പടപ്പുറപ്പാടുമായി മഹീന്ദ്ര; ഫ്ളക്സ് ഫ്യുവൽ കാറുമായി ടെയോട്ട
വീൽ
വിനീഷ്
ഇലക്ട്രിക് വാഹന രംഗത്തേക്ക് രണ്ടും കൽപ്പിച്ച് മഹീന്ദ്ര എത്തിയിരിക്കുകയാണ് എക്സ്.യു.വി 400 എന്ന മോഡലുമായി. എതിരാളി എല്ലാവർക്കുമറിയാവുന്ന പോലെ ഇ.വികളിലെ ഇന്ത്യയിലെ കിരീടം വയ്ക്കാത്ത രാജാവ് ടാറ്റയും. ചരിത്രം ആവർത്തിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കാരണം വർഷങ്ങൾക്ക് മുമ്പ് സുമോയും സഫാരിയുമായി ഇന്ത്യയിൽ തകർത്താടിയിരുന്ന ടാറ്റയെ 2002 ൽ ഇറക്കിയ സ്കോർപ്പിയോ എന്ന എസ്.യു.വിയിലൂടെ നിലം പരിശാക്കിയ ചരിത്രം മഹീന്ദ്രയ്ക്കുണ്ട് എന്നത് മറക്കേണ്ട. എക്സ്.യു.വി 400 യഥാർഥത്തിൽ മഹീന്ദ്രയുടെ എക്സ്.യു.വി 300 തന്നെയാണെങ്കിലും നീളം അൽപം കൂടും. 4.2 മീറ്റർ വരും. അതുകൊണ്ടു പിറകുവശത്ത് സാമാന്യം വലിപ്പമുള്ള ബൂട്ടും ഉണ്ട്. ഒരു കോംപാക്റ്റ് എസ്.യു.വി എന്ന ചീത്തപ്പേരും ഇനി പേറേണ്ടി വരില്ല.
378 ലിറ്റർ ആണ് ബൂട്ട് സ്പേസ്. 39.5 കിലോവാട്ട് ബാറ്ററിയുമായി എത്തുന്ന വാഹനത്തിന് 456 കി.മീ റേഞ്ച് ആണ്കമ്പനി അവകാശപ്പെടുന്നത്. 150 ബി.എച്ച്.പിയാണ് മോട്ടോറിൻ്റെ പവർ. 0-100 വേഗതയെടുക്കാൻ 8.3 സെക്കൻഡ് മതി. ഡി.സി ഫാസ്റ്റ് ചാർജറിൽ 50 മിനിട്ടുകൊണ്ട് 80 ശതമാനം ചാർജ് ചെയ്യാം . സാധാരണ ചാർജറുകളിൽ ആറര മണിക്കൂർ കൊണ്ടും വീടുകളിലാണെങ്കിൽ 13 മണിക്കൂർ കൊണ്ടും ഫുൾചാർജ് ചെയ്യാം. മുന്നിലെ ക്ലോസ്ഡ് ഗ്രില്ലും ഇതിനൊപ്പമുള്ള കോപ്പർ കളറും പ്രത്യേക ഭംഗി നൽകുന്നുണ്ട്. ബാറ്ററി പാക്ക് സ്ഥിതി ചെയ്യുന്നത് കാരണം ഉള്ളിലെ ഫ്ളോർ അൽപം ഉയർന്നു നിൽക്കുന്നുണ്ട്. എന്നാൽ ഇത് യാത്രികർക്ക് അസൗകര്യമുണ്ടാവാത്ത വിധത്തിൽ വളരെ വിദഗ്ധമായാണ് മഹീന്ദ്രയുടെ എൻജിനീയറിങ് വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്.ബാക്കി ഫീച്ചറുകളെല്ലാം ഒരു വിധം എക്സ്.യു.വി 300യ്ക്ക് സമാനമാണ്. ഫൺ, ഫാസ്റ്റ്, ഫിയർലെസ് എന്നിങ്ങനെ പേരിട്ട മൂന്ന് ഡ്രൈവിങ് മോഡുമായാണ് വാഹനം എത്തുന്നത്. സുരക്ഷയ്ക്കായി ആറ്എയർ ബാഗുകളും എല്ലാ വീലിലും ഡിസ്ക് ബ്രേക്കും വരുന്നുണ്ട്.വില 18-20 ലക്ഷം റേഞ്ചിലായിരിക്കും എന്നാണ് അനുമാനം. ഇനി അറിയേണ്ടത് ടാറ്റയെ വെട്ടി വീണ്ടും ചരിത്രം മഹീന്ദ്ര ആവർത്തിക്കുമോ എന്നതാണ്.
