HOME
DETAILS

നാളികേര സംഭരണം പ്രഹസനമാകരുത്

  
backup
September 18 2022 | 20:09 PM

%e0%b4%a8%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b5%87%e0%b4%b0-%e0%b4%b8%e0%b4%82%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b9%e0%b4%b8%e0%b4%a8%e0%b4%ae%e0%b4%be%e0%b4%95


കേരകർഷകർക്ക് ആശ്വാസമാകുമെന്ന് പ്രതീക്ഷിച്ചിരുന്ന നാളികേര സംഭരണം പ്രഹസനമാകുകയാണ്. കനത്ത വിലയിടിവിൽ നട്ടംതിരിയുമ്പോൾ, സമാശ്വാസമെന്നു കൊട്ടിഘോഷിച്ചു കൊണ്ടുവന്ന നാളികേര സംഭരണം അവരുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമായിരുന്നോ എന്ന് തോന്നിപ്പോകുകയാണ്. അത്രയേറെയുണ്ട് നാളികേര സംഭരണത്തിനുള്ള സർക്കാർ നിബന്ധനകൾ. കർഷകന് സംഭരണ കേന്ദ്രത്തിൽ നേരിട്ട് തേങ്ങ കൊടുക്കാനാവില്ല. നിരവധി കടമ്പകൾ കടന്നുവേണം സംഭരണ കേന്ദ്രത്തിൽ എത്താൻ. ആദ്യം ഓൺലൈൻ വഴി സംഭരണ കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്യണം. പിന്നീട് രേഖകളുമായി കൃഷിഭവനിൽ പോയി കേരകർഷകനാണെന്ന സർട്ടിഫിക്കറ്റ് വാങ്ങണം. എത്ര തെങ്ങുകൾ ഉണ്ടെന്ന് തെളിയിക്കുന്ന നികുതിശീട്ടും വേണം. ഇതെല്ലാം സഹിതമാണ് സംഭരണകേന്ദ്രത്തിൽ അപേക്ഷിക്കേണ്ടത്. അപേക്ഷ നൽകി കർഷകർ അവരുടെ ഊഴത്തിനായി ആഴ്ചകൾ കാത്തിരിക്കണം. നാളികേരവുമായി സംഭരണ കേന്ദ്രത്തിൽ എത്തിയാൽ ന്യായമായവില അപ്പോൾ തന്നെ കിട്ടുന്നുണ്ടോ? അതൊട്ടില്ല താനും.


ഒരു തെങ്ങിൽ 50 തേങ്ങയുണ്ടെങ്കിൽ അതിൽ നിന്ന് എട്ട് തേങ്ങ മാത്രമേ സംഭരണകേന്ദ്രത്തിൽ എടുക്കൂ. ബാക്കി 42 തേങ്ങ നിസാര വിലയ്ക്ക് പൊതുവിപണിയിൽ വിൽക്കുകയേ നിർവാഹമുള്ളൂ. സംഭരിക്കപ്പെടുന്ന തേങ്ങയുടെ പണം ബാങ്ക് അക്കൗണ്ടിലൂടെ മാത്രമേ ലഭിക്കൂ. അതിന് മൂന്നാഴ്ച കാത്തിരിക്കണം. സംഭരണത്തിന്റെ ആരംഭകാലത്ത് തേങ്ങ കൊടുക്കുമ്പോൾ തന്നെ കർഷകന് പണം ലഭിക്കുമായിരുന്നു. പിന്നീടത് ചെക്ക് മുഖേനെയായി. ഇപ്പോഴത് കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഒരു മാസത്തിനുള്ളിൽ നൽകുന്ന രീതിയും. സംഭരണകേന്ദ്രത്തിൽ എത്തിക്കേണ്ട നാളികേരത്തിന്റെ കയറ്റിറക്കു കൂലിയും ഗതാഗത ചെലവും കർഷകർ വഹിക്കണം. നിയോജക മണ്ഡലത്തിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ മാത്രമേ സംഭരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുള്ളൂ. ഇതു കാരണം വളരെ ദൂരെയുള്ള സംഭരണ കേന്ദ്രത്തിലേക്ക് ഭാരിച്ച കാശ് ചെലവാക്കി, ക്ലേശങ്ങൾ സഹിച്ചും ആവശ്യമായ രേഖകൾ സഹിതവും വേണം എത്താൻ. എത്തിയാൽ കിലോയ്ക്ക് 32 രൂപ നിരക്കിലാണ് ഏജൻസി തേങ്ങ വാങ്ങുന്നത്. ഉൽപാദനത്തിന്റെ അഞ്ച് ശതമാനം പോലും കർഷകരിൽനിന്ന് സംഭരിക്കുന്നുമില്ല. പൊതു വിപണിയിൽ കിലോയ്ക്ക് 26 രൂപയായി വില ഇടിഞ്ഞിരിക്കുകയാണ്. തെങ്ങുകയറ്റക്കാരന് തെങ്ങ് ഒന്നിന് 50 രൂപ കർഷകർ നൽകണം. ഒരു തെങ്ങിനാകട്ടെ 50 രൂപയിലധികം ഉൽപാദന ചെലവുമുണ്ട്. തൊഴിലാളികളുടെ കൂലി, തേങ്ങ പെറുക്കിക്കൂട്ടൽ, തേങ്ങ പൊതിക്കൽ, വാഹന ചെലവ് എന്നിവയിലെല്ലാം ക്രമാതീതമായ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഉൽപാദന- കൂലി ചെലവ് കഴിച്ചാൽ കർഷകന് ഒന്നും കിട്ടാത്ത അവസ്ഥയാണ്. സാധാരണ ഓണത്തോടനുബന്ധിച്ച് നാളികേര വില വർധിക്കാറുണ്ട്. ഇത്തവണ അതൊന്നുമുണ്ടായില്ല. ഇതിനൊക്കെ പുറമെ മണ്ഡരി, വെള്ളീച്ച രോഗങ്ങൾ നാളികേര ഉൽപാദനത്തെ ബാധിക്കുന്നു.


