ഹജ്ജ് ക്യാംപ് ഇതുവരെ രണ്ടായിരത്തിലധികം പേര്‍ ഹജ്ജിനായി പുറപ്പെട്ടു
നെടുമ്പാശ്ശേരി: കേരള ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപ് വിജയകരമായി മൂന്ന് ദിവസം പിന്നിടുമ്പോള്‍ അച്ചടക്കവും ക്യാംപിന്റെ കൃത്യതയും കൊണ്ട് ശ്രദ്ധേയമാകുകയാണ്. ഇതുവരെ അഞ്ച് വിമാനങ്ങളിലായി രണ്ടായിരത്തിലധികം തീര്‍ഥാടകരാണ് നെടുമ്പാശ്ശേരിയില്‍ നിന്നും യാത്രയായത്. ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നടക്കം 11000 ത്തോളം തീര്‍ഥാടകരാണ് ഈ വര്‍ഷം ഹജ്ജ് കമ്മിറ്റി വഴി ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ പുറപ്പെടുന്നതിനായി നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപില്‍ എത്തുന്നത്.
യാത്രയ്ക്ക് തയ്യാറായി ക്യാംപിലെത്തുന്ന ഓരോ തീര്‍ഥാടകരെയും സഹായിക്കാന്‍ വളണ്ടിയര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. തീര്‍ഥാടകര്‍ക്ക് യാത്രാ മംഗളങ്ങള്‍ നേരാന്‍ പ്രമുഖ വ്യക്തികളും ക്യാംപില്‍ എത്തുന്നുണ്ട്. ഇന്നലെ രാവിലെ 8.30 ഓടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ക്യാംപ് സന്ദര്‍ശിക്കാനെത്തി. ഉച്ചയ്ക്ക് 1 മണിക്കുള്ള വിമാനത്തില്‍ യാത്രയാകുന്നതിന് വേണ്ടി ഇഹ്‌റാമില്‍ പ്രവേശിച്ച് വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്ക് തയ്യാറായി ഇരിക്കുകയായിരുന്ന തീര്‍ഥാടകര്‍ക്ക് അദ്ധേഹം യാത്രാ മംഗളങ്ങള്‍ നേര്‍ന്നു. എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്, വി.പി സജീന്ദ്രന്‍ എന്നിവരോടൊപ്പമാണ് മുന്‍ മുഖ്യമന്ത്രി ക്യാംപിലെത്തിയത്.
ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍,അസിസ്റ്റന്റ് സെക്രട്ടറി ഇ.സി മുഹമ്മദ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഉമ്മന്‍ചാണ്ടിയെ സ്വീകരിച്ചു. തീര്‍ഥാടകര്‍ക്കൊപ്പം പ്രഭാത ഭക്ഷണം കഴിച്ചശേഷമാണ് അദ്ദേഹം മടങ്ങിയത്. രാത്രി 11 മണിക്കായിരുന്നു രണ്ടാമത്തെ വിമാനം. ഉച്ചയോടെ ഇന്ന് യാത്ര തിരിക്കാനുള്ള 900 തീര്‍ഥാടകര്‍ കൂടി എത്തിയതോടെ ക്യാംപില്‍ തിരക്ക് വര്‍ധിച്ചു.
ഇതിനിടെ വൈകുന്നേരത്തോടെ ഇന്ന് പുറപ്പെടുന്ന വിമാന സമയങ്ങളില്‍ മാറ്റം വന്നുവെന്ന വിവരം ലഭിച്ചതോടെ അല്‍പസമയം ക്യാംപില്‍ ആശങ്ക പരത്തി. അപ്പോഴേക്കും ഹജ്ജിന്റെ ചുമതലയുള്ള മന്ത്രി കെ.ടി ജലീല്‍ ക്യാംപില്‍ എത്തുകയും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാരും മറ്റ് ബന്ധപ്പെട്ടവരുമായി അടിയന്തിരമായി കൂടിയാലോചനകള്‍ നടത്തി.
സജ്ജീകരണങ്ങളില്‍ പുനക്രമീകരണം നടത്തി വിമാന സമയത്തില്‍ മാറ്റം വന്നതില്‍ ആശങ്കയ്ക്ക് വകയില്ലെന്നും അതിന്റെ പേരില്‍ തീര്‍ഥാടകര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."