•
ഫ്ളക്സ് ഫ്യുവൽ കാറുമായി ടെയോട്ടകുതിച്ചുയരുന്ന ഇന്ധന വിലയിൽ ബദലുകൾ തേടുന്നതിനിടെ ഇതാ ഒരു പുതിയ വാർത്ത. ടൊയോട്ട ഇന്ത്യയിൽ ഫ്ളക്സ് ഫ്യുവൽ കാർ അവതരിപ്പിക്കുന്നു. സെപ്റ്റംബർ 28 ന് വാഹനം ഡഹിയിൽ പുറത്തിറക്കുമെന്ന് പറഞ്ഞത് മറ്റാരുമല്ല കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി തന്നെയാണ്. ഇന്ത്യയ്ക്കായി ഒരു പൈലറ്റ് പ്രൊജക്ടായാണ് ഇൗ കാർ ടൊയോട്ട അവതിരിപ്പിക്കുന്നതെന്നാണ് അറിയുന്നത്. ഏത് മോഡലാണ് ഇറക്കുന്നതെന്ന കാര്യം കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. രാജ്യത്ത് ക്രൂഡ് ഒായിൽ ഇറക്കുമതിക്കുള്ള ചെലവ് കുറയ്ക്കുന്നതിനൊപ്പം മലിനീകരണവും നിയന്ത്രിക്കാനാവുമെന്നതാണ് ഫ്ളക്സ് ഫ്യുവൽ എൻജിനുകൾ വ്യാപകമായാലുള്ള നേട്ടം.
ഫ്ളക്സ് ഫ്യുവൽ എൻജിൻ
ഒന്നിലധികം ഇന്ധനങ്ങളോ അല്ലെങ്കിയിൽ അവയുടെ മിശ്രിതമോ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആന്തരദഹന എൻജിനുകൾ തന്നെയാണ് ഫ്ളക്സ് ഫ്യുവൽ എൻജിൻ. പെട്രോളിനൊപ്പം എഥനോളോ അല്ലെങ്കിൽ മെഥനോളോ കലർത്തിയ മിശ്രിതം ആണ് സാധാരണയായി ഉപയോഗിക്കുന്നത്. ഇന്ധനം മാറുന്നതിനനുസരിച്ച് ആന്തരദഹന പ്രക്രിയ നടക്കുന്നതിനുള്ള കംപ്രഷൻ റേഷ്യോ ഒാട്ടോമാറ്റിക് ആയി അഡ്ജസ്റ്റ് ചെയ്യാൻ ഇവയ്ക്ക് ശേഷിയുണ്ട്. 100 ശതമാനം പെട്രോളോ അല്ലെങ്കിൽ എഥനോളോ ഉപയോഗിച്ച് ഒാടിക്കാൻ കഴിയുന്ന ഫ്ളക്സ് ഫ്യുവൽ എൻജിൻ വാഹനങ്ങൾ യു.എസ്. എ, കാനഡ , ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ ഉണ്ട്. ചോളം, കരിമ്പ് എന്നിവ സംസ്കരിച്ചാണ് എഥനോൾ ഉൽപാദിപ്പിക്കുന്നത്. ഇവരണ്ടും രാജ്യത്ത് വ്യാപകമായി കൃഷിയും ചെയ്യുന്നുണ്ട്. ഇതാണ് ഇത്തരമൊരു സാധ്യത തേടാൻ കേന്ദ്ര സർക്കാരിനെ പ്രേരിപ്പിക്കുന്നത്.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."