നിലാഹിമം പൊഴിയുന്നപോൽ
കെ.ടി അബൂബക്കർ വിളയിൽ
മഞ്ഞുപൂക്കളിൽ നിലാഹിമം പൊഴിയുന്നപോൽ... കവിവരികളെ സ്വാംശീകരിക്കുന്നയിടം. ഒറ്റയാത്രയിൽ കണ്ടുമടങ്ങാൻ കഴിയാത്തത്രയും കാഴ്ചകൾ. മലനിരകളാൽ ചുറ്റപ്പെട്ട് ഹിമാലയ സാനുക്കൾക്കിടയിൽ വിസ്മയം തീർക്കുന്ന സഞ്ചാരികളുടെ പറുദീസ. കിഴക്ക് ഭൂട്ടാനും പടിഞ്ഞാറ് നേപ്പാളും വടക്ക് ടിബറ്റും തെക്ക് പശ്ചിമബംഗാളും അതിർത്തികൾ തീർക്കുന്ന സമ്പന്ന സംസ്കാരങ്ങളുടെ സംഗമഭൂമി. വ്യത്യസ്താചാരങ്ങൾ, വിചിത്രാരാധനാ രീതി, വൈവിധ്യോത്സവങ്ങൾ, കണ്ണുടക്കുന്ന നൃത്തനൃത്യങ്ങൾ, ആകർഷകമാണ് താഴ്വര, നീലത്തടാകങ്ങൾ ശാന്തവും... ഒരു മാന്ത്രിക കൊളാഷിലെന്നപോൽ ഇതൾവിടർത്തുന്ന അതിശയകരമായ പ്രകൃതിദൃശ്യങ്ങൾ. ഇതൊക്കെയാണ് സിക്കിം. രാജ്യത്തെ രണ്ടാമത്തെ ചെറിയ സംസ്ഥാനം.
ഒരു വശത്ത് ഇടിഞ്ഞുവീഴാറായി തൂങ്ങിനിൽക്കുന്ന പാറക്കെട്ടുകൾ. മറുവശത്തെയറ്റം എവിടെയെന്ന് തിട്ടപ്പെടുത്താൻ കഴിയാത്തത്രയും ആഴമുള്ള കൊക്കകൾ. ഭൂമിയിലെ മൂന്നാമത്തേതും രാജ്യത്തെ ഏറ്റവും ഉയർന്നതുമായ കാഞ്ചൻജംഗ കൊടുമുടിയുടെ ആതിഥേയ മണ്ണ്. കാഴ്ചകളുടെ വസന്തമൊരുക്കുന്ന ആ സ്വപ്നഭൂമിയിലേക്കായിരുന്നു ഞങ്ങളുടെ യാത്ര.
അസമിലെ ഗുവാഹത്തി റെയിൽവേ സ്റ്റേഷനിൽനിന്ന് ടെംപോ ട്രാവലറിലാണ് തലസ്ഥാനമായ ഗാങ്ടോക്കിലേക്ക് യാത്ര തിരിക്കുന്നത്. കിഴക്കൻ ഹിമാലയത്തിൽ നിന്നുത്ഭവിച്ച് സിക്കിം, പശ്ചിമബംഗാൾവഴി ബംഗാൾ ഉൾക്കടലിൽ പതിക്കുന്ന ബ്രഹ്മപുത്ര നദിയുടെ പോഷകനദി ടീസ്റ്റയുടെ തീരത്തെ വളഞ്ഞുപുളഞ്ഞ വഴികളിലൂടെ ആടിയുമുലഞ്ഞും ടാക്സി ഓടിക്കൊണ്ടിരുന്നു. കുന്നുകളെയും കാടുകളെയും താഴ്വരകളെയും തഴുകിവരുന്ന ടീസ്റ്റയുടെ തരളഭാവങ്ങളിലലിഞ്ഞ് മഴയും വെയിലും ഒളിച്ചുകളിച്ച വഴികളിലൂടെയുള്ള ആ യാത്ര ആസ്വാദ്യകരമായിരുന്നു. ഡാർജലിങ്ങിനും സിക്കിമിനും ഇടയിലുള്ള അതിർത്തിയായി മാറുന്ന ടീസ്റ്റ നദി ജനപ്രിയ സാഹസിക വിനോദങ്ങളിൽ ഒന്നായ വൈറ്റ്വാട്ടർ റാഫ്റ്റിങ് റൂട്ടുകൾക്ക് പേരുകേട്ടതാണ്. ഇടുങ്ങിയ റോഡുകളും കലുങ്കുനിർമാണവും മഴയും വഴികളിൽ തടസങ്ങൾ സൃഷ്ടിച്ചെങ്കിലും ചുറ്റുമുള്ള പ്രകൃതിയുടെ വശ്യമനോഹാരിത മനം കീഴടക്കി.
