വാക്സിൻ നയത്തിൻ്റെ ഗുണഭോക്താക്കളാര്?
ഹർഷ് മന്ദർ
2021 ജൂലൈയിൽ ജില്ലാ പ്രതിരോധ കുത്തിവയ്പ്പു വിഭാഗം ഓഫിസർ ഡോ. റിച്ചിൻ നീമ അരുണാചൽ പ്രദേശിലെ തവാങ് പർവത മേഖലയിൽ നിയമിതനായി. അരുണാചലിലെ വിവിധ പ്രദേശങ്ങളിലെ ഗ്രാമീണരെ വാക്‌സിനേറ്റ് ചെയ്യുകയെന്ന വലിയ ദൗത്യം ഇവർക്കു മുമ്പിലുണ്ടായിരുന്നു. ടിബറ്റുമായി അതിർത്തി പങ്കിടുന്ന ലുഗ്താങ് ഗ്രാമത്തിലേക്കെത്താൻ പന്ത്രണ്ടു മണിക്കൂർ കുന്നും മേടും കയറിയിറങ്ങണം. മഴക്കാലം അവരുടെ കാൽനട യാത്രയെ ഏറെ ദുർഘടമാക്കി. എങ്കിലും റിച്ചിൻ നീമയുടെ നേതൃത്വത്തിലുള്ള സംഘം പിന്മാറാതെ തങ്ങളുടെ മെഡിക്കൽ ഉപകരണങ്ങളുമായി അവിടെയെത്തി, ഗ്രാമീണർക്ക് വാക്‌സിൻ നൽകി.'ഇന്ത്യയിലെ അവസാന പൗരന്മാരെന്നു വിളിക്കാവുന്ന ഈ ഗ്രാമീണർ ഒരിക്കലും പ്രതിരോധ കുത്തിവയ്പ്പിനായി നമ്മളെ ഇങ്ങോട്ടു സമീപിക്കില്ല. അവരുടെ ആരോഗ്യസംരക്ഷണത്തിനായി നമ്മൾ അങ്ങോട്ടെത്തിയേ തീരൂ'- നീമ പറയുന്നു.
റിച്ചിൻ നീമയുടെ ഈ പ്രവർത്തനങ്ങൾക്ക് ആഴ്ചകൾക്ക് മുമ്പാണ് പൗരന്മാരുടെ നികുതിപ്പണം ഉപയോഗിച്ച് വലിയൊരു പരസ്യപ്രചാരണം ഇന്ത്യയുടെ മുക്കിലും മൂലയിലും നടക്കുന്നത്. നരേന്ദ്ര മോദിയുടെ പടംവച്ച്, സൗജന്യ വാക്‌സിനേഷനു നന്ദി പറയുന്ന പരസ്യപ്പലകകൾ. നിസ്വാർഥരായ ആരോഗ്യപ്രവർത്തകർ, സ്വയം വാക്‌സിനേഷൻ സ്വീകരിക്കാതെ തങ്ങളുടെ വാക്‌സിനേഷൻ ഉപകരണങ്ങളുമായി കാടും മേടും മണൽപ്പരപ്പും താണ്ടുമ്പോൾ പ്രധാനമന്ത്രിക്ക് നന്ദി പറയുന്ന പരസ്യപ്രചാരണം. ലോകത്തിലെ സമ്പന്ന രാജ്യങ്ങളുൾപ്പെടെ പലരും തങ്ങളുടെ പൗരന്മാർക്ക് വാക്‌സിൻ സൗജന്യമായി തന്നെയാണ് വിതരണം ചെയ്തത്. കാലങ്ങളായി ഇന്ത്യയുടെ വാക്‌സിൻ നയം അത് സൗജന്യമായി നൽകുകയെന്നതാണ്. അതിനി ക്ഷയത്തിനായാലും പോളിയോക്കായാലും. അങ്ങനെയിരിക്കേ നികുതിപ്പണം ചെലവാക്കി എന്തിനായിരുന്നു ഇങ്ങനെയൊരു പരസ്യഘോഷണം? അതേസമയം, തടയാൻ സാധിക്കുമായിരുന്ന ലക്ഷക്കണക്കിനു മരണങ്ങൾക്ക് പ്രധാനമന്ത്രി വിശദീകരണം നൽകുകയും ഈ ജനതയോട് മാപ്പു ചോദിക്കുകയും ചെയ്യേണ്ടതുണ്ട്. ജനുവരിയിൽ നടത്തേണ്ടിയിരുന്ന വാക്‌സിനേഷൻ യജ്ഞം എന്തുകൊണ്ട് ജൂൺ വരെ താമസിച്ചു എന്നത് മോദി ഇതുവരേയും വിശദമാക്കിയിട്ടില്ല.
ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിൻ നിർമാതാവായ ഇന്ത്യ കൊവിഡ് കാലയളവിൽ വലിയൊരു വാക്‌സിൻ ക്ഷാമമാണ് നേരിട്ടത്. കാര്യക്ഷമമല്ലാത്ത വാക്‌സിൻ പദ്ധതിയും മുൻകൂട്ടി വാക്‌സിൻ ഉറപ്പാക്കാത്തതും മാത്രമായിരുന്നില്ല ഇതിനു പിന്നിലെ കാരണങ്ങൾ. വാക്‌സിൻ നിർമാണ പ്രവർത്തനങ്ങൾക്കും മൂല്യനിർണയത്തിനുമായി ദേശീയ നിക്ഷേപ പ്രവർത്തനം ഇന്ത്യ നടത്തിയിരുന്നില്ല എന്നത് സർക്കാർ തലത്തിൽനിന്നു സംഭവിച്ച വലിയ വീഴ്ച്ചയാണ്. മറ്റു പല രാജ്യങ്ങളും ദേശീയതലത്തിലും അന്താരാഷ്ട്ര തലത്തിലും വാക്‌സിൻ വികസനത്തിനും അതിന്റെ പരീക്ഷണങ്ങൾക്കുമായി നിക്ഷേപങ്ങൾ നടത്തുകയും മുൻകൂട്ടി വാക്‌സിൻ ലഭ്യത ഉറപ്പുവരുത്തുകയും ചെയ്യുമ്പോൾ ഇന്ത്യ വാക്‌സിൻ നിർമാതാക്കൾക്ക് പണം കൈമാറിയിട്ടു പോലുമില്ല. ഒടുക്കം വാക്‌സിനേഷൻ പദ്ധതിയിലെ മോശം പ്രകടനം മൂലം സർക്കാരിന് തങ്ങളുടെ മോടിയും പകിട്ടും അഴിച്ചുവയ്ക്കേണ്ട സ്ഥിതിയിലെത്തി. ലോകത്തിന്റെ 'വാക്‌സിൻ ഗുരു' എന്ന് സ്വയം നടിച്ച ഇന്ത്യ വാക്‌സിനേഷൻ ക്രമാതീതമായി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ വാക്‌സിൻ നയം 'ഉദാരവത്കൃത വാക്‌സിൻ നയം' എന്ന പേരിൽ പ്രഖ്യാപിച്ചു. സ്വകാര്യ കമ്പോളത്തിൽ വാക്‌സിൻ ലഭ്യമാക്കിക്കൊണ്ട് സംസ്ഥാന സർക്കാരുകൾ വാക്‌സിൻ വാങ്ങുക എന്നതായിരുന്നു ഈ നയം. അങ്ങനെ രാജ്യത്തെ പതിനെട്ടു വയസ്സിനു മുകളിലുള്ള എല്ലാവർക്കും സ്വകാര്യ ആശുപത്രികൾ വഴി വാക്‌സിൻ ലഭ്യമാക്കുക എന്നതായിരുന്നു പദ്ധതി. ഏപ്രിലിൽ പ്രഖ്യാപിച്ച ഈ വാക്‌സിനേഷൻ പദ്ധതി സ്വകാര്യ വാക്‌സിൻ കമ്പനികളുടെ ലാഭം വർധിപ്പിച്ചു എന്നു വിദഗ്ദ്ധർ നിരീക്ഷിക്കുന്നു.
