ഐ.എസ്.ഐക്കുവേണ്ടി ചാരപ്പണി പഞ്ചാബില്‍ രണ്ട് സൈനികര്‍ അറസ്റ്റില്‍
ചണ്ഡീഗഡ്: പാക് ചാരസംഘടനയായ ഐ.എസ്.ഐക്കുവേണ്ടി ചാരപ്പണിയെടുക്കുകയും 900 രഹസ്യരേഖകള്‍ കൈമാറുകയും ചെയ്തതിന് പഞ്ചാബില്‍ രണ്ടു സൈനികരെ പൊലിസ് അറസ്റ്റ് ചെയ്തു. ശിപായിമാരായ ഹര്‍പ്രീത് സിങ് (23), ഗുര്‍ഭേജ് സിങ് (23) എന്നിവരാണ് അറസ്റ്റിലായത്.
രാഷ്ട്രീയ റൈഫിള്‍സ് അംഗമായ ഹര്‍പ്രീതിന് കശ്മിരിലെ അനന്ത്നാഗിലായിരുന്നു ജോലി. 18 സിഖ് ലൈറ്റ് ഇന്‍ഫന്ററി അംഗമായ ഗുര്‍ഭേജ് കാര്‍ഗിലില്‍ ക്ലാര്‍ക്കായിരുന്നു. രണ്ടുപേരില്‍നിന്നും സൈന്യവുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ കണ്ടെടുത്തതായി പഞ്ചാബ് ഡി.ജി.പി ദിന്‍കര്‍ ഗുപ്ത പറഞ്ഞു. ഇന്ത്യന്‍ സൈന്യത്തിന്റെ പ്രവര്‍ത്തനവും വിന്യാസവും സംബന്ധിച്ച രഹസ്യസ്വഭാവമുള്ള രേഖകളാണ് കണ്ടെത്തിയത്. 2021 ഫെബ്രുവരി മുതല്‍ മെയ് വരെ 900 രേഖകളുടെ ഫോട്ടോയെടുത്ത് ഇരുവരും ഐ.എസ്.ഐക്കു കൈമാറിയിട്ടുണ്ടെന്നും കണ്ടെത്തി. ഇവരുടെ ഇടനിലക്കാരനായിരുന്ന രണ്‍വീര്‍ സിങ് മെയ് 24ന് 70 ഗ്രാം ഹെറോയിനുമായി പിടിയിലായതോടെയാണ് ചാരവൃത്തി പുറത്തായത്. രണ്‍വീറിന്റെ പക്കല്‍ സൈന്യവുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ കണ്ടെത്തിയതോടെയുള്ള ചോദ്യം ചെയ്യലില്‍ രേഖകള്‍ സൈനികര്‍ തന്നതാണെന്ന് വെളിപ്പെടുത്തി. ഇരുവരും രേഖകള്‍ അതിര്‍ത്തിയിലൂടെ മയക്കുമരുന്ന് കടത്തിയിരുന്ന രണ്‍വീര്‍ സിങ്ങിന് കൈമാറുകയും രണ്‍വീന്‍ ഇത് ഐ.എസ്.ഐക്ക് എത്തിക്കുകയുമായിരുന്നു പതിവ്. രേഖകള്‍ കൈമാറിയതിന് ഇരുവര്‍ക്കും രണ്‍വീര്‍ പണം നല്കി. തുടര്‍ന്ന് കൂടുതല്‍ പണം നല്കാന് ഹര്‍പ്രീത് തന്റെ അക്കൗണ്ട് നമ്പര്‍ രണ്‍വീറിനു കൈമാറി.
രണ്‍വീറിന്റെ സഹായി ഗോപിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗോപിയും മയക്കുമരുന്നും രേഖകളും കടത്തിയതായി സമ്മതിച്ചു. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."