃതിയോടെ വരിക. ആ വരവു അടുക്കള വരെ യെത്തും.അവിടെ ബാപ്പയുടെ സഹോദരി(ഞങ്ങളുടെ 'അമ്മീമി'),എന്റെഉമ്മ,ബന്ധുക്കാളാരെങ്കിലുമുണ്ടെങ്കില്‍ അവരും പിന്നെ അടുക്കളയിലും പുറത്തുമുള്ള ജോലിക്കാരും എല്ലാവരോടും ഒരു വാക്കെങ്കിലും കുശലം പറയും.ചിലപ്പോള്‍ തമാശയും പറയും,എന്നിട്ട് പൂത്തിരി കത്തിച്ച ചിരിയും ചിരിച്ചും കൊണ്ട് പോകും.
ചില വൈകുന്നേരങ്ങളില്‍ ആവരവു വീടിനു പുറകു വശത്തെ തൊടിയിലേക്കു വരും. അവിടെ സ്‌കൂള്‍ വിട്ടു വന്നു ഞങ്ങള്‍ കുട്ടികള്‍ കളിക്കുന്ന നേരമാണ്.ഞാനും എന്റെ സഹോദരങ്ങളുടെ മക്കളുമാകും ഉണ്ടാകുക.അവിടെ തേങ്ങാകൂടും നെല്ലുകുത്തു കോലായിയുമുണ്ട്. കോലായില്‍ കുറച്ചു നേരം ഞങ്ങളെ നോക്കി നില്‍ക്കും. ചിലപ്പോള്‍ ഞങ്ങളുടെ അടുത്തേക്ക് വരും അല്ലങ്കില്‍ ഞങ്ങളെ ബാപ്പ നില്‍ക്കുന്നിടത്തേക്ക് വിളിക്കും. ബാപ്പ കൈ പിന്നില്‍ മറച്ചു പിടിച്ചാണ് നില്‍ക്കുക. ഞങ്ങളെ ഓരോരുത്തരെയും ചേര്‍ത്തു പിടിച്ച് മൂര്‍ദ്ധാവില്‍ ഉമ്മവെക്കും. എന്നിട്ട് പിന്നില്‍ മറച്ചു പിടിച്ച കൈയില്‍ കരുതിയ, അത് തൊലി യുരിഞ്ഞ ഓറഞ്ചാവാം മധുരമുള്ള പച്ച മുന്തിരിയാവാം അല്ലെങ്കില്‍ നല്ല ക്രീം ബിസ്‌കറ്റാവാം.എതായാലും ഓരോന്നും ഞങ്ങളോരുത്തരുടെയും വായിലേക്ക് വച്ചു തരും.പോകുമ്പോള്‍ പറയും 'കൈയും കാലും കേടുവരുത്താതെ കളിച്ചോളിന്‍'എന്ന്. അതായിരുന്നു ബാപ്പ.എല്ലാ അലങ്കാരങ്ങള്‍ക്കും മേലെ ഉറഞ്ഞു തൂവിയ നിഷ്‌കളങ്കമായ അടുപ്പം കൊണ്ടുനടന്നയാള്‍.
വീട്ടിനകത്ത് സ്‌നേഹപ്പൂക്കളുടെ നറുമണം വീശി നടന്നൊരാള്‍....
എന്റെ കൗമാരത്തിന്റെ തുടക്കത്തില്‍ പതിനൊന്നാം വയസ്സിലാണ് പിതാവിന്റെ വേര്‍പാടുണ്ടായത്.
പൂക്കോയ തങ്ങള്‍ എന്ന ആ വലിയ മനുഷ്യന്റെ ഓര്‍മ്മകള്‍ തന്നെയാണ് എന്നിലെ ജീവിത വഴികളെ ഇത്രമേല്‍ വിശാലമാക്കുന്നത്.
