HOME
DETAILS

സുഗമമായ വികസനത്തിന് ഇന്ധനവില കുറയ്ക്കണം

  
backup
July 09 2021 | 20:07 PM

3513226230

 


പ്രൊഫ. കെ. അരവിന്ദാക്ഷന്‍


പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധനവിന് പ്രതിവിധിയെന്ന നിലയില്‍ ആഗോള റേറ്റിങ് ഏജന്‍സികളെല്ലാം മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശം, ഈ രണ്ടു പെട്രോളിയം ഉത്പന്നങ്ങളുടെയും മേലുള്ള അധിക തീരുവ വെട്ടിക്കുറയ്ക്കണമെന്നാണ്. ഉപ്പ് തൊട്ട് കര്‍പ്പൂരംവരെ മിക്കവാറും എല്ലാ നിത്യോപയോഗ വസ്തുക്കളുടെയും കുതിച്ചുയരുന്ന വിലവര്‍ധന പണപ്പെരുപ്പ നിരക്കിനെയും തടഞ്ഞുനിര്‍ത്താന്‍ സഹായിക്കും. ഇപ്പോള്‍തന്നെ പണപ്പെരുപ്പ നിരക്ക് ആര്‍.ബി.ഐ നിജപ്പെടുത്തിയിരിക്കുന്ന പരമാവധി ഉയര്‍ന്ന നിരക്കായ ആറ് ശതമാനത്തിലേറെയാണ്. ഈ പ്രവണത വിപല്‍ക്കരമാണ്.


