ഖലീൽ അവാവിദ് ചെറുത്തുനിൽപ്പിന്റെ ധീരത
ഇംതിയാസ് മൊഗ്രാൽ
സമരത്തിന്റെ ദ്വിമുഖമാണ് ഹിംസയും അഹിംസയും. ഹിംസയിലൂടെ എല്ലാ സമരങ്ങളും വിജയിച്ചിട്ടില്ല, എന്നാൽ അഹിംസയിലൂടെ പരാജയപ്പെട്ടിട്ടുമില്ല. പൊതുജനങ്ങൾക്കോ, മറ്റു ജീവജാലങ്ങൾക്കോ നിരുപദ്രവപരമായി അഹിംസാത്മക പ്രതിഷേധങ്ങളും സമരമുഖങ്ങളും ഈ അഭിനവ സാഹചര്യത്തിലും നാം കണ്ടുകൊണ്ടിരിക്കുന്നു. ഐറിഷ് നാടുകളിലെ സമാധാനം വീണ്ടെടുക്കാൻ വേണ്ടി പൗരന്മാർ നടത്തിയ നിരാഹാര സമരവും ഇന്ത്യാ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി മഹാത്മാഗാന്ധിജി നടത്തിയ നിരാഹാര സമരവും അഹിംസാപരമായ സമരങ്ങളുടെ നേർമുഖങ്ങളാണ്. സ്വാതന്ത്ര്യത്തിൻ്റെ ആസ്വാദനം മുറിഞ്ഞുപോകുമ്പോഴാണ് നിരാഹാര സമരത്തിലേക്ക് മനുഷ്യൻ നിർബന്ധിതനാവുന്നത്. പൊതുജന സ്വീകാര്യത ലഭിക്കാനും ആഗോള ശ്രദ്ധ പിടിച്ചുപറ്റാനും ഈ സമരങ്ങൾ വഴി സാധ്യമായി. സമരങ്ങൾ ഇന്നും തുടരുന്നത് മനുഷ്യന്റെ സ്വാർഥതയ്ക്ക് മേലുള്ള ചോദ്യചിഹ്നമായിട്ടാണെന്നതിൽ സന്ദേഹമില്ല.
വിദേശ മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി വന്ന നാൽപതുകാരന്റെ ചിത്രം ലോകം മുഴുവൻ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഖലീൽ അവാവിദ് എന്ന, നാലു കുട്ടികളുടെ പിതാവ് ഒട്ടിയ വയറും ഉന്തിനിൽക്കുന്ന എല്ലും ചുളിഞ്ഞ മുഖവും ആവരണമണിഞ്ഞ തോലുമായി കിടക്കുന്ന ഫോട്ടോ മനസിനെ ഈറനണിയിപ്പിക്കുന്നതായിരുന്നു. സൊമാലിയയിലും മറ്റു ആഫ്രിക്കൻ നാടുകളിലും പട്ടിണിയനുഭവിക്കുന്ന പാവങ്ങളുടെ ഓർമ പുതുക്കലായിരുന്നു ആ ചിത്രം നിറയെ.
ഗസ്സയിൽ നടന്ന ഇസ്റാഈൽ അക്രമണത്തിനെതിരേ പ്രതിഷേധിച്ചതിനെ കരുവാക്കി, ഫലസ്തീൻ ഭീകര സംഘടനയുമായി ചേർന്ന് ഇസ്റാഈലിനെതിരേ പ്രവർത്തിച്ചു എന്ന കള്ളക്കേസ് ചുമത്തിയാണ് 2021 ഡിസംബർ 27 ന് ഫലസ്തീൻ പൗരനായ ഖലീൽ അവാവിദിനെ ഇസ്റാഈൽ പൊലിസ് അറസ്റ്റ് ചെയ്യുന്നതും ഒരു വിചാരണയും കൂടാതെ ഭരണകൂട തടങ്കലിൽ പാർപ്പിച്ചതും. ഖലീലിന്റെ അഭിഭാഷകൻ ഈ വാദത്തെ പൂർണമായും നിഷേധിച്ചിരുന്നു.
