സമാന്തര ആർ.ടി ഒാഫിസായി ഒറ്റമുറിക്കട
കൈക്കൂലി നേരിട്ടു വാങ്ങാതെ ഏൽപ്പിച്ചിരുന്നത് ഈ കടയിൽ
കോഴിക്കോട് • ചേവായൂർ ആർ.ടി ഓഫിസിന് സമീപത്തെ കടയിൽ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ ഉദ്യോഗസ്ഥരുടെ ഒപ്പോടുകൂടിയ രേഖകളും ഒന്നരലക്ഷം രൂപയും പിടിച്ചെടുത്തു. പിടിച്ചെടുത്ത 145 രേഖകളിൽ 114 എണ്ണവും ആർ.ടി ഓഫിസുമായി ബന്ധപ്പെട്ടതാണ്.
ഇതിൽ 21 എണ്ണം ഓഫിസിൽ മാത്രം സൂക്ഷിക്കേണ്ടവയായിരുന്നുവെന്ന് വിജിലൻസ് സംഘം അറിയിച്ചു.
19 ലൈസൻസുകൾ, 12 പെർമിറ്റുകൾ എന്നിവയാണ് പിടിച്ചെടുത്ത മറ്റു രേഖകൾ. ഇന്നലെ ഉച്ചയ്ക്ക് 11.30നു തുടങ്ങിയ റെയ്ഡ് വൈകിട്ട് അഞ്ചുമണി വരെ നീണ്ടു. ഈ ഒറ്റമുറിക്കട ഒരു സമാന്തര ആർ.ടി ഓഫിസായി പ്രവർത്തിച്ചു വരികയായിരുന്നു.
ആർ.ടി ഓഫിസ് ജീവനക്കാർ കൈക്കൂലി നേരിട്ട് വാങ്ങുന്നതിനു പകരം ഈ കടയിൽ ഏൽപിക്കുകയായിരുന്നു പതിവ്.
ഇതിന് പ്രത്യേകം ഏജന്റുമാരുണ്ട്.
വാഹനങ്ങളുടെ രേഖകൾ ശരിയാക്കി നൽകാനും ലൈസൻസിനുമായി ഉദ്യോഗസ്ഥർ ഇടനിലക്കാരെ ഉപയോഗിച്ച് കൈക്കൂലി വാങ്ങുന്നതായ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ 1,59,390 രൂപയാണ് കണ്ടെത്തിയത്.
ട്രാൻസ്‌പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്തിന്റെ നിർദേശപ്രകാരം കോഴിക്കോട് വിജിലൻസ് സ്‌പെഷൽ സെൽ എസ്.പി പ്രിൻസ് എബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."