ജനുവരിയിലാണ് കൊട്ടിഘോഷിച്ച് സർക്കാർ നാളികേര സംഭരണം പ്രഖ്യാപിച്ചത്. എന്നാൽ രണ്ടാഴ്ച മുമ്പ് മാത്രമാണ് സർക്കാർ നാളികേരം സംഭരിക്കാൻ തുടങ്ങിയത്. അതാകട്ടെ കർഷകർക്ക് കുരിശായി തീർന്നിരിക്കുകയാണിപ്പോൾ. കിലോയ്ക്ക് 32 രൂപ എന്ന നിലവിലെ താങ്ങുവില ആറ് വർഷം മുമ്പുണ്ടായിരുന്ന വിലയാണെന്ന് സർക്കാർ ഓർക്കാതെ പോയി. യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് കൃഷിഭവനുകൾ വഴി നാളികേരം സംഭരിച്ചിരുന്നത്. 2016ൽ ഇടതുമുന്നണി സർക്കാർ അധികാരത്തിൽ വന്ന് മാസങ്ങൾക്കകം കൃഷിഭവനുകൾ വഴിയുള്ള സംഭരണം നിർത്തലാക്കി.
സംസ്ഥാനത്ത് നാളികേരം കൂടുതൽ ലഭിക്കുന്ന ജില്ലയാണ് കോഴിക്കോട്. കോടിക്കണക്കിന് തേങ്ങയാണ് ഓരോ വർഷവും ജില്ലയിൽ വിളവെടുക്കുന്നത്. നാളികേരത്തിന്റെ വിലയിടിവും സംഭരണത്തിലെ അനാസ്ഥയും പ്രധാനമായും ബാധിച്ചത് കോഴിക്കോട് ജില്ലയിലെ നാളികേര കർഷകരെയാണ്. നാളികേര സംഭരണം കാര്യക്ഷമമായി നടത്തുമെന്ന കൃഷിമന്ത്രി പി. പ്രസാദിന്റെ കോഴിക്കോട്ടെ പ്രഖ്യാപനത്തിന് 2022 സെപ്റ്റംബർ 25ന് ഒരാണ്ട് തികയും. ഒരു വർഷമായിട്ടും കർഷകർക്ക് നൽകിയ ഉറപ്പുപാലിക്കാൻ മന്ത്രിക്കോ സർക്കാരിനോ കഴിഞ്ഞില്ല. നാളികേര വികസന ബോർഡിന്റേയും കേരഫെഡിന്റേയും പ്രവർത്തനങ്ങൾ കേരകർഷകരെ സഹായിക്കുന്ന തരത്തിൽ ക്രമീകരിക്കുമെന്നും കാർഷിക മൂല്യവർധിത ഉൽപന്നങ്ങളിലൂടെ കൃഷിക്കാരുടെ വരുമാനം വർധിപ്പിക്കുമെന്നും മന്ത്രി അന്ന് ഉറപ്പു നൽകിയതായിരുന്നു. ഒന്നും യാഥാർഥ്യമായില്ലെന്നു മാത്രം.


