ജനം കണ്ടറിഞ്ഞാല്‍ ഫിഷ്മാര്‍ട്ടുകള്‍ രക്ഷപ്പെടും
കോഴിക്കോട്: മിതമായ നിരക്കില്‍ ഗുണമേന്മയുള്ള മത്സ്യങ്ങള്‍ ലഭ്യമാക്കുന്നതിനായി ആരംഭിച്ച മത്സ്യഫെഡിന്റെ വിപണന കേന്ദ്രങ്ങള്‍ക്ക് ജനങ്ങളുടെ പരിഗണന ലഭിക്കാത്തത് തിരിച്ചടിയാകുന്നു. ജില്ലയില്‍ മത്സ്യഫെഡിന്റെ രണ്ടു ഫിഷ്മാര്‍ട്ടുകളാണ് നിലവിലുള്ളത്. കോഴിക്കോട് അരയിടത്തുപാലത്തിനു താഴെ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിനു സമീപവും ഫറോക്ക് പേട്ടയിലുമാണ് ഇവ പ്രവര്‍ത്തിക്കുന്നത്. അടുത്തമാസത്തോടെ മൂന്നാമത്തെ വിപണന കേന്ദ്രം തിരുവണ്ണൂരിലെ കോട്ടണ്‍മില്‍ ജങ്ഷനില്‍ പ്രവര്‍ത്തനമാരംഭിക്കാനിരിക്കുകയാണ്.
കാര്യമായ വിപണനം നടക്കാത്തതിനാല്‍ ഫറോക്ക് പേട്ടയിലെ ഫിഷ്മാര്‍ട്ട് കടുത്ത പ്രതിസന്ധി നേരിടുകയാണ്. മിക്ക ദിവസങ്ങളിലും അയ്യായിരും രൂപയുടെ കച്ചവടം പോലും ഇവിടെ നടക്കാറില്ലെന്ന് ജീവനക്കാരി പറയുന്നു. വിപണനത്തിനനുസരിച്ചാണ് ജീവനക്കാര്‍ക്ക് വേതനം നല്‍കുകയെന്നതിനാല്‍ ഇവിടെ ജീവനക്കാരെ കിട്ടാത്ത സാഹചര്യവുമുണ്ട്. വില്‍പനയുടെ മൂന്നുശതമാനവും ലാഭവിഹിതത്തിന്റെ 20ശതമാനവുമാണ് ജീവനക്കാര്‍ക്ക് ശമ്പളമായി നല്‍കുക. വിപണനം കുറഞ്ഞതിനാല്‍ ഇവിടെ ഒരു ജീവനക്കാരി മാത്രമാണിപ്പോഴുള്ളത്. ഒരു യൂനിറ്റില്‍ ആറുപേര്‍ വരെ ജോലിക്ക് വേണ്ട സമയത്താണ് ഈ ദുരവസ്ഥ. മത്സ്യം മുറിച്ചുനല്‍കുന്നയാള്‍ക്ക് 750രൂപ നല്‍കണമെന്നതിനാല്‍ ഇയാളുടെ സേവനം ഇവിട ലഭ്യമല്ല. മത്സ്യം തൂക്കി നോക്കുന്നത് മുതല്‍ പണം വാങ്ങുന്നതുവരെയുള്ള ജോലികള്‍ ഇവിടെ ഒരാള്‍ ചെയ്യേണ്ട അവസ്ഥയാണ്.
കോഴിക്കോട്ടുള്ള യൂനിറ്റില്‍ തുടക്കത്തില്‍ 80,000 മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് ലഭിച്ചിരുന്നതെങ്കില്‍ ഇതു ക്രമേണ കുറഞ്ഞു വരികയാണ്. ഇപ്പോള്‍ 50,000 രൂപയില്‍ താഴെയാണ് ലഭിക്കുന്ന വരുമാനം. ദിവസവും പത്തോളം ഐസ് ബ്ലോക്കുകള്‍ ഇവിടേക്ക് ആവശ്യമായി വരുന്നുണ്ട്. ഇതിനു തന്നെ ആയിരക്കണക്കിന് രൂപ ചെലവ് വരും. ഇതിനു പുറമേയാണ് വൈദ്യുതി, വെള്ളം എന്നിവക്ക് ചെലവാകുന്ന തുക. ഇവിടെ നിന്ന് ജോലി ഉപേക്ഷിച്ച് പോയവര്‍ ഫിഷ്മാര്‍ട്ടിനെ അനുകരിച്ച് മറ്റൊരു സ്ഥാപനം തുടങ്ങിയതും കച്ചവടത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. 2009ലെ ആഗോള മാന്ദ്യവിരുദ്ധ പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് ഫിഷ്മാര്‍ട്ടുകള്‍ക്ക് രൂപം നല്‍കിയത്. പൂര്‍ണമായും മത്സ്യഫെഡിന്റെ ഫണ്ട് ഉപയോഗിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നത്. ഈ സംരഭം ഇല്ലാതാക്കുന്നതിനു വേണ്ടി സ്വകാര്യ കച്ചവടക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് അധികൃതര്‍ പറയുന്നു.
ഫിഷ്മാര്‍ട്ടുകളുടെ മുന്നില്‍ വച്ച് തന്നെ മത്സരബുദ്ധിയോടെ കുറഞ്ഞ വിലക്ക് മത്സ്യവില്‍പന നടത്തുന്നത് പതിവാണ്. ഇത്തരം സാഹചര്യങ്ങളില്‍ ഗുണമേന്മ പോലും നോക്കാതെ ജനങ്ങള്‍ ഇവരെ ആശ്രയിക്കുകയാണ് പതിവ്. ദിവസവും പുതിയാപ്പ, ബേപ്പൂര്‍, ചാലിയം ഹാര്‍ബറുകളില്‍ നിന്നാണ് ഫിഷ്മാര്‍ട്ടുകളിലേക്കുള്ള മത്സ്യം കൊണ്ടുവരുന്നത്.
ഗുണമേന്മ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമേ വിപണനം നടത്താറുള്ളൂ. അവശേഷിക്കുന്ന മത്സ്യം പിന്നീട് വില്‍ക്കാതെ വാങ്ങിയ സ്ഥലത്തു തന്നെ തിരിച്ച് നല്‍കുന്ന രീതിയിലാണ് ഇവയുടെ പ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ് അനുവദിക്കുന്ന സ്ഥലത്തേ നിലവിലെ സാഹചര്യത്തില്‍ ഫിഷ്മാര്‍ട്ടുകള്‍ തുടങ്ങാന്‍ കഴിയൂ. അതുകൊണ്ട് തന്നെ കച്ചവട സാധ്യതയില്ലാത്ത സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ പ്രദേശത്തെ ജനങ്ങളുടെ പിന്തുണ അനിവാര്യമായി വന്നിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."