ഇന്ത്യയുടെ 20 ആസ്തികള്‍ പിടിച്ചെടുക്കാന്‍ കെയിന്‍ എനര്‍ജിക്ക് ഫ്രഞ്ച് കോടതിയുടെ അനുമതി
പാരിസ്: ഇന്ത്യന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ഫ്രാന്‍സിലുള്ള 20 ആസ്തിവകകള്‍ പിടിച്ചെടുക്കാന്‍ ബ്രിട്ടിഷ് എണ്ണക്കമ്പനിയായ കെയിന്‍ എനര്‍ജിക്ക് ഫ്രഞ്ച് കോടതി അനുമതി നല്കി. നികുതി ഈടാക്കിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യ 172 കോടി ഡോളര്‍ നല്‍കണമെന്നാവശ്യപ്പെട്ടുള്ള വ്യവഹാരത്തിലാണ് കെയിന്‍ അനുകൂല ഉത്തരവ് സമ്പാദിച്ചത്. കേസില്‍ ജൂണ്‍ 11ന് ഫ്രഞ്ച് കോടതി പാരിസിലെ ഇന്ത്യാ സര്‍ക്കാരിന്റെ സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ അനുമതി നല്‍കിയെങ്കിലും കഴിഞ്ഞദിവസമാണ് ഇതിന്റെ നിയമനടപടികള്‍ പൂര്‍ത്തിയായത്.
കെയിന്‍ എനര്‍ജിക്ക് 120 കോടി യു.എസ് ഡോളറും പലിശയും പിഴയും നല്കാന് ഡിസംബറില്‍ ഒരു മധ്യസ്ഥ സമിതി ഇന്ത്യന്‍ സര്‍ക്കാരിനോട് ഉത്തരവിട്ടിരുന്നു.
വിധി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാത്തതിനെ തുടര്‍ന്ന് ലോകത്ത് പലയിടത്തായി ഇന്ത്യക്ക് 7,000 കോടി ഡോളറിന്റെ സ്വത്തുക്കളുണ്ടെന്ന് കെയിന്‍ കോടതിയെ അറിയിച്ചിരുന്നു. ഇതില്‍ എയര്‍ ഇന്ത്യയും ഉള്‍പ്പെടും.
അതേസമയം സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതുമായി ബന്ധപ്പെട്ട് ഫ്രഞ്ച് കോടതിയില്‍ നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നു ധനമന്ത്രാലയം അറിയിച്ചു.
അറിയിപ്പു കിട്ടിയാല്‍ രാജ്യതാല്പര്യം സംരക്ഷിക്കാന്‍ നടപടിയെടുക്കുമെന്നും കഴിഞ്ഞ ഡിസംബറില്‍ ഹേഗിലെ ലോകകോടതിയില്‍ ഇന്ത്യ അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."