സിക്കിം ടാക്സി സ്റ്റാൻഡിൽനിന്ന് രണ്ടര കിലോമീറ്റർ അകലെയുള്ള എം.ജി സ്ട്രീറ്റിലേക്ക് വലിയ വാഹനങ്ങൾക്കു പ്രവേശനമില്ലാത്തതിനാൽ രണ്ടു ചെറിയ ടാക്സി കാറുകളിലാണ് ഞങ്ങൾ ഏഴുപേരുടെ യാത്ര. ശാന്തവും സവിശേഷവുമായ പ്രകൃതി സൗന്ദര്യമാണവിടം. എം.ജി സ്ട്രീറ്റിന്റെ മധ്യത്തിൽതന്നെ താമസം തരപ്പെട്ടു. ഗാങ്ടോക്കിലെ ഗാന്ധിവീഥിയിലെ സായംസന്ധ്യയുടെ സൗവർണ ശോഭയിലേക്കാണ് കാഴ്ചകൾ കാണാനിറങ്ങിയത്. സാഹസികതയുടെയും പ്രകൃതിഭംഗിയുടെയും മറ്റൊരിടത്തും കാണാത്ത ലോകം കൺമുന്നിൽ തുറന്നപോലെ. ചാറ്റൽമഴയിലും നല്ല ആൾത്തിരക്ക്. വിവിധ നിറത്തിലുള്ള ബൾബുകളുടെ വെളിച്ചത്തിൽ മഴനനഞ്ഞ റോഡിൽ വർണരാജികളുടെ പ്രതിബിംബം. ഇന്ത്യയിലെ ഏറ്റവും മനോഹരമായ സംസ്ഥാനങ്ങളിലൊന്നായ സിക്കിം സ്ഥാപകദിനം ആഘോഷിക്കുന്ന മെയ് 16നാണ് ഞങ്ങൾ ഗാങ്ടോക്കിലെത്തുന്നത്.
പട്ടുപാതയിലെ വിശ്വാസങ്ങൾ
പിറ്റേന്നു രാവിലെ നാഥുലാ പാസ് കാഴ്ചകൾ കാണാനിറങ്ങി. ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലെ അവിശ്വസനീയമായ പ്രകൃതിസൗന്ദര്യം നിറഞ്ഞ ചരിത്രപ്രസിദ്ധമായ സിൽക്ക് റൂട്ട് അഥവാ പട്ടുപാത എന്നറിയപ്പെടുന്നതാണ് നാഥുല ചുരം. ഇവിടെ ഒരു യുദ്ധ സ്മാരകവും ഇന്ത്യൻ ആർമിയുടെ പ്രദർശന കേന്ദ്രവുമുണ്ട്. ചൈനയുടെയും ഇന്ത്യയുടെയും സൈനികർ ഇരുവശത്തും കാവൽ നിൽക്കുന്നു. അതിർത്തിയോടു ചേർന്ന് സ്ഥിതിചെയ്യുന്നതിനാൽ രജിസ്റ്റർ ചെയ്ത ടൂർ ഓപറേറ്റർമാർ മുഖേന ഗാങ്ടോക്കിലെ സിക്കിം ടൂറിസം വകുപ്പിന്റെ അനുമതി നേടിയതിനു ശേഷം മാത്രമേ ഇവിടേക്ക് പ്രവേശിക്കാൻ കഴിയൂ. നാഥുലയിലേക്ക് പ്രവേശിക്കുന്നതിന് ഒരു ദിവസം മുമ്പ് പാസ് എടുത്തിരിക്കണം.
ഗാങ്ടോക്കിൽനിന്ന് കിഴക്കുമാറി 57 കിലോമീറ്റർ ദൂരമുള്ളതും 14,140 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്നതുമായ നാഥുലാ ലോകത്തെ ഏറ്റവും ഉയരമേറിയ ഗതാഗത മാർഗങ്ങളിലൊന്നാണ്. സന്ദർശനത്തിന് ഏറ്റവും അനുയോജ്യമായ സമയം മെയ് മുതൽ ഒക്ടോബർ വരെയാണ്. ശരാശരി താപനില 10 ഡിഗ്രി സെൽഷ്യസ്. ശൈത്യകാലത്ത് നാഥുലാ ചുരത്തിൽ വ്യത്യസ്തമായ കാഴ്ചയാണുണ്ടാവുക. മഞ്ഞുപ്രേമികൾക്ക് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണെങ്കിലും റോഡിന്റെ അവസ്ഥ കാരണം നാഥുല ചുരം മിക്ക സമയത്തും അടച്ചേക്കാം. തിങ്കൾ, ചൊവ്വ ഒഴികെയുള്ള ദിവസങ്ങളിലാണ് സഞ്ചാരാനുമതിയുള്ളത്. ടിബറ്റിന്റെ തലസ്ഥാനമായ ലാസയിൽനിന്ന് ചുരത്തിലേയ്ക്ക് 493 കിലോമീറ്റർ ദൂരമുണ്ട്.
