സലാം പറയല്‍: പാഠപുസ്തകത്തിലെ പരിഷ്‌കരണം കാന്തപുരം വിഭാഗത്തില്‍ അസ്വസ്ഥത പുകയുന്നു
കോഴിക്കോട്: മുജാഹിദ്-ജമാഅത്ത് വിഭാഗങ്ങള്‍ക്ക് സലാം പറയുന്നതുമായി ബന്ധപ്പെട്ട് സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ പുസ്തകത്തില്‍ വരുത്തിയ പരിഷ്‌കരണത്തിന്റെ പേരില്‍ അസ്വസ്ഥത പുകയുന്നു. മൂന്നാം തരത്തിലെ ദുറൂസുല്‍ ഇസ്‌ലാം എന്ന പാഠപുസ്തകത്തിലെ പരിഷ്‌കരണമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയില്‍ വിഭാഗീയത ഉയര്‍ത്തി വിഘടിച്ചുപോകുന്നതിന് കാന്തപുരം വിഭാഗം പ്രധാന കാരണമായി പറഞ്ഞിരുന്നത്, മുജാഹിദ്, ജമാഅത്ത് വിഭാഗങ്ങള്‍ക്ക് സലാം പറയരുത് എന്നത് സമസ്തയുടെ പാഠപുസ്‌കതത്തില്‍നിന്ന് ഒഴിവാക്കി എന്നായിരുന്നു. എന്നാല്‍ പ്രസ്തുത ഭാഗം മുജാഹിദ്, ജമാഅത്ത് വിഭാഗങ്ങളില്‍ മാത്രം പരിമിതപ്പെടുത്തേണ്ടതില്ല എന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പുത്തന്‍വാദികള്‍ക്ക് പൊതുവെ പ്രയോഗിക്കുന്ന 'മുബ്തദിഅ് ' എന്ന പദമായിരുന്നു ഉപയോഗിച്ചിരുന്നത്.
എന്നാല്‍ അതു മറച്ചുവച്ച് സലാം പറയാന്‍ പാടില്ല എന്ന ഭാഗം പാടേ ഒഴിവാക്കി എന്ന് തെറ്റിദ്ധരിപ്പിക്കാനും ആദര്‍ശവ്യതിയാനം സംഭവിച്ചുവെന്ന് ആരോപിക്കാനും വിഭാഗീയത വളര്‍ത്താനും കാന്തപുരം വിഭാഗം നീക്കം നടത്തി. സമസ്തയില്‍നിന്ന് വിഘടിച്ച് പുതിയ സംഘടന ഉണ്ടാക്കിയതിനു പ്രധാന ന്യായമായി പറഞ്ഞിരുന്നത് സമസ്തയുടെ പാഠപുസ്തകത്തിലെ പ്രസ്തുത പരിഷ്‌കരണമായിരുന്നു.
കാന്തപുരം വിഭാഗം സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ മൂന്നാംതരം പാഠപുസ്തകത്തിലെ മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി എന്നതില്‍ മാറ്റംവരുത്തി സമസ്തയുടെ മദ്‌റസാ പാഠപുസ്തകത്തില്‍ ഉള്ളതുപോലെ 'മുബ്തദിഉകള്‍, ഫാസിഖുകള്‍' എന്നാക്കി മാറ്റിയതിനെയാണ് ഇപ്പോള്‍ അണികള്‍ ചോദ്യംചെയ്യുന്നത്. പ്രസ്തുത മാറ്റം സമസ്തയുടെ പാഠപുസ്തകത്തില്‍ വരുത്തിയപ്പോള്‍ ആദര്‍ശവ്യതിയാനം ആരോപിച്ച് പുതിയ സംഘടന ഉണ്ടാക്കിയതിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ഇരുവിഭാഗമായി മാറി വാഗ്വാദങ്ങള്‍ നടക്കുകയാണ്.
പരിഷ്‌കരണവുമായി ബന്ധപ്പെട്ട വിശദീകരണത്തിനായി സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ഓഫിസുമായി ബന്ധപ്പെട്ടപ്പോള്‍ പിന്നീട് അധ്യാപകര്‍ക്ക് ട്രെയിനിങ് നല്‍കും എന്നാണു മറുപടി ലഭിച്ചത്. പ്രമുഖ നേതാവ് ഈ പരിഷ്‌കരണം അറിഞ്ഞിട്ടില്ല എന്ന് പറയുന്ന പ്രതികരണവും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായത് കാന്തപുരം വിഭാഗത്തെ വെട്ടിലാക്കിയിരിക്കുകയാണ്.
സമസ്തയ്‌ക്കെതിരേ ഉന്നയിച്ച ആരോപണങ്ങളെല്ലാം പില്‍ക്കാലത്ത് കാന്തപുരം വിഭാഗം തന്നെ പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്. ഇതോടെ കാന്തപുരം വിഭാഗം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പണ്ഡിതര്‍ക്ക് ആദര്‍ശവ്യതിയാനം ആരോപിച്ച് പുതിയ സംഘടന രൂപീകരിച്ചതിന്റെ സാംഗത്യം കൂടുതല്‍ ചോദ്യം ചെയ്യപ്പെടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."