കൊവിഡ് കുറയുന്നില്ല ട്രിപ്പിള്ലോക്കിലേക്ക് കുതിച്ച് തദ്ദേശസ്ഥാപനങ്ങള്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിന്റെ അതിതീവ്ര വ്യാപനം സൂചിപ്പിക്കുന്ന ഡി കാറ്റഗറിയിലെ തദ്ദേശസ്ഥാപനങ്ങളുടെ എണ്ണം ഇരട്ടിയിലധികമായി വര്‍ധിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ബുധനാഴ്ച പുറത്തിറക്കിയ ലിസ്റ്റില്‍ 196 സ്ഥാപനങ്ങളാണ് ഡി കാറ്റഗറിയില്‍ ഉള്‍പ്പെട്ടത്.
ജൂണ്‍ 30ന് പുറത്തിറക്കിയ ലിസ്റ്റില്‍ 88 ആയിരുന്നു ഡി കാറ്റഗറിയിലെ എണ്ണം. ജൂണ്‍ 23ന് ഇത് 24 മാത്രമായിരുന്നു. രണ്ടാഴ്ച തുടര്‍ച്ചയായി ഡി കാറ്റഗറിയിലെ എണ്ണം അതിവേഗത്തില്‍ വര്‍ധിക്കുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി 15 ശതമാനത്തിന് മുകളിലുള്ള സ്ഥാപനങ്ങളെയാണ് ഡി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുന്നത്. നിലവില്‍ തിരുവനന്തപുരം (8), കൊല്ലം (11), പത്തനംതിട്ട (3), ആലപ്പുഴ (5), കോട്ടയം (4), ഇടുക്കി (3), എറണാകുളം (19), തൃശൂര്‍ (11), പാലക്കാട് (35), മലപ്പുറം (32), കോഴിക്കോട് (22), വയനാട് (4),കണ്ണൂര്‍ (20), കാസര്‍കോട് (19) എന്നിങ്ങനെയാണ് ഡി കാറ്റഗറിയിലെ തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണം.
ഇതോടൊപ്പം ടെസ്റ്റ് പോസിറ്റിവിറ്റി അഞ്ചുശതമാനത്തില്‍ താഴെയുള്ള എ കാറ്റഗറിയിലുള്ള തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണം കുറയുകയും ചെയ്തിട്ടുണ്ട്. പുതിയ ലിസ്റ്റില്‍ ആകെ 86 സ്ഥാപനങ്ങള്‍ മാത്രമാണ് എ കാറ്റഗറിയിലുള്ളത്. ജൂണ്‍ 30ന് ഇത് 143 ഉം ജൂണ്‍ 23ന് 313 ഉം ആയിരുന്നു.
ടെസ്റ്റ് പോസിറ്റിവിറ്റി അഞ്ചിനും പത്തിനുമിടയിലുള്ള ബി കാറ്റഗറിയിലും കുറവുണ്ടായി. ഇപ്പോള്‍ ഇത് 382 ആണ്. കഴിഞ്ഞ ലിസ്റ്റില്‍ 510 ആയിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി 10നും 15നുമിടയിലുള്ള സി കാറ്റഗറിയില്‍ വര്‍ധനവാണ് ഉണ്ടായത്. ഇപ്പോള്‍ 370 ആണ് സി കാറ്റഗറിയിലെ എണ്ണം. നേരത്തേ 293 ആയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."