ഇന്ത്യയുടെ വാക്‌സിൻ നയത്തിനും നിരക്കിനും മേൽ സ്വാധീനം ചെലുത്തിക്കൊണ്ട് സെറം ഇൻസ്റ്റിറ്റ്യൂട്ട് മുന്തിയ ലാഭം ഉണ്ടാക്കിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ക്വാർട്‌സ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുംബൈ ടിസ്സിലെ പ്രൊഫസർ ആർ. രാം കുമാർ നിരീക്ഷിക്കുന്നതിങ്ങനെ: 'ഇന്ത്യയിൽ കൊവിഡ്-19 വാക്‌സിന്റെ ശരാശരി ഉത്പാദന ചെലവ് ഒരു ഡോസിനു മുപ്പതു രൂപ മുതൽ 80 രൂപ വരെയാണ്. ഈ കണക്കു പ്രകാരം പുതുക്കിയ നിരക്കായ 150 രൂപ പ്രതി ഡോസിന് ആയാൽ പോലും കമ്പനിക്ക് 188 മുതൽ 500 ശതമാനം വരെ പ്രതി ഡോസിന് ലാഭമുണ്ടായിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിൽ കൊവിഷീൽഡ് നിരക്ക് പ്രതി ഡോസിന് 600 രൂപ പ്രകാരം സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ലാഭം 750 മുതൽ 2000 ശതമാനം വരെയാണ്. ഭാരത് ബയോടെക് കമ്പനിക്ക് ലാഭം 1500 മുതൽ 4000 ശതമാനം വരെയുമാണ്'.
സുപ്രിംകോടതി അഭിഭാഷകൻ ദുഷ്യന്ത് ദവെ കരൺ ഥാപ്പറുമായുള്ള അഭിമുഖത്തിൽ സർക്കാരിന്റെ ഏപ്രിൽ വാക്‌സിൻ നയത്തെ 'ഭരണഘടനാ വിരുദ്ധ'മെന്നാണ് വിശേഷിപ്പിക്കുന്നത്. 'ഭരണഘടനയിലെ അനുച്ഛേദം 14, 21 എന്നിവക്കു വിരുദ്ധമായാണ് ഏപ്രിലിൽ പ്രഖ്യാപിച്ച വാക്‌സിൻ നയം. ജനങ്ങളുടെ ആരോഗ്യത്തിന് രാഷ്ട്രം വലിയ പരിഗണന നൽകേണ്ടതുണ്ട്. അതിനാൽ വാക്‌സിൻ സൗജന്യമായി നൽകേണ്ടത് രാഷ്ട്രത്തിന്റെ ചുമതലയാണെന്ന്' അദ്ദേഹം നിരീക്ഷിക്കുന്നു. പ്രൊഫസർ ആർ രാം കുമാറും ദവേയുടെ അഭിപ്രായത്തെ ശരിവയ്ക്കുന്നുണ്ട്.
