നടപ്പാക്കിയ പദ്ധതികൾ ഏതൊക്കെ ? വ്യക്തമായ മറുപടിയില്ലാതെ മുഖ്യമന്ത്രി
സ്വന്തം ലേഖകൻ
തിരുവനന്തപുരം • ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും 84 തവണ വിദേശ യാത്ര നടത്തിയിട്ടും പദ്ധതികളൊന്നും നടപ്പാക്കിയില്ല.
2016 മുതൽ 2021 വരെ 14 തവണയാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ സന്ദർശനം നടത്തിയത്. 70 തവണയാണ് മന്ത്രിമാർ വിദേശ സന്ദർശനം നടത്തിയത്. പുഷ്പകൃഷി വികസനം, സമുദ്ര ജലനിരപ്പിനു താഴെയുള്ള കൃഷി, വാഴപ്പഴത്തിന്റെ കയറ്റുമതിക്ക് സഹായകമായി ഷെൽഫ് ലൈഫ് വർധിപ്പിക്കൽ, വെള്ളപ്പൊക്ക നിയന്ത്രണ നൂതന മാതൃക അവലംബിക്കൽ, ഡച്ച് പുരാവസ്തു രേഖകൾ ഡിജിറ്റൈസ് ചെയ്തു സൂക്ഷിക്കുക എന്നിവ സംസ്ഥാനത്തു കൊണ്ടുവരാനാണ് മുഖ്യമന്ത്രി യൂറോപ്പ് യാത്ര നടത്തിയത്. എന്നാൽ ഇവയൊന്നും സംസ്ഥാനത്ത് നടപ്പാക്കാൻ സർക്കാരിനു സാധിച്ചിട്ടില്ല.
വിദേശയാത്രയുമായി ബന്ധപ്പെട്ട് വിവാദം ഉയരുന്ന സാഹചര്യത്തിൽ ഒരു പദ്ധതിയും നടപ്പാക്കുന്നത് ആരംഭിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രി ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിലും വ്യക്തമാക്കിയത്. റൂം ഫോർ റിവർ പദ്ധതി ജലവിഭവ വകുപ്പിന്റെ പരിഗണനയിലാണെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. നെതർലാന്റിൽ 1993 ലെ വെള്ളപ്പൊക്കത്തിനു ശേഷം 22 വർഷങ്ങൾക്കു ശേഷമാണ് ഈ പദ്ധതി പൂർത്തിയായതെന്നും കേരളത്തിലും കാലതാമസം നേരിടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പുഷ്പകൃഷി നടത്തുന്നതിനായി അമ്പലവയലിൽ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും ഇൻഡോ ഡച്ച് ആർക്കൈവ്‌സ് തയാറാക്കുന്നതിനായി ധാരണാപത്രം ഒപ്പുവച്ചതായും നടപടികൾ പുരോഗമിക്കുന്നതായും മുഖ്യമന്ത്രി മറുപടി നൽകി.
അതേസമയം മുഖ്യമന്ത്രിയുടെ നാലു തവണകളായുള്ള യു.എ.ഇ സന്ദർശനം, യു.കെ, ബഹ്‌റിൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെ ഔദ്യോഗിക സന്ദർശനങ്ങളിലെ ഗുണങ്ങൾ എന്തെന്ന് വിശദീകരിക്കാൻ മുഖ്യമന്ത്രി തയാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."