ഫീസിളവ്: അപേക്ഷാ തീയതി നീട്ടണമെന്ന് ആവശ്യം
സ്വന്തം ലേഖകൻ
കൽപ്പറ്റ • പട്ടികവർഗ വിദ്യാർഥികൾക്ക് ഉപകാരപ്പെടാതെ ഹയർസെക്കൻഡറി കംപാർട്ട്‌മെന്റൽ, ഇംപ്രൂവ്‌മെന്റ് പരീക്ഷകൾക്ക് ഫീസ് ഇളവ് അനുവദിച്ചുള്ള സർക്കാർ ഉത്തരവ്. പിഴയോടുകൂടി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നാണ്.
ഇന്നലെയാണ് ഫീസിളവ് സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്.
ഓണം അവധി തുടങ്ങുന്നതിന് മുമ്പാണ് ഹയർ സെക്കൻഡറി പരീക്ഷയിൽ 2016നു ശേഷം തോറ്റ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അവസരം നൽകുന്ന കംപാർട്ട്‌മെന്റൽ പരീക്ഷയ്ക്കും നിലവിൽ ഹയർസെക്കൻഡറി രണ്ടാംവർഷക്കാർക്ക് പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്കുമുള്ള വിജ്ഞാപനം വന്നത്. പിഴയില്ലാതെ 15 വരെയും പിഴയോടുകൂടി 17 വരെയുമാണ് അപേക്ഷാ തീയതികൾ പറഞ്ഞിരുന്നത്. ഒരു പേപ്പറിന് 225 രൂപയായിരുന്ന ഫീസ് നിശ്ചയിച്ചിരുന്നത്. ഒന്നിലേറെ പേപ്പറുണ്ടെങ്കിൽ ഇത് വർധിക്കും.
ഫൈനോടു കൂടി 600 രൂപയോളം ഒരു പേപ്പറിന് വരും. ഇതു വിദ്യാർഥികൾക്ക് താങ്ങാനാവില്ലെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നതോടെയാണ് ഫീസിളവ് നൽകി ഇന്നലെ സർക്കാർ ഉത്തരവിറക്കിയത്.
പട്ടികവർഗ വിദ്യാർഥികൾ ഏറെയുള്ള വയനാട്ടിൽ മാത്രം നൂറുകണക്കിന് വിദ്യാർഥികൾക്കാണ് സർക്കാർ ഉത്തരവ് ഉപകാരപ്പെടാതെ പോകുക. ഫീസ് ഇളവ് ആനുകൂല്യം ഉപയോഗപ്പെടുത്തി മുഴുവൻ പേർക്കും ഇന്ന് അപേക്ഷ സമർപ്പിക്കാനാകുമോ എന്നാണ് ആശങ്ക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."