എസ്.ഐ വിമോദിനെ സംരക്ഷിച്ചതായി അഭിഭാഷക നേതാവിന്റെ ഏറ്റുപറച്ചില്‍
കോഴിക്കോട്: തെറ്റുകാരനാണെന്ന് അറിഞ്ഞിട്ടും കോഴിക്കോട് ടൗണ്‍ എസ്.ഐയായിരുന്ന വിമോദിനെ സംരക്ഷിക്കേണ്ടി വന്നെന്ന് അഭിഭാഷക സംഘടനാ നേതാവിന്റെ ഏറ്റുപറച്ചില്‍.
കോടതിയില്‍ റിപ്പോര്‍ട്ടിങ്ങിനെത്തിയ മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച ടൗണ്‍ എസ്.ഐയെ അഭിഭാഷകര്‍ സംരക്ഷിച്ചത് അഭിഭാഷകര്‍ക്കു വേണ്ടിയാണെന്നാണ് ബാര്‍ ഫെഡറേഷന്‍ സംസ്ഥാന ട്രഷററും സി.പി.എം നേതാവുമായ എടത്തൊടി രാധാകൃഷ്ണന്‍ തുറന്നു പറഞ്ഞത്. ബേപ്പൂര്‍ എസ്.ഐയുടെ മൂന്നാംമുറ പ്രയോഗത്തിനെതിരേ കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച പൊലിസ് സ്റ്റേഷന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു നടത്തിയ പ്രസംഗത്തിലാണ് വിവാദ പരാമര്‍ശം.
അഭിഭാഷകരെ രക്ഷിക്കേണ്ട ബാധ്യതയുള്ളതുകൊണ്ടാണ് എസ്.ഐ വിമോദിന് അനുകൂലമായി സത്യവാങ്മൂലം നല്‍കിയത്. വിമോദിനെക്കുറിച്ച് അഭിഭാഷകര്‍ക്കും അത്രനല്ല അഭിപ്രായമല്ല. തങ്ങള്‍ കൊടുത്ത സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ വിമോദിനെ സര്‍വിസില്‍ തിരിച്ചെടുക്കുമെന്നാണ് തനിക്ക് ലഭിയ്ക്കുന്ന വിവരമെന്നും എടത്തൊടി രാധാകൃഷ്ണന്‍ പറയുന്നുണ്ട്.
തൃശൂരില്‍ ചേര്‍ന്ന ഫെഡറേഷന്‍ സംസ്ഥാന സമിതി യോഗത്തിലാണ് വിമോദിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്. വിമോദിന്റെ പല നടപടികളും തെറ്റാണെന്ന് അറിഞ്ഞിട്ട് തന്നെയാണ് അങ്ങനെ ഒരു തീരുമാനം എടുത്തത്. എസ്.ഐ വിമോദ് സാധാരണക്കാരോട് വളരെ മോശമായി പെരുമാറുന്നത് താന്‍ നേരില്‍ കണ്ടിട്ടുണ്ടെന്നും അഡ്വ. എടത്തൊടി രാധാകൃഷ്ണന്‍ പ്രസംഗത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."