കടയിൽനിന്ന് ആർ.ടി.ഒ രേഖകൾ പിടിച്ചെടുത്ത സംഭവം: മൂന്ന് എ.എം.വി.ഐമാർക്ക് സസ്‌പെൻഷൻ
കോഴിക്കോട് • ചേവായൂരിൽ ഡ്രൈവിങ് ടെസ്റ്റ് നടക്കുന്ന ഗ്രൗണ്ടിനു സമീപത്തെ കടയിൽനിന്ന് ആർ.ടി.ഒ രേഖകൾ പിടിച്ചെടുത്തതിൽ നടപടി. മോട്ടർ വാഹന വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. എ.എം.വി.ഐമാരായ ഷൈജൻ, ശങ്കർ, വി.എസ് സജിത്ത് എന്നിവരെയാണ് ട്രാൻസ്‌പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്ത് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്.
ഇവർ ഒപ്പിട്ട രേഖകൾ സമീപത്തുള്ള ഓട്ടോ കൺസൽറ്റൻസി കടയിൽനിന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നടപടി.
വാഹന ആർ.സികൾ ഉൾപ്പെടെ ആർ.ടി ഓഫിസിൽ സൂക്ഷിക്കേണ്ട 145 രേഖകളാണ് വിജിലൻസ് കണ്ടെടുത്തത്.
വെള്ളിയാഴ്ച ഉച്ചയ്ക്കു നടത്തിയ പരിശോധനയിൽ ഒന്നര ലക്ഷത്തിലേറെ രൂപയും കണ്ടെത്തിയിരുന്നു. വ്യാജമായി നിർമിച്ച രേഖകളും കടയിൽനിന്ന് കണ്ടെത്തിയിരുന്നു. വാഹനങ്ങളുടെ ഫിറ്റ്‌നസ് തെളിയിക്കാനുള്ള രേഖകളടക്കമുള്ളവയാണ് വിജിലൻസ് കണ്ടെത്തിയത്.
ഈ രേഖകൾ എങ്ങനെ കടയിലെത്തിയെന്നത് വിജിലൻസ് പരിശോധിക്കും. സംഭവത്തിൽ ഗുരുതര ക്രമക്കേട് നടന്നുവെന്നാണ് വിജിലൻസും മോട്ടോർ വാഹനവകുപ്പും വിലയിരുത്തുന്നത്. പണവും രേഖകളും കണ്ടെടുത്ത ചേവായൂർ ആർ.ടി.ഒ ഗ്രൗണ്ടിന് സമീപത്തെ കടയുടമ രബിചന്ദിനെതിരേ വിജിലൻസ് കേസെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."