കേരളം വിടണമെന്ന് വിചാരിച്ചതല്ല; എന്നെ ചവിട്ടി പുറത്താക്കി, മൃഗത്തെപ്പോലെ ആട്ടിയോടിച്ചു: സാബു എം ജേക്കബ്
കൊച്ചി: താനൊരിക്കലും കേരളം വിട്ട് പോകും എന്ന് കരുതിയതല്ലെന്നും, തന്നെ കേരളത്തില്‍ നിന്ന് ചവിട്ടിപ്പുറത്താക്കുകയാണെന്നും കിറ്റക്‌സ് ഗ്രൂപ്പ് എംഡി സാബു എം ജേക്കബ്. തന്നെ മൃഗത്തെപ്പോലെ വേട്ടയാടി. പിടിച്ച് നില്‍ക്കാന്‍ പരമാവധി ശ്രമിച്ചു. സംസ്ഥാന സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനല്ല ഈ യാത്രയെന്നും, ഇനിയും സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും സാബു എം ജേക്കബ് പറഞ്ഞു. തെലങ്കാന സര്‍ക്കാര്‍ അയച്ച പ്രത്യേക ജെറ്റില്‍ ഹൈദരാബാദിലേക്ക് പോകുന്നതിനു നെടുമ്പാശേരിയില്‍ എത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
സാബു ജേക്കബിന്റെ വാക്കുകള്‍
ഞാന്‍ സ്വന്തമായിട്ട് പോകുന്നതല്ല. എന്നെ ആട്ടിയോടിക്കുന്നതാണ്. ചവിട്ടി പുറത്താക്കുന്നതാണ്. കേരളത്തില്‍ ഒട്ടനവധി വ്യവസായികള്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഈ നാട്ടില്‍ നിന്ന് നാടുകടത്തപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ ഇനിയൊരു വ്യവസായിക്കും ഇതുപോലെ ഒരു അനുഭവം ഉണ്ടാകരുത്. കേരളം മാറുകയും ചിന്തിക്കുകയും വേണം. 53 വര്‍ഷമായിട്ട് കേരളത്തില്‍ ഒരു വ്യവസായിക ചരിത്രം സൃഷ്ടിച്ച, വിപ്ലവം സൃഷ്ടിച്ച ഒരു വ്യവസായിയുടെ അവസ്ഥ ഇതാണെങ്കില്‍ 10000 വും 20000 ഒക്കെ മുടക്കി ജീവിതം തന്നെ പണയം വെച്ച് ബിസിനസ് നടത്തുന്നവരുടെ അവസ്ഥ എന്താണെന്ന്. ഇന്ന് കേരളത്തില്‍ നിന്ന് 53 ലക്ഷം ആളുകളാണ് തൊഴില്‍ തേടി പുറം രാജ്യങ്ങളിലേക്കും അന്യ സംസ്ഥാനങ്ങളിലേക്കും പോയിരിക്കുന്നത്.
ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ ഒരു 25 വര്‍ഷം കഴിയുമ്പോഴേക്കും കേരളം പ്രായമായ അച്ഛനമ്മമാരുടെ നാടായി മാറും. ഒറ്റകുട്ടികള്‍ പോലും ഈ കേരളത്തില്‍ ഉണ്ടാകില്ല. നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്നാട്ടിലേക്ക് ഏഴ് ലക്ഷം മലയാളികളാണ് തൊഴില്‍ തേടി പോയിരിക്കുന്നത്. എന്നാല്‍ 2020 കാലഘട്ടത്തില്‍ ഒട്ടനധി തമിഴന്മാര്‍ കേരളത്തിലുണ്ടായിരുന്നു. തമിഴ്നാട്ടില്‍ നിന്നുള്ള ജോലിക്കാരായിരുന്നു ഇവിടെയുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ മലയാളികള്‍ അന്യസംസ്ഥാനങ്ങളില്‍ പോയി ജോലിചെയ്ത് ജീവിക്കേണ്ട സാഹചര്യമാണ്.
ഇത് എന്റെ മാത്രം പ്രശ്നമായിട്ട് ആരും കണക്കാക്കരുത്. മലയാളികളുടെ പ്രശ്നമാണ് സ്ത്രീകളുടെ പ്രശ്നമാണ്. ഇവിടെ പഠിച്ചിറങ്ങുന്ന ചെറുപ്പക്കാരുടെ പ്രശ്നമാണ്. സര്‍ക്കാരിന്റെ ചിന്താഗതിക്ക് മാറ്റംവന്നില്ലെങ്കില്‍ വലിയൊരു ആപത്തിലേക്കാണ് കേരളം പോകുന്നത്. എനിക്കൊന്നും സംഭവിക്കാനില്ല കാരണം ഇന്ത്യയിലെ ഏത് സംസ്ഥാനത്തോ ഏത് രാജ്യത്തോ പോയി എനിക്ക് ബിസിനസ് ചെയ്യാം കാരണം അവിടെ രണ്ട് കയ്യും നീട്ടി അവര്‍ സ്വീകരിക്കും. ഈ നാട്ടില്‍ ഞാന്‍ 3500 കോടി രൂപയുടെ നിക്ഷേപം ഉപേക്ഷിക്കുന്നു എന്ന് പറഞ്ഞിട്ടു പോലും ആരും തിരിഞ്ഞു നോക്കിയില്ല.
ഇവിടെ നിന്നും ഒരാളും എന്നെ വിളിച്ചില്ല. പക്ഷേ ഒന്‍പത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ എന്നെ വിളിച്ചു. അവിടെയുള്ള വ്യവസായികള്‍ എന്നെ വിളിച്ചു. ഇന്നിപ്പോള്‍ നമുക്കുവേണ്ടി ഒരു സ്വകാര്യ ജെറ്റാണ് അയച്ചിരിക്കുന്നത്. ഈ ലോകം വ്യവസായികപരമായി എത്ര മാറിയിരിക്കുന്നുവെന്ന് നമ്മള്‍ മനസിലാക്കണം. നമ്മുടെ അന്യസംസ്ഥാനങ്ങള്‍ എത്രത്തോളം മാറി. പക്ഷേ നമ്മള്‍ ഇന്നും 50 വര്‍ഷം പിന്നിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."