അകാരണമായ അറസ്റ്റിനെതിരേ ഖലീൽ നിരാഹാരത്തിലൂടെ സമരപ്രഖ്യാപനം നടത്തി. ഇസ്റാഈൽ സൈന്യം തടങ്കലിൽ പിടിച്ചുവച്ചിരിക്കുന്ന 600ൽ കൂടുതൽ ഫലസ്തീനികളെ മോചിപ്പിക്കുക, പൂർണമായും ഫലസ്തീനിനു മേലുള്ള ആക്രമണങ്ങളിൽ നിന്ന് സൈന്യം പിന്മാറുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ഖലീൽ അവാവിദ് മാർച്ച് മാസത്തിൽ നിരാഹാര സമരം തുടങ്ങിയത്. തുടർച്ചയായ നിരാഹാരം ഖലീൽ അവാവിദിന്റെ നിശ്ചയദാർഢ്യത്തെ തളർത്തിയില്ല. ആരോഗ്യപരമായി വളരെ അവശത നേരിടുമ്പോഴും രാജ്യത്തിന്റെ സ്വാതന്ത്ര്യം തിരികെതരണം, തടങ്കിലടക്കപ്പെട്ട താനുൾപ്പെടെയുള്ളവരെ വിട്ടയക്കണം അതുവരെ നിരാഹാരം വെടിയുകയില്ല .. തുടങ്ങിയ ഖലീലിന്റെ ആവശ്യങ്ങൾ ലോകമാധ്യമ ശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി. 111 ദിവസം നീണ്ടുനിന്ന നിരാഹാര സമരത്തെ തുടർന്നാണ് ഖലീലിനെ മോചിപ്പിക്കാം എന്ന ധാരണയിൽ ഇസ്റാഈൽ എത്തിയത്. പി.പി.എസ് (ഫലസ്തീനിയൻ പ്രിസണേഴ്സ് സൊസൈറ്റി) നേതാക്കളും ഇസ്റാഈൽ അധികാരികളും ചേർന്ന് കരാർ ഉണ്ടാക്കിയതും താൽക്കാലികമായി ഖലീൽ നിരാഹാരം നിർത്തിയതും ഇത് അടിസ്ഥാനമാക്കിയായിരുന്നു. എന്നാൽ നാലുമാസത്തേക്ക് തടങ്കൽ നീട്ടിക്കൊണ്ട് ഇസ്റാഈൽ കരാർ ലംഘിക്കുകയാണുണ്ടായത്. നിരാഹാര സമരം തുടരുമ്പോഴും ഖലീൽ അവാവിദ് ഉന്നയിക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കാൻ ഇസ്റാഈൽ തയാറല്ല. ആറുമാസത്തോളം വരുന്ന നിരാഹാര സമരത്തിന് ശേഷമാണ് ഖലീലിനെ സന്ദർശിക്കാൻ കുടുംബക്കാർക്കുപോലും സൈന്യം അനുവാദം നൽകിയത്. കഴിഞ്ഞ ദിവസങ്ങളിലായിരുന്നു അദ്ദേഹത്തെ മാതാപിതാക്കളും ഭാര്യയും മക്കളും സന്ദർശിച്ചു മടങ്ങിയത്. മക്കൾക്ക് പിതാവിനെ തിരിച്ചറിയാൻ പറ്റാത്ത ഭീകരാവസ്ഥ ആലോചിക്കാവുന്നതിലും അപ്പുറമാണ്.
