ആവേശം അണമുറിയാതെ ഭാരത് ജോഡോ യാത്ര രണ്ടാം ദിനവും ആലപ്പുഴ ജില്ലയിൽ ആയിരങ്ങൾ വരവേൽപ്പ് നൽകി
ആലപ്പുഴ • രാഹുൽഗാന്ധിയുടെ ഭാരത്‌ജോഡോ യാത്രക്ക് രണ്ടാം ദിനവും ആലപ്പുഴ ജില്ലയിൽ ആയിരങ്ങൾ വരവേൽപ്പ് നൽകി.ഇന്നലെ രാവിലെ 6.30ന് ഹരിപ്പാടുനിന്ന് ആരംഭിച്ച ജാഥ വേഗത്തിലാണ് തോട്ടപ്പള്ളിയിലെത്തിയത്.
തുടർന്ന് വൈകിട്ട് നാലു വരെ രാഹുലും സംഘവും വിശ്രമിച്ചു. പിന്നീട് തോട്ടപ്പള്ളി കരിമണൽ ഖനന വിരുദ്ധ സമര സമിതിയുടെ പന്തലിലും സന്ദർശനം നടത്തി.466-ാം ദിവസവും സത്യാഗ്രഹം തുടരുന്നവരെ രാഹുൽ അഭിവാദ്യം ചെയ്തു.
പരിസ്ഥിതി ലോല പ്രദേശത്ത് നടക്കുന്ന കരിമണൽ ഖനനം ദേശീയ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും കോൺഗ്രസ് രാഷ്ടീയ കാര്യസമിതിയിൽ ചർച്ച ചെയ്യുമെന്നും കരിമണൽ ഖനന വിരുദ്ധ ഏകോപന സമിതിക്ക് ഉറപ്പു നൽകി. പിന്നീട് കർഷകരുമായി ചർച്ച നടത്തി.
വൈകിട്ട് പുറക്കാട് നിന്നുള്ള യാത്രയിൽ കോട്ടയം, ഇടുക്കി ജില്ലകളിലെ പ്രവർത്തകരുൾപ്പെടെ വൻജനപങ്കാളിത്തമുണ്ടായി. വഴിയോരങ്ങളിൽ നിന്നവരെ കൈ ഉയർത്തി അഭിവാദ്യം ചെയ്തും കുശലാന്വേഷണങ്ങൾ നടത്തിയും യാത്ര മുന്നേറി.അമ്പലപ്പുഴയിൽ തനത്കലയായ വേലകളിയോടെയാണ് രാഹുലിനെ വരവേറ്റത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, എം.പിമാരായ കെ.സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, കെ.മുരളീധരൻ, ജെബി മേത്തർ എന്നിവർ ഉൾപ്പെടെയുള്ള നേതാക്കളും അണിനിരന്നു.രാത്രിയോടെ യാത്ര വണ്ടാനത്ത് സമാപിച്ചു. മൂന്നാം ദിവസത്തെ പര്യടനം ഇന്നു രാവിലെ അറവുകാട് നിന്നാരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."