മിക്ക സംസ്ഥാനങ്ങളും കേന്ദ്രത്തിന്റെ വാക്‌സിൻ നയത്തിനെതിരേ പൊതുജനാഭിപ്രായം ഏകോപിപ്പിക്കുകയുണ്ടായി. സുപ്രിംകോടതി ഈ നയത്തെ 'ഏകപക്ഷീയവും യുക്തിരഹിതവും' എന്നു വിശേഷിപ്പിക്കുകയും പുനപ്പരിശോധിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. മുൻ കേന്ദ്ര ആരോഗ്യ സെക്രട്ടറി സുജാത റാവു ഈ വാക്‌സിൻ നയം ഒരു സാമ്പത്തിക ശാസ്ത്രവുമായും തത്ത്വവുമായും ചേർന്നുപോവുന്നില്ലെന്നും വിചിത്രവുമെന്നാണ് വിശേഷിപ്പിച്ചത്. സാംക്രമിക രോഗവിദഗ്ധൻ ജമ്മി എൻ. റാവു ഈ വാക്‌സിൻ നയത്തെ 'ബുദ്ധിശൂന്യം' എന്നാണ് വിളിക്കുന്നത്. 'ജീവൻ രക്ഷാ വാക്‌സിനുകൾ പല നിരക്കിൽ സ്വതന്ത്ര കമ്പോളത്തിൽ വിൽക്കുന്ന ഒരേയോരു രാജ്യം' എന്നാണ് ദേബശിഷ് റാവു ടൈം മാഗസിനിൽ എഴുതിയിരിക്കുന്നത്.
പുതിയ വാക്‌സിൻ നയപ്രകാരം 45 വയസിനു താഴെയുള്ള വ്യക്തികൾ വാക്‌സിനു വേണ്ടി ഓൺലൈനായി ബുക്ക് ചെയ്യേണ്ടതുണ്ട്. ഇന്റർനെറ്റ് സൗകര്യങ്ങളും സാങ്കേതിക ഉപകരണങ്ങളും ഇല്ലാത്ത വലിയൊരു വിഭാഗം ഇന്ത്യയിലുണ്ടായിരിക്കേ വാക്‌സിൻ ലഭ്യത കൂടി ഇതു വഴിയാകുന്നത് ഇവിടുത്തെ സാങ്കേതികസൗകര്യ വിടവ് കൂടുതൽ ശക്തമാക്കും. ഈ വാക്‌സിൻ നയം മൂലം പ്രധാനമായും ചില ഗുണങ്ങൾ കേന്ദ്രസർക്കാരിനുണ്ടായതായി സുജാത റാവു നിരീക്ഷിക്കുന്നു.
കൊവിഡ് സാഹചര്യത്തിൽ കേന്ദ്ര സർക്കാരിൽ നിന്ന് സംഭവിച്ച പിഴവുകളെ വഴിതിരിച്ചുവിടാനും ഇതിന്റെയെല്ലാം ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനു മേൽ പഴിചാരാനും കേന്ദ്രസർക്കാരിനു സാധിച്ചു. കൂടാതെ രണ്ടു സ്വകാര്യ മരുന്നു കമ്പനികളെയും സ്വകാര്യ ആശുപത്രി വ്യവസായത്തേയും തഴച്ചുവളരാൻ കേന്ദ്രസർക്കാർ കൂട്ടുനിന്നു. അതേസമയം, ഇന്ത്യയിലെ ഉൾഗ്രാമ പ്രദേശങ്ങളിലും ചെറുപട്ടണങ്ങളിലും വാക്‌സിൻ കാര്യക്ഷമമായി ലഭ്യമായിട്ടില്ല. ഏകദേശം 5000ത്തോളം പേർക്ക് ആരോഗ്യസേവന സൗകര്യം നൽകേണ്ട ഹെൽത്ത് സബ്‌സെന്ററുകൾക്കായിരുന്നു ഇത്തരം പ്രദേശങ്ങളിൽ വാക്‌സിനേഷൻ പൂർത്തീകരിക്കാനുള്ള ദൗത്യം ഏൽപ്പിച്ചത്. ഡോക്ടർമാരുടെ സേവനമില്ലാത്ത ഈ കേന്ദ്രങ്ങളിലെ ആരോഗ്യപ്രവർത്തകർക്ക് പേശികൾക്കകത്ത് നൽകേണ്ടുന്ന കുത്തിവയ്പ്പിൽ പരിശീലനം നൽകിയിട്ടുണ്ട്. വലിയൊരു ശതമാനം പോളിയോ, ക്ഷയരോഗ കുത്തിവയ്പ്പുകൾ ഇവർ നടത്തിയിട്ടുമുണ്ട്. എന്നാൽ ഉൾഗ്രാമങ്ങളിലും ഗോത്രമേഖലകളിലേക്കും വാക്‌സിൻ മരുന്നുകളും മറ്റും എത്തിക്കേണ്ടുന്ന ശീതീകരണ ഉപകരണങ്ങളോ സൗകര്യങ്ങളോ ഒന്നും ഈ സബ് സെന്ററുകളിൽ ലഭ്യമല്ല. വലിയൊരു വിഭാഗം ആരോഗ്യപ്രവർത്തകർ ഇത്തരം മേഖലകളിൽ വാക്‌സിൻ ലഭ്യമാക്കാൻ പരിശ്രമിക്കുകയും അനേകം സ്ഥലങ്ങളിൽ ഇനിയും വാക്‌സിനേഷൻ ലഭ്യമാകാത്ത സാഹചര്യം നിലനിൽക്കേയുമാണ് മുതലാളിത്ത കമ്പനികൾ മഹാമാരി കാലത്തിൽ ലാഭം കൊയ്തത്.
