നിധിക്കായി നരബലി അഞ്ചുവയസുകാരിയെ കഴുത്തറുത്തു കൊന്നു
ലഖ്നൗ: നിധി ലഭിക്കുന്നതിന് അഞ്ചു വയസുകാരിയെ അയല്‍ക്കാരായ സ്ത്രീയും മകളും ചേര്‍ന്ന് ബലിനല്‍കി.
യു.പിയിലെ ബാന്ദ ജില്ലയില്‍ കോട്ട്വാലിക്കടുത്തുള്ള ചമറൗഡി ഗ്രാമത്തിലാണ് സംഭവം. പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. അഞ്ചു വയസുകാരിയെ കാണാനില്ലെന്ന പരാതി ലഭിച്ചതിന് പിന്നാലെ പൊലിസ് നടത്തിയ അന്വേഷണത്തിലാണ് നരബലി നടത്തിയതാണെന്ന വിവരം പുറത്തറിഞ്ഞത്. സമീപവാസികളില്‍ നിന്നും പൊലിസ് വിവരങ്ങള്‍ ശേഖരിക്കുന്നതിനിടെ അയല്‍ക്കാരിയുടെ ഇളയ മകന് തന്നെയാണ് തന്റെ അമ്മയും സഹോദരിയും ചേര്‍ന്ന് പെണ്‍കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം ആറ്റില്‍ തള്ളിയത് കണ്ടെന്ന് വെളിപ്പെടുത്തിയത്.
പിന്നാലെ സ്ത്രീയെയും മകളെയും പൊലിസ് അറസ്റ്റ് ചെയ്തു. മൃതദേഹം ആറ്റില്‍ നിന്ന് കണ്ടെടുത്ത ശേഷം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. കഴുത്തില്‍ മാരകമായ മുറിവേറ്റനിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. കുഴിച്ചുമൂടപ്പെട്ട നിധി കണ്ടെത്താന്‍ മന്ത്രവാദി പറഞ്ഞതനുസരിച്ചാണ് കുട്ടിയെ ബലി നല്‍കിയതെന്നായിരുന്നു പ്രതികളുടെ മൊഴി. കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ് പത്ത് ദിവസം മുന്‍പാണ് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."