നാഥുല ചുരംയാത്ര അതീവ സാഹസികമാണ്. അപകടകരമായ അനേകം തിരിയലുകളുമായി കിലോമീറ്ററുകളോളം വളഞ്ഞുകിടക്കുന്ന ഈ റോഡിൽ നല്ല വൈദഗ്ധ്യമുണ്ടെങ്കിൽ മാത്രമേ എതിരേവരുന്ന വാഹനങ്ങളെ തട്ടാതെ ഡ്രൈവ് ചെയ്തുപോകാനാവൂ. ചുരത്തിനിരുവശവുമുള്ള പ്രകൃതിയുടെ ശാന്തസുന്ദരവും ഗംഭീരവുമായ കാഴ്ചകൾ ആരെയും ആശ്ചര്യപ്പെടുത്തും. ഫോട്ടോ എടുക്കാനായി വണ്ടിയുടെ വേഗത കുറക്കാൻ ആവശ്യപ്പെട്ടപ്പോൾ ഖതർനാക് ഹെ, പഥർ ഗിരേ ഗാ (അപകടമാണ്, കല്ലുകൾ വീഴും) എന്ന് ഡ്രൈവർ പറയുന്നുണ്ടായിരുന്നു.
തണുത്തുറയും തടാകക്കരയിൽ
നാഥുല ചുരത്തിലേക്ക് നയിക്കുന്ന കുത്തനെയുള്ള പാതയിൽ സമുദ്രനിരപ്പിൽനിന്ന് 12,313 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്നു, സോംഗോ/ചംഗു തടാകം. തണുപ്പുകാലങ്ങളിൽ മഞ്ഞുറഞ്ഞ് കിടക്കുന്ന ഇവിടം വേനൽക്കാലത്താണ് തടാകരൂപം കൈവരിക്കുന്നത്. 2006ൽ ഇന്ത്യൻ പോസ്റ്റൽ വകുപ്പ് ഈ തടാകത്തിന്റെ ചിത്രം പതിച്ച സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു. ചുറ്റുമുള്ള കുന്നുകളുടെ പ്രതിബിംബം പ്രതിഫലിപ്പിച്ച് ഒരു ഹിമസുന്ദരിയെപ്പോലെ തെളിഞ്ഞുകിടക്കുന്ന തടാകക്കരയിൽ, അലങ്കരിച്ച യാക്കുകളും കോവർകഴുതകളും ആനന്ദസവാരിക്കായി ഒരുങ്ങിനിൽപ്പുണ്ട്. സിക്കിമിലുള്ളവർ ഏറെ വിശുദ്ധമായാണ് ഇതിനെ കണക്കാക്കുന്നത്.
നാഥുലയിലേക്കുള്ള രണ്ടായി വിഭജിക്കുന്ന റോഡിൽ സോംഗോ തടാകത്തിൽനിന്ന് രണ്ട് കിലോമീറ്റർ മാത്രം അകലെയാണ് ബാബാ ഹർഭജൻ സിങ് മന്ദിർ. 1962ൽ ഇന്ത്യ-ചൈന യുദ്ധത്തിൽ കാണാതാവുകയും പിന്നീട് നാഥുലായ്ക്കു സമീപം 22ാം വയസിൽ വീരമൃത്യു വരിക്കുകയും ചെയ്ത 23ാം റെജിമെന്റിലെ ശിപായി ആയിരുന്ന പഞ്ചാബ് സ്വദേശിയായ ബാബാ ഹർഭജൻ സിങ്ങിന്റെ സ്മരണയ്ക്കാണ് ഇതു നിർമിച്ചത്. ഇന്ത്യൻ സൈന്യമാണ് ഇതു പരിപാലിക്കുന്നത്. കാണാതായി ഏതാനും ദിവസങ്ങൾക്കു ശേഷം അദ്ദേഹം സ്വപ്നത്തിൽ പ്രത്യക്ഷപ്പെടുകയും തന്റെ ഓർമയ്ക്കായി സ്മാരകം നിർമിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തുവെന്നാണ് ഐതിഹ്യം. ബാബ ഹർഭജൻ സിങ് ക്ഷേത്രം, ചംഗു തടാകം, നാഥുല ചുരം എന്നിവ ഒറ്റപാസിൽ ഒരുദിവസത്തെ യാത്രയിൽ പോകാം. നാഥുല പാസിലെ സ്തംഭിപ്പിക്കുന്ന കാഴ്ചകൾ മനംനിറയെ കണ്ട് ശ്വാസമടക്കിപ്പിടിച്ചാണ് ചെങ്കുത്തായ മല തിരിച്ചിറങ്ങി ഞങ്ങൾ ഗാങ്ടോക്കിലേക്ക് മടങ്ങിയത്.
