റോഡ് തകർച്ചയ്ക്ക് കാരണം; കാലാവസ്ഥാ വ്യതിയാനവും അവിശുദ്ധ സഖ്യവും: മന്ത്രി റിയാസ്
കണ്ണൂർ • കേരളത്തിലെ റോഡുകളുടെ തകർച്ചയ്ക്ക് കാരണങ്ങളിലൊന്ന് അവിശുദ്ധ സഖ്യമാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. റോഡ് തകരുന്നതിന് പല കാരണങ്ങളുണ്ട്. അതിലൊന്നാണ് കാലാവസ്ഥാ വ്യതിയാനം. മറ്റൊരു കാരണം ചില കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ സഖ്യമാണ്.
പൊതുമരാമത്ത് വകുപ്പിലെ ന്യൂനപക്ഷം ചിലർ തെറ്റായ നിലപാടുകൾ സ്വീകരിക്കുന്നുണ്ട്. അത് മാറ്റാൻ അവർ തയാറായില്ലെങ്കിൽ സർക്കാർ മാറ്റം വരുത്തും. കേരളത്തിലെ റണ്ണിങ് കോൺട്രാക്റ്റ് ഫലപ്രദമായി നടപ്പാക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ഒരു ടീമിനെ നിയോഗിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന ഈ ടീം 20 മുതൽ പരിശോധന ആരംഭിക്കും.
മൂന്നു ലക്ഷം കിലോമീറ്റർ റോഡാണ് കേരളത്തിലുള്ളത്. ഇതിൽ 30000 കിലോമീറ്റർ റോഡ് മാത്രമാണ് പൊതുമരാമത്ത് വകുപ്പിന്റേത്. ഇത് മികച്ച നിലയിൽ പരിപാലിക്കുകയാണ് ലക്ഷ്യം.
കോൺട്രാക്ട് ഉള്ള റോഡുകളിൽ നീല ബോർഡ് സ്ഥാപിക്കും. 2025 ഓടെ കാസർകോട് – തിരുവനന്തപുരം ദേശിയപാതാ വികസനം പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ റോഡുകളുടെ ഡിസൈൻ പ്രശ്നമാണെന്ന രാഹുൽഗാന്ധിയുടെ വാദം ന്യായമാണ്. അതാണ് കിഫ്ബി ഏറ്റെടുത്ത റോഡുകളിൽ നടപ്പിലാക്കുന്നത്. രാഹുൽ നിർദ്ദേശങ്ങൾ സമർപ്പിച്ചാൽ ചർച്ചയ്ക്ക് തയാറാണെന്നും മന്ത്രി പറഞ്ഞു.
മന്ത്രിമാർ വിദേശയാത്ര നടത്തുന്നതിൽ തെറ്റില്ല. ഏറ്റവുമധികം വിദേശയാത്ര നടത്തേണ്ടി വരുന്നത് ടൂറിസം വകുപ്പിനാണ്. എന്നാൽ ഇത്തവണ ടൂറിസം മന്ത്രി നടത്തിയ വിദേശയാത്രകൾ കുറഞ്ഞുപോയെന്നാണു പൊതുവേയുള്ള നിരീക്ഷണമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."