ഹിജാബ് സാംസ്‌കാരികാവകാശം ; കപിൽ സിബൽ സുപ്രിംകോടതിയിൽ
ന്യൂഡൽഹി • ഹിജാബ് ഭരണഘടനയുടെ 29ാം വകുപ്പിന് കീഴിൽവരുന്ന സാംസ്‌കാരികാവകാശമെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ സുപ്രിംകോടതിയിൽ.
ഈ സാഹചര്യത്തിൽ കേസ് ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടണമെന്ന് ഹിജാബ് നിരോധന കേസിൽ ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്ത, സുധാൻശു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് മുമ്പാകെ ഹരജിക്കാർക്കുവേണ്ടി ഹാജരായ സിബൽ വാദിച്ചു. ഭരണഘടനയുടെ 19ാം വകുപ്പിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല ഈ കേസ്. എല്ലാവർക്കും കൂടിച്ചേരാൻ യോഗ്യതയുള്ള പൊതുവായ ഇടമെന്ന ആശയവുമായും ഇത് ബന്ധപ്പെട്ടുകിടക്കുന്നുണ്ട്.
എനിക്ക് പൊതുയിടത്തിൽ ഇഷ്ടവസ്ത്രം ധരിക്കാനുള്ള അവകാശം സ്‌കൂൾ ഗേറ്റ് കടക്കുന്നതോടെ ഇല്ലാതാകുമോയെന്ന് സിബൽ ചോദിച്ചു. ഭരണഘടന അങ്ങനെ പറയുന്നില്ല. ഏതു വസ്ത്രം ധരിക്കണമെന്നത് സ്വന്തം ശരീരത്തിൽ ഒരാൾക്കുള്ള അവകാശത്തിന്റെ ഭാഗമാണോയെന്ന് പരിശോധിക്കണം. ഹിജാബ് ധരിക്കുന്നത് തങ്ങളുടെ സ്വത്വത്തിന്റെയും അഭിമാനത്തിന്റെയും ഭാഗമായാണ് മുസ് ലിം പെൺകുട്ടികൾ കാണുന്നത്.
കുട്ടിയായിരിക്കുമ്പോൾ തന്നെ അവരെ തങ്ങളുടെ സാംസ്‌കാരിക പരിസരത്തിലൂടെയാണ് വളർത്തുന്നത്. കഴിഞ്ഞ 10 വർഷമായി താൻ ഹിജാബ് ധരിക്കുന്നു. അതെന്റെ വ്യക്തി ജീവിതത്തിന്റെ ഭാഗമാണ്. സംസ്‌കാരിക പാരമ്പര്യവുമാണ്. എനിക്കെപ്പോഴും എന്റെ സാംസ്‌കാരിക പാരമ്പര്യം കൊണ്ടുനടക്കാനുള്ള അവകാശമുണ്ടോ അതോ സ്‌കൂൾ ഗേറ്റ് കടക്കുന്നതോടെ ഇല്ലാതാകുമോ – സിബൽ ചോദിച്ചു. അമേരിക്കയിലെ കറുത്തവർഗക്കാർ വസ്ത്രം ധരിക്കുന്നതും ആഭരണങ്ങളണിയുന്നതുമെല്ലാം പ്രത്യേക രീതിയിലാണ്.
അതുകൊണ്ട് അവരോട് അതേരീതിയിൽ സ്‌കൂൾ ഗേറ്റ് കടക്കാൻ പാടില്ലെന്ന് പറയുമോ. പൊതുക്രമത്തിനും ധാർമികതയ്ക്കും വിരുദ്ധമായി ഒരാൾ വസ്ത്രം ധരിച്ചാൽ അത് തടയാം. നിങ്ങൾ നിർദേശിക്കുന്ന യൂനിഫോമിൽ അധികമായി തലയിലൊരു തട്ടമിടുന്നു. അതെങ്ങനെ യൂനിഫോം ചട്ടത്തിന്റെ ലംഘനമാവും. ഹിജാബ് ധരിക്കുന്നത് കൊണ്ട് അവിടെ ഒരു പ്രശ്‌നവുമുണ്ടായിട്ടില്ല. പിന്നെന്തിനാണ് ഹിജാബ് പാടില്ലെന്ന് ഉത്തരവിട്ടതെന്നും സിബൽ ചോദിച്ചു.
ഹിജാബ് ധരിക്കുന്നതിന് പകരമായി ചിലർ ഷാൾ (കാവി) ധരിച്ച് സ്‌കൂളിലെത്തിയെന്നും അതിനാലാണ് നിരോധന ഉത്തരവെന്നും ജസ്റ്റിസ് ധൂലിയ ചൂണ്ടിക്കാട്ടി.
എന്റെ അവകാശം ഇല്ലാതാക്കാൻ നിങ്ങൾക്ക് മറ്റൊരു വസ്ത്രം ധരിക്കാനാവുമോയെന്ന് സിബൽ ചോദിച്ചു.
പ്രശ്‌നമുണ്ടാക്കുകയെന്ന ഉദ്ദേശത്തോടൊണ് ചിലർ ഷാൾ ധരിച്ചുവന്നത്. ഹിജാബ് ഇടുന്നത് തടയാൻ ഉത്തരവിടാൻ സമ്മർദം ചെലുത്താൻ വേണ്ടിയായിരുന്നു അത്. സംസ്‌കാരം മൗലിക കടമയാണ്. അതില്ലാതാക്കാൻ കഴിയില്ല. അവരുടെ സാംസ്‌കാരിക അവകാശം ഇല്ലാതാക്കുന്നതോടുകൂടി അവരുടെ വിദ്യാഭ്യാസം, സ്വകാര്യത, അഭിമാനം എന്നിവ കൂടിയാണ് ഇല്ലാതാക്കുന്നതെന്നും സിബൽ വാദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."