ഡീസലിന്റെയും പെട്രോളിന്റെയും അധിക തീരുവയില്‍ കുറവുവരുന്നതിനെ തുടര്‍ന്ന് സര്‍ക്കാരിന്റെ റവന്യൂ വരുമാനത്തില്‍ വലിയ തോതില്‍ ഇടിവുണ്ടാകാന്‍ ഇടയില്ല എന്നാണ് വിലയിരുത്തല്‍. കാരണം, കൊവിഡ് എന്ന മഹാമാരിയുടെ വ്യാപനം തടഞ്ഞുനിര്‍ത്താന്‍ വാക്‌സിനേഷന്റെ ഗതിവേഗം ഉയര്‍ത്തുന്നതിലൂടെ സാധ്യമാകുമെന്നാണല്ലോ വിശ്വസിക്കപ്പെടുന്നത്. അങ്ങനെയാണെങ്കില്‍ ലോക്ക്ഡൗണുകള്‍ ഒഴിവാക്കാന്‍ കഴിഞ്ഞേക്കാം. അതിന്റെ തുടര്‍ച്ചയെന്ന നിലയില്‍ ആഭ്യന്തര മൊബിലിറ്റിയില്‍ വര്‍ധനവുണ്ടാവുകയും ഇന്ധനങ്ങളുടെ ഉപഭോഗം വര്‍ധിക്കുകയും ചെയ്‌തേക്കാം. പെട്രോളിന്റെയും ഡീസലിന്റെയും ഉപഭോഗം യഥാക്രമം 14 ശതമാനം, 10 ശതമാനം എന്നിങ്ങനെ 2021 -22 ധനകാര്യ വര്‍ഷത്തില്‍ തന്നെ വര്‍ധനവ് രേഖപ്പെടുത്താനും സാധ്യത കാണുന്നു. മാത്രമല്ല, ഈ രണ്ട് ഇന്ധനങ്ങളുടെയും മേല്‍ ചുമത്തപ്പെടുന്ന നികുതി വരുമാനത്തില്‍ 2020-21 നെ അപേക്ഷിച്ച് 2021-22 ല്‍ 13 ശതമാനം വര്‍ധനവുണ്ടാകുമെന്നാണ് കരുതപ്പെടുന്നതും. അങ്ങനെ ഇവയിലൂടെ കിട്ടുമെന്ന് പ്രതീക്ഷപ്പെടുന്ന വരുമാനം നടപ്പുധനകാര്യ വര്‍ഷത്തില്‍ 3.6 ലക്ഷം കോടി രൂപയായിരിക്കും. അതായത് കഴിഞ്ഞ ധനകാര്യ വര്‍ഷത്തിന്റേതിനേക്കാള്‍ 40,000 കോടി രൂപ വര്‍ധന. അതേ അവസരത്തില്‍ പെട്രോളിന്റെയും ഡീസലിന്റെയും അധിക നികുതി ഇനത്തില്‍ ലിറ്റര്‍ ഒന്നിന് 4.50 രൂപ നിരക്കില്‍ കുറവ് വരുത്തിയാല്‍ അത് സാധാരണക്കാര്‍ക്ക് വന്‍തോതില്‍ ആശ്വാസമായിരിക്കും.
2021 ജൂണില്‍ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 94.49 രൂപയായിരുന്നപ്പോള്‍ അതില്‍ നിന്ന് 32.90 രൂപ നികുതിയിനത്തില്‍ സംസ്ഥാന സര്‍ക്കാരിന് വരുമാനമായി കിട്ടുമായിരുന്നു. പെട്രോളിയം പ്ലാനിങ് അനാലിസിസ് വിഭാഗം നല്‍കുന്ന കണക്കാണിത്. 2014 ല്‍ പെട്രോളിന്റെ വില ഒരു ലിറ്ററിന് 71. 41 രൂപ മാത്രമായിരുന്നപ്പോള്‍ സര്‍ക്കാരിന്റെ നികുതി വരുമാനം 10.39 രൂപയുമായിരുന്നു. 2021 ജൂണ്‍ മാസത്തിലെ കണക്കെടുത്താന്‍ കാണാന്‍ കഴിയുക, ഇത് 2020 മാര്‍ച്ചിലേതിനെ അപേക്ഷിച്ച് ഏറ്റവും ഉയര്‍ന്ന നിലവാരത്തിലെത്തിയിരുന്നു എന്നാണ്. മൂല്യവര്‍ധിത നികുതി (വാറ്റ്) നിരക്കുകളെ അപേക്ഷിച്ചാണെങ്കില്‍ ഇതുവഴി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കിട്ടിവന്നിരുന്ന നികുതി വരുമാനത്തിന്റേതിനേക്കാള്‍ നാലില്‍ മൂന്ന് ഭാഗം ഏറെയായിരുന്നു എന്ന് വ്യക്തമാകുന്നു.
ഇന്ധന സെസ് കുറയ്ക്കല്‍ പ്രായോഗികല്ലെന്ന കേന്ദ്ര സര്‍ക്കാര്‍ വാദത്തിന് കാരണമായി പറയുന്നത് സബ്‌സിഡി ഇനത്തിലുള്ള ബാധ്യത വീട്ടുന്നതിന് പൊതുമേഖലാ എണ്ണ വിപണന കമ്പനികള്‍ പുറത്തിറക്കിയ കടപ്പത്രങ്ങള്‍ക്കുള്ള മുതലും പലിശയും കൊടുത്തുതീര്‍ക്കുന്നതില്‍ നേരിടേണ്ടിവരുന്ന ധനകാര്യ പ്രതിസന്ധിയാണെന്നാണ്. 2021-22 ധനകാര്യ വര്‍ഷത്തില്‍ തന്നെ 2005-2010 കാലയളവില്‍ കേന്ദ്ര സര്‍ക്കാര്‍ ഗ്യാരന്റിയുടെ അടിസ്ഥാനത്തില്‍ ഇറക്കിയ കടപ്പത്രങ്ങളുടെ സേവനം, പലിശ, വായ്പാതുക എന്നീ ഇനങ്ങളിലായി കേന്ദ്രം 20,000 കോടി രൂപയോളം സമാഹരിക്കേണ്ടിവരുമെന്നാണ് കണക്കാക്കിയിരുന്നത്. 2019-20, 2020-21 എന്നീ ധനകാര്യ വര്‍ഷങ്ങളില്‍ ഈ ഇനത്തില്‍ 10,000 കോടി രൂപയോളം ഇതിനകം ചെലവിട്ടു കഴിഞ്ഞു. ഏറ്റവുമൊടുവില്‍ ബോണ്ടിന്റെ വകയില്‍ മുതലിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ തിരികെ കൊടുത്തത് 3,500 കോടി രൂപയായിരുന്നു. 2015 മാര്‍ച്ചിലായിരുന്നു ഈ ഇടപാട് നടന്നത്. ഇതിനുശേഷം യാതൊന്നും സംഭവിച്ചിട്ടുമില്ല. അങ്ങനെ ഏറ്റവുമൊടുവില്‍ കണക്കാക്കപ്പെട്ടിരിക്കുന്ന വിപണി വായ്പ ഇനത്തിലുള്ള കടബാധ്യത മൊത്തം 1.30 ലക്ഷം കോടി രൂപ വരുമെന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍നിന്നു 20,000 കോടി രൂപയെങ്കിലും ഉടനടി കൊടുത്തുതീര്‍ക്കാതെ തരമില്ല, ഇതാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.


കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നിരീക്ഷിക്കുമ്പോള്‍ ഇതൊക്കെ ശരിയായിരിക്കാം. എന്നാല്‍, പണനയത്തിന്റെ നടത്തിപ്പിലൂടെ പണപ്പെരുപ്പവും വിലക്കയറ്റവും അതിരുവിടാതെ നിലനിര്‍ത്താനുള്ള ഭാരിച്ച ഉത്തരവാദിത്വത്തില്‍നിന്നു റിസര്‍വ് ബാങ്കിന് തലയൂരാന്‍ കഴിയില്ലല്ലോ. ആര്‍.ബി.ഐക്കു ഒരേസമയം കേന്ദ്ര ഭരണകൂടത്തിന്റെ നയപരിപാടികളും നിര്‍ദേശങ്ങളും പരിഗണിക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യണമെന്നതിനുപരിയായി പണപ്പെരുപ്പവും വിപണന നയവും അതിരുകടക്കാതിരിക്കാന്‍ ജാഗ്രത പാലിക്കുകയും വേണം. കൂടാതെ, സാധാരണക്കാരുടെ ജീവിതം പ്രതിസന്ധിയലാവാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു. ഉപഭോക്തൃ വിലസൂചികയുടെ അടിസ്ഥാനത്തില്‍ വിലക്കയറ്റത്തിന്റെ ഇടക്കാല സൂചിക 4 ശതമാനത്തിലേറെയാവാതിരിക്കാന്‍ ഉറപ്പുവരുത്തുകയായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ 2021 മെയ് മാസത്തോടെ പണപ്പെരുപ്പ നിരക്ക് ആറ് ശതമാനത്തോളമായി ഉയര്‍ന്നു. ഗതാഗത- വാര്‍ത്താ വിനിമയ മേഖലകളില്‍ ഉയര്‍ന്ന വില നല്‍കി അവശ്യ ഇന്ധനങ്ങളായ പെട്രോളും 8.59 ശതമാനം ഉയര്‍ന്ന വിലകൊടുത്ത് ഡീസലും ഉപയോഗിക്കേണ്ട സാഹചര്യം നിലവില്‍ വന്നതോടെ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ചില്ലറ വില നിലവാര സൂചിക സ്വാഭാവികമായും 12 ശതമാനത്തിലേറെയായി കുതിച്ചുയരുകയും ചെയ്തു. ഈ വിധത്തിലുള്ള വിലവര്‍ധനവിനെ ഇന്ധനവില വര്‍ധനവിന്റെ ശൃംഖലാ പ്രത്യാഘാതങ്ങളായിട്ടാണ് വിശേഷിപ്പിക്കപ്പെടുന്നത്.


