വര്‍ണാഭമായി ശോഭായാത്രകള്‍
കോഴിക്കോട്: ശ്രീകൃഷ്ണ ജയന്തിദിനത്തില്‍ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നടന്ന ശോഭായാത്രകള്‍ വര്‍ണാഭമായി. ശ്രീകൃഷ്ണ ചരിത്രം വിളിച്ചോതിയ ടാബ്ലോകളും മയില്‍പ്പീലി ചൂടിയും മഞ്ഞപ്പട്ടുടുത്തും ഉറിയുടച്ച് വെണ്ണ കട്ടും അണിനിരന്ന ഉണ്ണിക്കണ്ണന്മാരും ഗോപികമാരും ദൃശ്യവിരുന്നൊരുക്കി. ശോഭായാത്ര കടന്നുപോകുന്ന വഴിയോരങ്ങളിലെല്ലാം ഭക്തിയും വിസ്മയവും വിടര്‍ന്ന കണ്ണുകളുമായി നിരവധി പേര്‍ തടിച്ചൂകൂടിയിരുന്നു. നഗരത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രാദേശിക ശോഭായാത്രകള്‍ ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തില്‍ സംഗമിച്ച് മഹാശോഭയാത്രയായി മുതലക്കുളത്തെ അമ്പാടിയിലേക്ക് നീങ്ങി. വൈകിട്ട് നാലോടെയാണ് മഹാശോഭായാത്ര ആരംഭിച്ചത്. ആയിരക്കണക്കിന് ബാലികാബാലന്‍മാര്‍ കൃഷ്ണവേഷത്തില്‍ അണിനിരന്നു.
കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി മഹാശോഭായാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സി.കെ ജാനു മുഖ്യപ്രഭാഷണം നടത്തി. എരഞ്ഞിപ്പാലം തായാട്ട് ഭഗവതി ക്ഷേത്രം, ഗാന്ധി റോഡ് ദുര്‍ഗാ ഭഗവതി ക്ഷേത്രം, അഴകൊടി ദേവീ ക്ഷേത്രം, മാങ്കാവ് തൃശാല ഭഗവതി ക്ഷേത്രം, കല്ലായി റെയില്‍വേ സ്റ്റേഷന്‍ പരിസരം എന്നിവിടങ്ങളില്‍ നിന്നാരംഭിച്ച വിവിധ ഉപശോഭായാത്രകളാണ് മഹാശോഭായാത്രയില്‍ സംഗമിച്ച് മുതലക്കുളം അന്നപൂര്‍ണ്ണേശ്വരി ക്ഷേത്ര പരിസരത്ത് പ്രത്യേകം തയാറാക്കിയ അമ്പാടിയില്‍ പ്രവേശിച്ചത്.
അമ്പാടിയില്‍ എത്തിയ മഹാശോഭായാത്രയെ ആരതിയുഴിഞ്ഞ് സ്വീകരിച്ചു. 'തൈ വയ്ക്കാം, തണലേകാം, താപമകറ്റാം' എന്ന സന്ദേശത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് മുക്തമായാണ് ഇത്തവണ പരിപാടികള്‍ സംഘടിപ്പിച്ചത്. ജില്ലയിലെ പ്രധാന നഗരങ്ങളിലും ഗ്രാമങ്ങിളിലുമെല്ലാം മഹാശോഭായാത്രകള്‍ നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."