പുതിയ ഐ.ടി നിയമത്തെ ചോദ്യംചെയ്ത് പി.ടി.ഐ ഹൈക്കോടതിയില്‍
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഐ.ടി നിയമങ്ങളെ ചോദ്യം ചെയ്ത് രാജ്യത്തെ ഏറ്റവും വലിയ സ്വതന്ത്ര വാര്‍ത്താ ഏജന്‍സി പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പി.ടി.ഐ) ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത പി.ടി.ഐ, സമകാലിക വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കു കൂച്ചുവിലങ്ങിടുന്നതിന്റെ ഭാഗമാണ് വിവാദ നിയമമെന്നും ചൂണ്ടിക്കാട്ടി.
ഹരജിയില്‍ പ്രാഥമിക വാദം കേട്ട ചീഫ് ജസ്റ്റിസ് ഡി.എന്‍ പട്ടേല്‍, ജസ്റ്റിസ് ജെ.ആര്‍ മിഥ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വിഷയത്തില്‍ ഐ.ടി മന്ത്രാലയത്തിന് നോട്ടിസയച്ചു. ഐ.ടി നിയമങ്ങള്‍ മൂലം തങ്ങള്‍ നിരീക്ഷിക്കപ്പെടുകയാണെന്ന തോന്നല്‍ മാധ്യമസ്ഥാപനങ്ങള്‍ക്കുണ്ട്. ഇതു സ്വയം നിയന്ത്രണങ്ങള്‍ക്ക് ഇടയാക്കുമെന്നും ഭീതി പടര്‍ത്താനിടയാക്കുമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി. രാജ്യത്തെ 1,200ലേറെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇതിനകം നിയമം അനുസരിച്ചെന്നും ഒറ്റപ്പെട്ട എതിര്‍പ്പുകള്‍ പരിഗണിക്കേണ്ടതില്ലെന്നുമാണ് കേസ് പരിഗണനയ്‌ക്കെടുത്തപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
ഐ.ടി നിയമം ചോദ്യംചെയ്ത് ദി വയര്‍, ദി ക്വിന്റ് തുടങ്ങിയ ഡിജിറ്റല്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെ നല്‍കിയ ഒന്നിലധികം ഹരജികള്‍ ഇതിനകം ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇവയ്‌ക്കൊപ്പമാവും പി.ടി.ഐയുടെ ഹരജിയും പരിഗണിക്കുക. ഐ.ടി നിയമത്തിനെതിരായ എല്ലാ ഹരജികളും ഒന്നിച്ച് സുപ്രിംകോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞദിവസം സുപ്രിം കോടതിയെ സമീപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."