ആലി മുസ് ലിയാരുടെ ജ്വലിക്കുന്ന ഓർമയിൽ സമസ്ത യാത്ര കോയമ്പത്തൂരിൽ
ഇസ്മാഈൽ അരിമ്പ്ര
കോയമ്പത്തൂർ • അധിനിവേശവിരുദ്ധ സമരങ്ങളുടെ ഓർമകൾ നിറഞ്ഞ കോയമ്പത്തൂരിൽ പൂർവിക സ്മരണയിൽ ലയിച്ച് സമസ്ത തമിഴ്നാട് സന്ദേശ യാത്ര. 1921ലെ മലബാറിലെ സ്വാതന്ത്ര്യ സമര നായകത്വം വഹിച്ച നെല്ലിക്കുത്ത് ആലി മുസ് ലിയാർ അന്തിയുറങ്ങുന്ന കോയമ്പത്തൂർ പൂ മാർക്കറ്റ് ഹൈദരലി – ടിപ്പു സുൽത്താൻ ജുമാ മസ്ജിദ് അങ്കണത്തിൽ സിയാറത്ത് നടത്തിയാണ് ഇന്നലെ പര്യടനം തുടങ്ങിയത്.
തിരൂരങ്ങാടി പള്ളിയിൽ നിന്ന് ബ്രിട്ടീഷ് പട്ടാളം അറസ്റ്റ് ചെയ്ത് കോടതി തൂക്കിലേറ്റാൻ വിധി പുറപ്പടുവിച്ചാണ് ആലി മുസ് ലിയാരെ കോയമ്പത്തൂർ ജയിലിലേക്ക് കൊണ്ടുപോയത്. വിധി നടപ്പാക്കുന്ന ദിവസം പുലർച്ചെ നിസ്കാരത്തിൽ ആലി മുസ് ലിയാർ മരിച്ചതായാണു ചരിത്രം. ആലി മുസ് ലിയാരുടെ വിയോഗത്തിന് ഒരു നൂറ്റാണ്ട് പിന്നിട്ട വേളയിൽ എത്തിയ സന്ദേശയാത്രാ സംഘാംഗങ്ങളും കോയമ്പത്തൂരിലെ സംഘാകടകരും മസ്ജിദ് അങ്കണത്തിൽ ഒത്തുചേർന്നു. സമസ്ത സെക്രട്ടറി കൊയ്യോട് പി.പി ഉമർ മുസ് ലിയാർ പ്രാർഥന നടത്തി.
കേരള മുസ് ലിം ചരിത്രത്തിലെ മഹാ പണ്ഡിതൻമാരുടെ ആത്മീയ നേതൃത്വവും, വൈദേശികാധിപത്യത്തിനെതിരേ സൂഫികളും പണ്ഡിതൻമാരും നടത്തിയ സാമൂഹിക മുന്നേറ്റവും സമ്മേളനം സ്മരിച്ചു.
കോയമ്പത്തൂർ ഖാഇദെ മില്ലത്ത് അക്കാദമിയിൽ ചേർന്ന സമ്മേളനം സമസ്ത കേരള ജംഇയ്യതുൽ ഉലമാ ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ് ലിയാർ ഉദ്ഘാടനം ചെയ്തു. കോയമ്പത്തൂർ റെയ്ഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ ജനറൽ സെക്രട്ടറി അബ്ദുൽ കരീം ഇംദാദി അധ്യക്ഷനായി. സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ് ലിയാർ മുഖ്യപ്രഭാഷണവും അബ്ദുസ്സമദ് പൂക്കോട്ടൂർ വിഷയാവതരണവും നടത്തി. സമസ്ത സെക്രട്ടറി പി.പി ഉമർ മുസ് ലിയാർ കൊയ്യോട്, ഇനായത്തുല്ല ഹാജി കോയമ്പത്തൂർ, സഊദി എസ്.ഐ.സി പ്രസിഡന്റ് ഉബൈദുല്ല തങ്ങൾ ഹൈദറൂസി, അബ്ദുൽ കരീം ഹസ്റത്ത്, ഹസൻ റഹ്മാനി, അബ്ദുൽ മാലിക് സിറാജി ഹസ്റത്ത്, പുത്തനഴി മൊയ്തീൻ ഫൈസി, ഡോ. എൻ.എ.എം അബ്ദുൽ ഖാദിർ, ഇസ്മാഈൽ കുഞ്ഞ് ഹാജി, എം. അബ്ദുറഹ്മാൻ മുസ് ലിയാർ, കെ. മോയിൻകുട്ടി , എം.എച്ച് സൈനുൽ ആബിദീൻ മളാഹിരി, മുഫത്തിശുമാരായ ഇ.വി ഖാജ ദാരിമി, ടി.പി അബൂബക്കർ മുസ് ലിയാർ, സമസ്ത ഇന്റർനാഷനൽ കൗൺസിൽ ജന. സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂർ, എ.കെ അലിപ്പറമ്പ്, ഇസ്മാഈൽ ഹാജി എടച്ചേരി, പി.സി ഉമർ മൗലവി വയനാട്, ഫാറൂഖ് കരിപ്പൂർ, എൻജിനീയർ നാസർ, എം. ഷംസുദ്ദീൻ മൗലവി സംബന്ധിച്ചു. എം.എ റശീദ് സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."