സംസ്ഥാനത്തെ മുഖ്യ കാർഷികോൽപന്നമായ നാളികേരത്തിന്റെ വിലയിടിവ് തടയാൻ സർക്കാർ രണ്ടാഴ്ച മുമ്പ് തുടങ്ങിയ സംഭരണം പാളിയ സാഹചര്യത്തിൽ വിഷയത്തിൽ കൃഷിവകുപ്പ് അടിയന്തരമായി ഇടപെടുകയാണ് വേണ്ടത്. വിലയിടിവിലൂടെ നാളികേര കർഷകരുടെ സാമ്പത്തിക സ്രോതസാണ് അടഞ്ഞുകൊണ്ടിരിക്കുന്നത്. പൊതിച്ച നാളികേരത്തിന് കിലോയ്ക്ക് 43 രൂപ വരെ കർഷകന് കിട്ടിയിരുന്നിടത്താണ് ഇപ്പോൾ 26 രൂപയായി കുറഞ്ഞിരിക്കുന്നത്. അനുബന്ധമായി കൊപ്രയുടേയും വില ഇടിഞ്ഞിട്ടുണ്ട്. കേരകൃഷി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സർക്കാർ 2019 ജൂലൈയിൽ സംസ്ഥാനത്ത് 'കേര കേരളം- സമൃദ്ധകേരളം' പദ്ധതി ആവിഷ്കരിച്ചത്. 1.44 ലക്ഷം ഹെക്ടർ സ്ഥലത്ത് അധികമായി തെങ്ങുകൃഷി വ്യാപിപ്പിക്കുക, മൂന്നുലക്ഷം ഹെക്ടറിൽ പുനർകൃഷി നടത്തുക, തെങ്ങുകൃഷിയുടെ വിസ്തൃതി 10 ലക്ഷം ഹെക്ടറാക്കി വർധിപ്പിക്കുക, സംസ്കരണ-വിപണന സൗകര്യങ്ങൾ വർധിപ്പിച്ച് കർഷകരുടെ വരുമാനം വർധിപ്പിക്കുക തുടങ്ങിയവയായിരുന്നു 2019 മുതൽ 2029 വരെയുള്ള 10 വർഷത്തേക്ക് വിഭാവനം ചെയ്തിരുന്നത്. ഇതിൽ ഏതെങ്കിലും പദ്ധതി തുടങ്ങിയോ? കർഷകരുടെ വരുമാനം വർധിപ്പിക്കാൻ സംസ്കരണ - വിപണന പദ്ധതിക്ക് തുടക്കം കുറിച്ചുവോ എന്നിത്യാദി കാര്യങ്ങൾ കൃഷിമന്ത്രി അന്വേഷിക്കുന്നത് ഉചിതമായിരിക്കും. പദ്ധതികളും പരിപാടികളും പലതും പ്രഖ്യാപിച്ചാലും കോരന് കഞ്ഞി കുമ്പിളിൽ തന്നെയെന്ന ചൊല്ലിനെ അന്വർഥമാക്കുന്നതാണ് നാളികേര കർഷകരുടെ അവസ്ഥ.


ഈ പരിതാപകരമായ അവസ്ഥയിൽനിന്ന് നാളികേര കർഷകരെ മോചിപ്പിക്കാൻ സർക്കാർ ന്യായമായ വിലയ്ക്ക് നാളികേരം സംഭരിക്കുകയാണ് വേണ്ടത്. സാധാരണക്കാരായ നാളികേര കർഷകരുടെ ഉപജീവനമാർഗമാണ് തേങ്ങ വിലയിടിവിലൂടെ ഇല്ലാതാകുന്നത്. ഇത് പരിഹരിക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. നാളികേരം സംഭരണ കേന്ദ്രത്തിലെത്തിക്കാനുള്ള കടമ്പകൾ ഇല്ലാതാക്കണം. പഴയതുപോലെ കൃഷിഭവനുകൾ വഴി തേങ്ങ സംഭരിക്കണം. അക്കൗണ്ടിലെത്താൻ ആഴ്ചകൾ കാത്തിരിക്കേണ്ടതിനു പകരം സംഭരണകേന്ദ്രത്തിൽ വച്ചുതന്നെ കർഷകർക്ക് പണം കൈമാറണം. അഞ്ച് ശതമാനത്തിൽ താഴെ മാത്രമേ ഇപ്പോൾ കർഷകരിൽ നിന്ന് നാളികേരം സംഭരിക്കുന്നുള്ളൂ. തലതിരിഞ്ഞ ഈ വ്യവസ്ഥയിലും മാറ്റം വരുത്തണം. സർവോപരി ഇപ്പോൾ നൽകിവരുന്ന 32 രൂപ വർഷങ്ങൾക്ക് മുമ്പുള്ളതാണെന്നു തിരിച്ചറിഞ്ഞ് കിലോയ്ക്ക് ന്യായമായ വില താങ്ങുവില നൽകണം. ഇതൊന്നും നടപ്പാക്കാത്ത പക്ഷം സർക്കാർ ഏജൻസികൾ വഴി ഇപ്പോൾ നടത്തിവരുന്ന നാളികേര സംഭരണം പ്രഹസന നാടകമായി കലാശിക്കുകയേയുള്ളൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേതനം നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; s

Kerala
  •  a month ago
No Image

ആരുടെയും ഏതൊരു വസ്തുവും വഖ്ഫ് ആണെന്ന് പ്രഖ്യാപിക്കാനാവില്ല

Kerala
  •  a month ago
No Image

സ്റ്റേഡിയങ്ങളുടെ നിർമാണത്തിനും പരിപാലനത്തിനും സ്ഥിരം ജീവനക്കാർ രണ്ടു മാത്രം

Kerala
  •  a month ago
No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago