വിദേശജോലി മോഹത്തിൽ ഏജന്റിന്റെ വലയിൽ കുടുങ്ങി ജയിലിലായ യുവതിക്ക് മോചനം യുവതി ആന്ധ്രയിലേക്ക് മടങ്ങി
നെടുമ്പാശ്ശേരി • വിദേശ ജോലി വാഗ്ദാനത്തിൽ ഏജന്റിന്റെ വലയിൽ കുരുങ്ങി കബളിപ്പിക്കപ്പെട്ട യുവതിക്ക് ആശ്വാസത്തിന്റെ നെടുവീർപ്പ്.
ആന്ധ്രപ്രദേശ് സ്വദേശിനിയായ വിജയലക്ഷ്മിയാണ് കബളിപ്പിക്കപ്പെട്ട് ദുരിത പർവം താണ്ടിയത്. കാക്കനാട് ജയിലിലായിരുന്ന ഇവർ ജയിൽ മോചിതയായി നാട്ടിലേക്ക് മടങ്ങി.
ഈ മാസം ഏഴിനാണ് വിജയലക്ഷ്മി ജയിലിലായത്. കുവൈറ്റിൽ ഹൗസ് കീപ്പിംഗ് ജോലി വാഗ്ദാനം ചെയ്ത് ആന്ധ്രാപ്രദേശിലെ അമലപുരത്തുള്ള റിക്രൂട്ട്‌മെന്റ് ഏജന്റാണ് 40 കാരിയും വിധവയുമായ ഇവരെ കബളിപ്പിച്ചത്.
ഈ മാസം അഞ്ചിന് ഹൈദരാബാദിൽ നിന്ന് കൊച്ചി വഴി ഏജന്റ് ഇവരെ മസ്‌കറ്റിലേക്ക് കയറ്റി വിടുകയായിരുന്നു. എന്നാൽ മസ്ക്കറ്റ് വിമാനത്താവളത്തിലെ പരിശോധനയിൽ ഇവരുടെ കൈവശമുള്ള രേഖകൾ കൃത്രിമമായി നിർമിച്ചവയാണെന്ന് കണ്ടെത്തുകയായിരുന്നു.
തുടർന്ന് ഇവരെ നെടുമ്പാശ്ശേരിയിലേക്ക് തിരിച്ചയച്ചു. വിമാനത്താവളത്തിൽ നിന്നും നെടുമ്പാശ്ശേരി പൊലിസ് കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കി കാക്കനാട് ജില്ലാ ജയിലിലേക്ക് അയക്കുകയായിരുന്നു.
തന്നെ തടവിലാക്കിയ കാരണം പോലും ഇവർക്ക് വ്യക്തമല്ലായിരുന്നു. തെലുങ്കല്ലാതെ മറ്റൊരു ഭാഷയും അറിയാത്തതിനാൽ ആരോടെങ്കിലും കാര്യങ്ങൾ തിരക്കാൻ പോലും കഴിയുമായിരുന്നില്ല.
വിവരമറിഞ്ഞ ചില സന്നദ്ധ പ്രവർത്തകരാണ് ഇവർക്ക് നിയമ സഹായം ഒരുക്കിയത്.
യുവതി നിരപരാധിയാണെന്നും ഏജന്റിന്റെ കുടുക്കിൽപ്പെട്ടതാണെന്നും പിന്നീട് നെടുമ്പാശ്ശേരി പൊലിസിന്റെ അന്വേഷണത്തിലും വ്യക്തമായി.
ഇതോടെയാണ് ഒരാഴ്ച്ച നീണ്ട ജയിൽ വാസത്തിന് ശേഷം ഇവർക്ക് പുറത്തിറങ്ങാൻ സാഹചര്യം ഒരുങ്ങിയത്. ജയിൽ മോചിതയായ യുവതി എറണാകുളത്ത് നിന്ന് ട്രെയിൻ മാർഗം വിജയവാഡയിലേക്ക് പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."