അപകടാവസ്ഥ തരണം ചെയ്തുകൊണ്ടിരിക്കുകയാണ് ഖലീൽ എന്ന 40കാരൻ. 180 ദിവസത്തെ നിരാഹാരം അദ്ദേഹത്തെ ശാരീരികമായി തളർത്തി. 30 കിലോ ഭാരം തൂക്കത്തിൽ എത്തിച്ചു. ശാരീരിക വേദനകൾ കടിച്ചമർത്തി, കൈകാലുകൾ അനക്കാൻ പറ്റാതെ, വീൽചെയറിൽ നേരെ ഇരിക്കാൻ പോലും കഴിയാതെ അശക്തനായിരിക്കുമ്പോഴും ഫലസ്തീനിലെ നിരപരാധികളായ ജനങ്ങളുടെ സ്വാതന്ത്ര്യത്തിനും അഭിമാനത്തിനും വേണ്ടി അദ്ദേഹം സ്വയം അർപ്പിതനായി നിരാഹാരം തുടർന്നു. ആരോഗ്യസ്ഥിതി മോശമായ സമയത്ത് ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റിയെങ്കിലും ഉടനെ തിരിച്ചുകൊണ്ടുവരികയാണ് ഇസ്റാഈൽ സൈന്യം ചെയ്തത്. കൃത്യമായി ശ്വസിക്കാനാവാതെ, രക്തം ഛർദ്ദിച്ച സാഹചര്യം ഉണ്ടായതായും ഖലീലിനെ പരിശോധിച്ച ഡോക്ടർ മാധ്യമങ്ങളോട് അറിയിച്ചിരുന്നു. മനുഷ്യാവകാശ പ്രവർത്തകനായ ഡോക്ടർ ലീന കാസിം ഹസൻ ഖലീലിന്റെ ആരോഗ്യനിലയുമായുമായി ബന്ധപ്പെട്ട് 'അൽ ജസീറ'യ്ക്ക് നൽകിയ മറുപടി ഞെട്ടലുണ്ടാക്കുന്നതായിരുന്നു; ‘വെസ്റ്റ് ബാങ്കിലെ ‘ഇത്ന’ ഗ്രാമത്തിൽ താമസിച്ചിരുന്ന നാലു മക്കളുടെ പിതാവായ ഈ നാൽപതുകാരൻ ഏത് സാഹചര്യത്തിൽ വേണെങ്കിലും മരിക്കാം, അദ്ദേഹത്തിന്റെ ആരോഗ്യനില അത്രയും പരിതാപകരമാണ്. തുടർച്ചയായ നിരാഹാരം കാഴ്ചശക്തിക്കും ഓർമശക്തിക്കും മറ്റു ആന്തരികാവയവങ്ങൾക്കും സാരമായ ബുദ്ധിമുട്ടുണ്ടാക്കി’.
ഒക്ടോബർ രണ്ടിന് ‘തടങ്കൽ മോചിതനാക്കാം’ എന്ന ഇസ്റാഇൗൽ കരാർ സ്വീകരിച്ചുകൊണ്ട് ഖലീൽ അവാവിദ് 182 ദിവസം (01,09,2022 വ്യാഴം) നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചു. ഇതും കരാർ ലംഘനത്തിൽ എത്തിച്ചേരാതിരിക്കുമെന്ന് പ്രത്യാശിക്കാം.
നിലവിൽ ഇസ്റാഇൗൽ തടങ്കലിൽ കഴിയുന്ന 670ൽ അധികം പേരുൾപ്പെടെ 5000ത്തോളം വരുന്ന ഫലസ്തീൻ പൗരന്മാർ കടുത്ത മാനസിക, ശാരീരിക പീഡനങ്ങൾക്കും ക്രൂര മർദനങ്ങൾക്കും ഇരയാവുകയാണ്. ഇസ്റാഇൗലിന്റെ ക്രൂര വിനോദങ്ങളുടെ ലേബർ റുമായി പരിവർത്തനപ്പെട്ടിരിക്കുകയാണ് ഫലസ്തീൻ.
സമാധാനം വീണ്ടെടുക്കണമെങ്കിൽ ചെറുത്തുനിൽപ്പ് അത്യാവശ്യമാണ്. അഹിംസയിലധിഷ്ഠിത ചെറുത്തുനിൽപ്പ് കൂടുതൽ സ്വീകാര്യവും ലോകശ്രദ്ധ നേടുന്നതുമാണ്. സമാധാന, സ്വതന്ത്ര ഫലസ്തീനിന്റെ വീണ്ടെടുപ്പ് പൂർണമാകുന്നത് വരെ, ആബാലവൃദ്ധം ജനങ്ങൾ സുദീർഘമായ ഉറക്കത്തിനുശേഷം സുന്ദരമായ പ്രഭാത പുലരികൾ കാണുന്നതുവരെ ഈ നിരാഹാര സമരം ഖലീൽ അവാവിദിലൂടെയും മറ്റു ഫലസ്തീൻ മക്കളിലൂടെയും തുടരും.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."