വിദ്യാര്‍ഥികള്‍ക്കുള്ള മൊബൈല്‍ഫോണ്‍ വായ്പ അര്‍ബന്‍ ബാങ്കുകള്‍ക്ക് ആര്‍.ബി.ഐയുടെ 'സ്റ്റേ'
ടി. മുംതാസ്
കോഴിക്കോട്: സംസ്ഥാനത്ത് ഓണ്‍ലൈന്‍ പഠനത്തിന് ഡിജിറ്റല്‍ സൗകര്യങ്ങളില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ഫോണ്‍ വാങ്ങുന്നതിന് സഹകരണ ബാങ്കുകള്‍ വഴി പലിശരഹിത വായ്പ അനുവദിക്കാനുള്ള സര്‍ക്കാരിന്റെ വിദ്യാതരംഗിണി പദ്ധതിക്ക് ആര്‍.ബി.ഐയുടെ 'സ്റ്റേ'.
കേരളത്തില്‍ ആര്‍.ബി.ഐയുടെ ലൈസന്‍സുള്ള 60ഓളം ബാങ്കുകളില്‍ നിന്നുള്ള വായ്പകള്‍ക്കാണ് തടസംവന്നിരിക്കുന്നത്. നെഗോഷിബിള്‍ ഇന്‍സ്ട്രുമെന്റ് ആക്റ്റ് പ്രകാരം ആര്‍.ബി.ഐ ലൈസന്‍സുള്ള ബാങ്കുകള്‍ക്ക് പലിശരഹിത വായ്പ അനുവദിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ വിദ്യാതരംഗിണി പദ്ധതി പ്രകാരമുള്ള ലോണ്‍ അനുവദിക്കേണ്ടതില്ലെന്നും അര്‍ബന്‍ ബാങ്ക് മാനേജ്‌മെന്റ് ഫെഡറേഷന്‍ അറിയിച്ചു. ആര്‍.ബി.ഐയില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണിതെന്നാണ് വിവരം. ലോണ്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് അപേക്ഷകരെ ഇന്നലെ മുതല്‍ അറിയിച്ചുതുടങ്ങി. ഇത് മറ്റ് സഹകരണ ബാങ്കുകളില്‍ നിന്നുള്ള വായ്പകളെയും ബാധിക്കുമോയെന്നാണ് രക്ഷിതാക്കളുടെ ആശങ്ക.
മറ്റ് ഡിജിറ്റല്‍ പഠനസൗകര്യങ്ങളില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിനായി എല്ലാ സഹകരണ ബാങ്കുകളോടും 10,000 രൂപ വീതം 50 പേര്‍ക്ക് ലോണ്‍ അനുവദിക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. സ്‌കൂളുകളില്‍ നിന്നു വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ലോണിനെക്കുറിച്ച് വിദ്യാര്‍ഥികളെ അറിയിക്കുകയും ചെയ്തിരുന്നു. മാധ്യമങ്ങളിലൂടെയും മറ്റും പദ്ധതിക്ക് പ്രചാരണം ലഭിച്ചതോടെ എല്ലാ ബാങ്കുകളിലും അനുവദിക്കാവുന്നതിന്റെ അഞ്ചും പത്തും ഇരട്ടി അപേക്ഷകളാണ് ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."