ജാതി മത ഭേദമന്യേ കുറേ നല്ല മനുഷ്യരുടെ സ്‌നേഹ ബന്ധങ്ങളും, സാധാരണക്കാരുടെ പരാതികളും പരിഭവങ്ങളും കേള്‍ക്കാനുള്ള മാനസികമായ ക്ഷമയും സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെടാനുള സഹനവും സന്നദ്ധതയും തന്നെയാണ് പിതാവില്‍ നിന്നും അനന്തരമായി കിട്ടിയത്. അപരന്റെ സന്തോഷത്തില്‍ ആനന്ദം കണ്ടെത്താന്‍ കഴിയുന്ന തലത്തിലേക്ക് മനുഷന് ഉയരാന്‍ കഴിയണം എന്ന സന്ദേശം തന്നെയാണ് ആ വലിയ ജീവിതം പഠിപ്പിച്ചത്.
നിറം മങ്ങാത്ത ചില ഓര്‍മ്മകള്‍ ഇന്നും നിധിപോലെ മനസ്സില്‍ സൂക്ഷിച്ചിട്ടുണ്ട്. ഊട്ടിയില്‍ നിന്നും പിതാവിനെ കാണാന്‍ ഇടക്കിടെ വീട്ടില്‍ വന്നിരുന്ന ഒരു ധനികനുണ്ടായിരുന്നു. പിതാവ് അദ്ധേഹത്തെ സേട്ടു എന്നാണ് വിളിച്ചിരുന്നത്. നീലഗിരിയില്‍ ധാരാളം സ്വത്തുക്കളും കൃഷിയിടങ്ങളുമുണ്ടായിരുന്നു സേട്ടുവിന്.
ഊട്ടിയില്‍ വന്ന് താമസിക്കുകയാണെങ്കില്‍ വീടും കൃഷിയിടങ്ങളും നല്‍കാമെന്ന് സേട്ടു സ്‌നേഹത്തോടെ പിതാവിനോട് പറയാറുണ്ടായിരുന്നു. ഈ നാടും നാട്ടുകാരേയും വിട്ട് ഞാനെങ്ങോട്ടുമില്ല എന്ന് പിതാവ് പുഞ്ചിരിയോടെ സേട്ടുവിനോട് പറയും. ഈ ചോദ്യവും ഉത്തരവും പലപ്പോഴായി ആവര്‍ത്തിച്ചു.
നാടും നാട്ടുകാരും സാധാരണക്കാരുമായുള്ള സ്‌നേഹ ബന്ധം വിട്ട് സ്വന്തമായൊരു സുഖജീവിതം പിതാവ് ആഗ്രഹിച്ചില്ല.
ഒരു ദിവസം പ്രഭാത നിസ്‌ക്കാരത്തിന്നായി പള്ളിയില്‍ പോകാന്‍ പുറത്തിറങ്ങിയപ്പോള്‍ കുറച്ചാളുകള്‍ വരാന്തയില്‍ ഇരിക്കുന്നതു കണ്ടു.
കാര്യമന്വേഷിച്ചപ്പോള്‍ അവര്‍ പിതാവിനെ കാണാന്‍ വേണ്ടി രാത്രി വൈകി എത്തിയവരാണ്. അവര്‍ വാതിലില്‍ മുട്ടിയത് വീട്ടുകാരറിഞ്ഞില്ല.
ഈ സംഭവത്തിനു ശേഷം വരാന്തയിലേക്കുള്ള ജനവാതില്‍ തുറന്നിട്ടാണ് പിതാവ് പിന്നീടുള്ള രാത്രികളില്‍ കിടന്നുറങ്ങിയിരുന്നത്.
തന്നെ കാണാന്‍ വരുന്നവര്‍ പ്രയാസപ്പെടരുതെന്ന് പിതാവിന് നിര്‍ബന്ധമുണ്ടായിരുന്നു.
വീട്ടിലുള്ള സമയം പിതാവ് അധിക സമയവും ജനങ്ങള്‍ക്കൊപ്പം കോലായിലായിരുന്നു ഉണ്ടായിരുന്നത്. കോലായിക്ക് ഞങ്ങള്‍ പടാപ്പുറം എന്നാണ് പറഞ്ഞിരുന്നത്. അതുകൊണ്ട് ഞങ്ങള്‍ കുട്ടികള്‍ പിതാവിനെ പടാപ്പുറത്തെ ബാപ്പ എന്ന് വിളിച്ചിരുന്നു.
ഞങ്ങളുടെ പടാപ്പുറത്തെ ബാപ്പയാണ് നാട്ടുകാരുടെ തങ്ങളുപ്പാപ്പ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."