പത്തു ബില്ലുകൾ ഗവർണർ ഒപ്പിട്ടേക്കും ; മൂന്നു ബില്ലുകൾ ത്രിശങ്കുവിൽ
പ്രത്യേക ലേഖകൻ
തിരുവനന്തപുരം • സർക്കാരിനെതിരേ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിലപാട് കടുപ്പിച്ചതോടെ നിയമസഭ പാസാക്കി അയച്ച 13 ബില്ലുകളിൽ മൂന്നെണ്ണം ത്രിശങ്കുവിലാവും. മറ്റു ബില്ലുകളിൽ ഗവർണർ ഒപ്പിടുമെന്നാണ് രാജ്ഭവനിൽ നിന്നു ലഭിക്കുന്ന വിവരം.
ലോകായുക്ത, വൈസ് ചാൻസലർ നിയമനം, സഹകരണസംഘം എന്നീ നിയമഭേദഗതി ബില്ലുകൾ പ്രഥമദൃഷ്ട്യാ നിയമവിരുദ്ധമാണെന്ന് രാജ്ഭവൻ ഉദ്യോഗസ്ഥരുമായും മറ്റ് നിയമ വിദഗ്ധരുമായുമുള്ള ആശയവിനിമയത്തിൽ ഗവർണർക്ക് ബോധ്യമായെന്നാണ് അറിയുന്നത്. ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കാൻ ഗവർണർ ആഗ്രഹിക്കാത്തതിനാലാണ് മറ്റ് പത്തു ബില്ലുകളിൽ ഗവർണർ ഒപ്പിടാൻ തീരുമാനിച്ചതെന്നാണ് വിവരം.
കഴിഞ്ഞ ദിവസം വഖഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നത് റദ്ദ് ചെയ്തു കൊണ്ടുള്ള ബില്ലിൽ ഗവർണർ ഒപ്പിട്ടിരുന്നു. ഏകീകൃത തദ്ദേശ സ്വയംഭരണ പൊതുസർവിസ്, പി.എസ്.സി, വ്യവസായ ഏകജാലക ക്ലിയറൻസ്, പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനം, ധന ഉത്തരവാദിത്വ ഭേദഗതി തുടങ്ങിയ ബില്ലുകളാവും ഗവർണർ ഒപ്പിടുക. ഗവർണർ ഞായറാഴ്ച രാത്രിയേ രാജ്ഭവനിൽ മടങ്ങിയെത്തൂ.സർവകലാശാല, ലോകായുക്ത ഭേദഗതി ബില്ലുകളോടുള്ള വിയോജിപ്പ് ഗവർണർ വീണ്ടും പരസ്യമാക്കിയിരുന്നു. ബില്ലിൽ ഒപ്പിടില്ലെന്ന സൂചനയാണ് നൽകിയിരിക്കുന്നത്. ബില്ലുകളിൽ ഒപ്പിടാതെ ഗവർണർ അനിശ്ചിതമായി തീരുമാനം നീട്ടികൊണ്ടു പോകുകയോ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കുകയോ ചെയ്താൽ സർക്കാർ പ്രതിസന്ധിയിലാകും.
ദുരിതാശ്വാസനിധി ചെലവഴിച്ചതുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെയുള്ള കേസ് ഹിയറിങ് കഴിഞ്ഞ് ഉത്തരവിനായി ലോകായുക്ത മാറ്റിവച്ചിരിക്കുകയാണ്.
ലോകായുക്ത ഓർഡിനൻസ് അസാധുവായതോടെ പഴയ നിയമം പുനഃസ്ഥാപിക്കപ്പെട്ടു. പകരം കൊണ്ടുവന്ന ബില്ലിൽ ഗവർണറുടെ തീരുമാനം നീളുന്നത് സർക്കാരിനു തിരിച്ചടിയാകാനിടയുണ്ട്. ലോകായുക്ത നിയമം അനുസരിച്ച് ജനപ്രതിനിധികൾക്കെതിരേ പരാമർശമുണ്ടായാൽ രാജിവയ്ക്കണം.
ബജറ്റ് സമ്മേളനത്തിൽ അടിയന്തിരമായി സഭയിൽ കൊണ്ടുവന്ന് പാസാക്കിയ സഹകരണ നിയമഭേദഗതിയാണ് ഗവർണർ ഒപ്പിടാൻ സാധ്യതയില്ലാത്ത മൂന്നാമത്തെ ബിൽ. മിൽമ ഭരണസമിതിയിലേക്ക് നോമിനേറ്റഡ് അംഗങ്ങൾക്കും വോട്ടവകാശം അനുവദിക്കുന്ന സഹകരണ നിയമഭേദഗതി നിയമമായാൽ തെരഞ്ഞെടുപ്പുകൾ ജനാധിപത്യപരമാവില്ല. അഡ്മിനിസ്‌ട്രേറ്റർമാരായ ഉദ്യോഗസ്ഥർക്ക് വോട്ടവകാശം ലഭിച്ചാൽ രാഷ്ട്രീയക്കാരുടെ താൽപര്യമാവും സംരക്ഷിക്കപ്പെടുക എന്നാണ് ഗവർണറുടെ വിലയിരുത്തൽ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."