ബോളിവുഡ് നടന്‍ ദിലീപ് കുമാര്‍ അന്തരിച്ചു
ന്യൂഡല്‍ഹി: പ്രശസ്ത ബോളിവുഡ് നടന്‍ ദിലീപ് കുമാര്‍ അന്തരിച്ചു. 98 വയസായിരുന്നു. മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറെ ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഇന്ത്യന്‍ സിനിമാ രംഗത്തെ ഇതിഹാസമാണ് മുഹമ്മദ് യൂസുഫ് ഖാന്‍ എന്ന ദിലീപ് കുമാര്‍.ബോളിവുഡില്‍ പ്രണയനായകനായി നിറഞ്ഞാടിയ അദ്ദേഹം കണ്ണും കരളും നനക്കുന്ന ഒട്ടേറെ രംഗങ്ങള്‍ ആരാധകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.
ഫിലിംഫെയര്‍ അവാര്‍ഡ് ആദ്യമായി നേടിയ നടന്‍ ദിലിപ് കുമാറാണ്. ഏറ്റവും കൂടുതല്‍ തവണ മികച്ച നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ച നടന്‍ എന്ന റെക്കോര്‍ഡ് അദ്ദേഹത്തിന്റെ പേരിലാണ്.പത്മവിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ടും നിന്ന അഭിനയജീവിതതത്തില്‍ അദ്ദേഹം 66 ചിത്രങ്ങളില്‍ വേഷമിട്ടു.
1944ല്‍ പുറത്തിറങ്ങിയ ജ്വാര്‍ ഭട്ടയാണ് ആദ്യചിത്രം.ആന്‍ഡാസ്, ആന്‍, ദാഗ്, ദേവദാസ് എന്നീ ചിത്രങ്ങളിലെ പ്രണയനായകനെ കണ്ട് ഇന്ത്യന്‍സിനിമാ ലോകം കോരിത്തരിച്ചു. കോമഡി റോളുകളിലും അദ്ദേഹം തിളങ്ങി. 1998ല്‍ പുറത്തിറങ്ങിയ ഖിലയിലാണ് അദ്ദേഹം ഒടുവില്‍ അഭിനയിച്ചത്.
പഴക്കച്ചവടക്കാരനായ ലാലാ ഗുലാം സര്‍വര്‍ഖാന്റെയും അയേഷ ബീഗത്തിന്റെയും 12 മക്കളില്‍ ഒരാളായി പാകിസ്താനിലെ പെഷാവറില്‍ 1922 ഡിസംബര്‍ 11ന് ജനിച്ചു. പെഷവാറില്‍ ജനിച്ച് നാസിക്കിലെ ദേവ് ലാലിയില്‍ വളര്‍ന്ന യൂസുഫ് ഖാന്‍ 1943 ല്‍ പിതാവുമായി പിണങ്ങി ആദ്യം പൂണെയിലും പിന്നീട് മുംബൈയിലും എത്തുകയായിരുന്നു.
നിത്യ ചിലവിനു ജോലിതേടി ദേവിക റാണിയുടെ ബോംബെ ടാക്കീസില്‍ എത്തി. പ്രതിമാസം 1250 രൂപ ശമ്പളത്തില്‍ ജോലികിട്ടി. യൂസുഫ് ഖാനെ ദിലിപ് കുമാര്‍ ആക്കി 1944 ല്‍ ജവര്‍ ഭാട്ട എന്ന ചിത്രത്തിലെ നായകനാക്കിയത് ദേവിക റാണിയാണ്.
ആദ്യകാലത്ത് നടി മധുബാലയുമായി പ്രണയത്തിലായിരുന്നെങ്കിലും ഈ ബന്ധം വിവാഹത്തില്‍ കലാശിച്ചില്ല. 1966ല്‍ നടി സൈറാ ബാനുവിനെ വിവാഹം കഴിച്ചു. 1981ല്‍ അസ്മ സാഹിബയെ വിവാഹം കഴിച്ചെങ്കിലും 1983ല്‍ വിവാഹമോചനം നേടി.
ഉറുദു, ഹിന്ദി, ഹിന്ദ്‌കോ (അദ്ദേഹത്തിന്റെ ആദ്യ ഭാഷ), പഞ്ചാബി, മറാത്തി, ഇംഗ്ലീഷ്, ബംഗാളി, ഗുജറാത്തി, പാഷ്ടോ, പേര്‍ഷ്യന്‍, അവധി, ഭോജ്പുരി ഭാഷകളില്‍ നന്നായി സംസാരിക്കാന്‍ അറിയാവുന്ന നടന്‍ കൂടിയായിരുന്നു ദിലീപ് കുമാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."