രോഗശാന്തിയുടെ തടാകം
വടക്കൻ സിക്കിമിലെ മനോഹരമായ പട്ടണമായ ലാച്ചനിൽ സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പതിനഞ്ച് തടാകങ്ങളിലൊന്നായ ഗുരുഡോങ്മാർ പ്രധാന ആകർഷണമാണ്. ചോലമു തടാകത്തിനു ശേഷം സിക്കിമിലെ ഉയരംകൂടിയ രണ്ടാമത്തെ തടാകം കൂടിയായ ഇതിലെ ജലത്തിന് രോഗശാന്തിയുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.
വടക്കൻ സിക്കിമിലെ ‘പൂക്കളുടെ താഴ്വര’ എന്നറിയപ്പെടുന്ന യംതാങ് താഴ്വര ഗാങ്ടോക്കിൽനിന്ന് 140 കിലോമീറ്ററകലെ, സമുദ്രനിരപ്പിൽ നിന്ന് 3,564 മീറ്റർ ഉയരത്തിലാണ്. ചൂടുനീരുറവകൾ, നദികൾ, യാക്കുകൾ, പച്ചപ്പുനിറഞ്ഞ പുൽമേടുകൾ, വിവിധയിനം പൂക്കൾ തുടങ്ങിയവയാൽ സമൃദ്ധമായ ഇവിടം പ്രകൃതിസ്നേഹികളെ വിസ്മയിപ്പിക്കുന്നു. വടക്കൻ സിക്കിമിന്റെ രത്നമായ ലാച്ചനും ലാചുങ്ങും ലോകോത്തര കാഴ്ചയുമായി അവിസ്മരണീയമായ യാത്രാനുഭവമൊരുക്കുന്നു.
വടക്കൻ സിക്കിമിലെ ചോലമു തടാകം സമുദ്രനിരപ്പിൽനിന്ന് 18,000 അടി ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ടിബറ്റ് അതിർത്തിയിൽനിന്ന് ഏതാനും കിലോമീറ്റർ മാത്രം അകലെയാണ് ചോലമു തടാകം. ഇവിടം സന്ദർശിക്കാൻ പ്രത്യേക പെർമിറ്റ് ആവശ്യമാണ്. ഹിമാലയത്തിന്റെ മടിത്തട്ടിലെ അതിശയകരവും സന്ദർശകർക്ക് പോകാൻ കഴിയുന്ന അവസാന മേഖലയുമാണ് ഏകദേശം 15,000 അടി ഉയരത്തിൽ, ഇന്ത്യ-ചൈന അതിർത്തിയോട് ചേർന്നുകിടക്കുന്ന യുമേ സാംഡോങ് അല്ലെങ്കിൽ സീറോ പോയിന്റ് എന്നറിയപ്പെടുന്നത്. വളരെ ഉയരത്തിലും ഓക്സിജന്റെ അഭാവത്തിലുമാണെങ്കിലും ലോകത്തിന്റെ നെറുകയിൽ എത്താൻ ആഗ്രഹിക്കുന്നവർ തീർച്ചയായും പോകേണ്ട സ്ഥലമാണിത്. ഗാങ്ടോക്കിന് മുകളിലൂടെയുള്ള മനോഹരമായ കേബിൾ കാറിലെ ആകാശയാത്ര മറ്റൊരനുഭവമാണ്.
സിക്കിമിൽ ജൂൺ അവസാനം മുതൽ സെപ്റ്റംബർ വരെ മഴക്കാലമാണ്. നവംബർ മുതൽ മഞ്ഞുകാലവും ആരംഭിക്കും. പക്ഷേ, എല്ലാ ദിവസവും സന്ദർശകർ ഉണ്ടാകാറുണ്ട്. ഫെബ്രുവരി മുതൽ ജൂൺ ആദ്യം വരെയും സെപ്റ്റംബർ മുതൽ നവംബർ അവസാനം വരെയും ടൂറിസ്റ്റുകളെക്കൊണ്ട് ഇവിടം നിറഞ്ഞിരിക്കും. മല ചെത്തിയെടുത്ത പർവതപാതകൾ, ചുറ്റും മൊട്ടക്കുന്നുകളും ചെങ്കുത്തായി നിൽക്കുന്ന പാറക്കെട്ടുകളും പുൽമേടുകളും. അതിനിടയിൽ കുത്തനെ താഴോട്ടു ചാടുന്ന അനേകം വെള്ളച്ചാട്ടങ്ങൾ. ഇതൊക്കെയാണ് സിക്കിം.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."