വാക്‌സിനെ ചുറ്റിപ്പറ്റി ഇന്ത്യയിൽ നടന്ന രണ്ട് പരസ്യപ്രചാരണങ്ങളെ കുറിച്ച് പ്രമുഖ പത്രപ്രവർത്തക പമേല ഫിലിപ്പോസ് ഇങ്ങനെ നിരീക്ഷിക്കുന്നു: 'അന്താരാഷ്ട്ര യോഗാദിനത്തിൽ ആരംഭിച്ച ഒന്നാം പ്രചാരണത്തിന്റെ ഭാഗമായി ഓരോ സൗജന്യ വാക്‌സിൻ സ്വീകരിക്കുന്നയാളിലും ഈ വാക്‌സിൻ പ്രധാനമന്ത്രിയുടെ കനിവിന്റെ ഭാഗമാണ് എന്നൊരു വിധേയത്വമുണ്ടാക്കാൻ സാധിച്ചു. ഈ മാധ്യമപ്രചാരണ തന്ത്രങ്ങൾ മറച്ചുവെച്ചതാക്കട്ടെ സർക്കാരിന്റെ കടമയും വ്യക്തിയുടെ അവകാശബോധവുമായിരുന്നു.' ഇത്തരം മാധ്യമ പ്രചരണങ്ങളിലൂടെ നരേന്ദ്ര മോദിയെ ഒരു രക്ഷകനായും മോദിയെ പൊതിഞ്ഞു നിൽക്കുന്ന പ്രഭാവത്തേയും വർധിപ്പിക്കുക എന്നതു മാത്രമായിരുന്നു ലക്ഷ്യം. അതേസമയം, ദുർഘടമായ പാതകൾ താണ്ടി, വെയിലത്തും മഴയത്തും അതിർത്തി മേഖലകളിലും പല വെല്ലുവിളികളെ അഭിമുഖീകരിച്ച് വാക്‌സിൻ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച ആരോഗ്യപ്രവർത്തകരുടെ പേരിൽ ഒരു പ്രചാരണങ്ങളും എവിടെയും കണ്ടില്ല. മഹാമാരിയുടെ വേളയിൽ സ്വകാര്യ മേഖലയെ വളർത്തിയ മോദി സർക്കാരിനാണോ അതോ റിച്ചിൻ നീമയെ പോലുള്ള ആരോഗ്യസേവകർക്കാണോ അതിനർഹതയെന്ന് തീരുമാനിക്കേണ്ടത് ഈ ജനതയാണ്.
(പ്രമുഖ ആക്ടിവിസ്റ്റായ ലേഖകൻ Scroll.inൽ എഴുതിയ ലേഖനത്തിൻ്റെ സംക്ഷിപ്ത വിവർത്തനം)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."