സാക്ഷാത്കരിക്കുന്നത്13 വര്‍ഷത്തെ പ്രയത്‌നം
ന്യൂഡല്‍ഹി • ഏഴ് പതിറ്റാണ്ട് മുമ്പ് ഇന്ത്യയില്‍ വംശനാശം നേരിട്ട ചീറ്റകളെ വീണ്ടും അധിവസിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഫലം കണ്ടു. 13 വര്‍ഷം നീണ്ട പ്രയത്‌നങ്ങള്‍ക്കൊടുവിലാണ് ആഫ്രിക്കന്‍ രാജ്യമായ നമീബിയയില്‍ നിന്ന് എട്ട് ചീറ്റകളെ ഇന്ത്യയിലെത്തിക്കാനായത്.
2009ലാണ് ചീറ്റകളെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങളാരംഭിച്ചത്. 'പ്രോജക്ട് ചീറ്റ'യ്ക്ക് 2020ലാണ് സുപ്രിംകോടതി അനുമതി നല്‍കിയത്. പൈലറ്റ് അടിസ്ഥാനത്തില്‍ ചീറ്റകളെ ഇന്ത്യയില്‍ കൊണ്ടുവന്ന് വളര്‍ത്താനായിരുന്നു പദ്ധതി. ഇതിനായി ഈ വര്‍ഷം ജൂലൈയില്‍ ഇന്ത്യയും നമീബിയയും തമ്മില്‍ ധാരണയായി. ചീറ്റകളെ കൊണ്ടുവരുന്നത് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാന ടൂറിസത്തിനും ഗുണകരമാകും.
ലോകത്ത് ആദ്യമായാണ് ആഫ്രിക്കന്‍ ചീറ്റകളെ മറ്റൊരു ഭൂഖണ്ഡത്തില്‍ എത്തിക്കുന്നതെന്ന് കരുതപ്പെടുന്നു. അഞ്ച് പെണ്‍ചീറ്റകളെയും മൂന്ന് ആണ്‍ ചീറ്റകളെയുമാണ് ഇന്ത്യയിലെത്തിച്ചത്.
ആണ്‍ ചീറ്റകളില്‍ രണ്ടെണ്ണം സഹോദരന്‍മാരാണ്. പുതിയ അതിഥികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളും ജീവനക്കാര്‍ക്കുള്ള പരിശീലനവും കുനോയില്‍ നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു.
പ്രത്യേകം തയാറാക്കിയ ക്വാറന്റൈന്‍ അറകളിലേക്കാണ് അഞ്ച് ചീറ്റകളെ തുറന്നുവിട്ടിരിക്കുന്നത്. മൂന്നെണ്ണത്തിനെ പ്രത്യേകം വേലികെട്ടി തിരിച്ച് സജ്ജമാക്കിയ പുല്‍മേട്ടിലേക്കും തുറന്നുവിട്ടു. റേഡിയോ കോളര്‍ ഘടിപ്പിച്ച ഇവയെ ഏതാനും ആഴ്ചകള്‍ക്ക് ശേഷം ദേശീയോദ്യാനത്തിൽ തുറന്നുവിടും.
സഞ്ചാരപഥം മനസിലാക്കുന്നതിനുള്ള ജി.പി.എസ് സംവിധാനം റേഡിയോ കോളറിലുണ്ട്. ആദ്യത്തെ 30 ദിവസമെങ്കിലും ഇവയെ പരിമിതമായ ഭൂവിഭാഗത്തിലാണ് സ്വതന്ത്രമാക്കി വിടുക.
ഇതിനായി ആറ് കിലോമീറ്റര്‍ പരിധിയില്‍ മറ്റു മാംസഭുക്കുകളില്ലാത്ത രണ്ട് മേഖലകള്‍ കുനോയില്‍ തയാറാക്കിയിട്ടുണ്ട്. ഏതാനും മാസങ്ങള്‍ക്ക് ശേഷം പാര്‍ക്കിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ചീറ്റകളെ കാണാന്‍ അനുമതി നല്‍കും. ഇപ്പോള്‍ ഈ ഭാഗത്ത് നിയന്ത്രണമുണ്ട്.
സാധാരണ യാത്രകള്‍ക്ക് ഉപയോഗിക്കുന്ന ബോയിങ് 747 ജംബോ ജെറ്റ് ചീറ്റകളെ കൊണ്ടുവരാവുന്ന രീതിയിലാക്കി മാറ്റുകയായിരുന്നു. തുടര്‍ച്ചയായി 16 മണിക്കൂര്‍ പറക്കാവുന്ന ജംബോ ജെറ്റിൽ വെറ്റിനറി ഡോക്ടര്‍മാർ ചീറ്റകളെ അനുഗമിച്ചു. ഇന്ത്യയില്‍ നിന്നും നമീബിയയില്‍ നിന്നുമുള്ള എട്ട് ഉദ്യോഗസ്ഥരാണ് നേതൃത്വം വഹിച്ചത്.
ഒരുകാലത്ത് ഇന്ത്യയില്‍ ധാരാളമായി കാണപ്പെട്ടിരുന്ന വന്യജീവിയായിരുന്നു ചീറ്റകള്‍. രാജ്യത്ത് അവശേഷിച്ച മൂന്ന് ചീറ്റകളെ മധ്യപ്രദേശിലെ മഹാരാജാ രാമാനുജ് പ്രതാപ് സിംഗ് ദേവ് 1947ല്‍ വേട്ടയാടി വകവരുത്തിയെന്നാണ് കരുതുന്നത്. മുഗള്‍ ചക്രവര്‍ത്തി അക്ബറിന് 1000 ചീറ്റകളുണ്ടായിരുന്നതായി ബോംബെ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി മുന്‍ വൈസ് പ്രസിഡന്റ് ദിവ്യഭാനുസിന്‍ഹ് രചിച്ച 'ദി എന്‍ഡ് ഓഫ് എ ട്രെയില്‍ ദി ചീറ്റ ഇന്‍ ഇന്ത്യ' എന്ന പുസ്തകത്തിലുണ്ട്.
അക്ബറിന്റെ മകൻ ജഹാംഗീറിനും ചീറ്റകളുണ്ടായിരുന്നതായി വ്യക്തമാക്കുന്നുണ്ട്. രാജാക്കന്മാര്‍ വേട്ടയാടാനായി ആഫ്രിക്കയില്‍ നിന്ന് ഇവയെ ഇറക്കുമതി ചെയ്തിരുന്നു. 1918നും 45നും ഇടയില്‍ 200 ചീറ്റകളെ ഇറക്കുമതി ചെയ്തതായാണ് കണക്ക്. ബ്രിട്ടീഷുകാര്‍ മടങ്ങിപ്പോകുകയും നാട്ടുരാജ്യങ്ങളെ സ്വതന്ത്ര ഇന്ത്യയുമായി കൂട്ടിച്ചേര്‍ക്കുകയും ചെയ്തതോടെ ഈ വിനോദവും ചീറ്റകളും ഇല്ലാതായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."