2021 ജൂണ്‍- ജൂലൈ മാസങ്ങളില്‍ പെട്രോളിന്റെയും ഡീസലിന്റെയും ലിറ്റര്‍ നിരക്കിലുള്ള വില 100 രൂപക്ക് മുകളിലെത്തി നില്‍ക്കുമ്പോഴാണ് ഗാര്‍ഹികാവശ്യങ്ങള്‍ക്കായുള്ള പാചക വാതക വില സിലിണ്ടറിന് 25 രൂപ ഒറ്റയടിക്ക് വര്‍ധിച്ച് 841 രൂപയായി ഉയര്‍ന്നിരിക്കുന്നതെന്നോര്‍ക്കുക. വാണിജ്യാവശ്യങ്ങള്‍ക്കായുള്ള സിലിണ്ടറുകളുടെ വില 1550 രൂപയിലെത്തിയിട്ടുണ്ട്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ചെകുത്താനും കടലിനുമിടയ്‌ക്കെന്നതുപോലുള്ള സ്ഥിതിയിലാണ്. സാമ്പത്തിക വളര്‍ച്ചയും വികസനവും സുഗമമാക്കുന്നതിന് പലിശ നിരക്കുകള്‍ ഉയര്‍ത്തരുത്. മാത്രമല്ല, ഇത് കുറയ്ക്കണമെന്ന ആവശ്യം ഒരു വശത്ത് ഉയരുമ്പോള്‍ അതിലൂടെ പണപ്പെരുപ്പവും വിലവര്‍ധനവുമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. പലിശ നിരക്ക് ഉയര്‍ത്താതിരിക്കുന്നതിനുള്ള സമ്മര്‍ദമെന്ന നിലയിലാണ് മഹാമാരി ഉയര്‍ത്തുന്ന തുടര്‍ച്ചയായ ഭീഷണിയും നിലവിലുള്ളത്. വൈരുധ്യം നിറഞ്ഞ ഈ സാഹചര്യത്തില്‍ ആര്‍.ബി.ഐയെ സഹായിക്കാന്‍ രൂപീകരിച്ച മോണിറ്ററി പോളിസി കമ്മിറ്റി (എം.പി.സി)യുടെ പ്രസക്തിതന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. ആഭ്യന്തര സാഹചര്യങ്ങള്‍ക്ക് പുറമെ ആഗോള സാഹചര്യങ്ങളും പണപ്പെരുപ്പത്തിന്റേതായ ഭീഷണി കൂടുതല്‍ ഗുരുതരമാക്കിയിട്ടുമുണ്ട്. ആഗോള വിപണിയില്‍ എണ്ണവില തുടര്‍ച്ചയായി വര്‍ധനവ് രേഖപ്പെടുത്തുന്നതിനാല്‍ ചരക്കുകളുടെയും സേവനങ്ങളുടെയും വിലവര്‍ധനവിന് ഇതിലൂടെ വഴിയൊരുക്കുക സ്വാഭാവികമാണല്ലോ. ഇക്കാരണത്താല്‍ തന്നെ ഇന്ത്യ ഏത് ഉത്പന്നവും സേവനവും ഇറക്കുമതി ചെയ്താലും അതോടൊപ്പം പണപ്പെരുപ്പവും ഇറക്കുമതി ചെയ്യുകയാണെന്ന സ്ഥിതിവിശേഷമാണ് നിലവില്‍ വരുന്നത്. ഇതില്‍ അസ്വാഭാവികതയൊന്നുമില്ല.


ആര്‍.ബി.ഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി ഈ സാഹചര്യത്തില്‍ ശുപാര്‍ശ ചെയ്യുന്നത് എക്‌സൈസ് നികുതികള്‍, സെസുകള്‍, മറ്റു നികുതികള്‍, അവ കേന്ദ്രസര്‍ക്കാരിന്റേതായാലും സംസ്ഥാന സര്‍ക്കാരിന്റേതായാലും പരമാവധി കുറക്കുകയെന്നാണ്. അങ്ങനെ ഉല്‍പാദന, സേവന, ഗതാഗത മേഖലകള്‍ക്കാവശ്യമായ ഇന്ധനങ്ങള്‍ അടക്കമുള്ള ഇന്‍പുട്ടുകള്‍ കുറഞ്ഞ വിലക്ക് ഉല്‍പാദകര്‍ക്ക് ലഭ്യമാക്കുകയാണ് ചെയ്യേണ്ടത്. ചരക്കു ഗതാഗത ചെലവ് കുറയ്ക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ, നിത്യോപയോഗ വസ്തുക്കളുടെ ചില്ലറ വില നിലവാരം കുറയ്ക്കാന്‍ സാധ്യമാകൂ. അങ്ങനെ വന്നാല്‍ മാത്രമേ ഉല്‍പാദനവും നിക്ഷേപവും കൂടുതല്‍ ആകര്‍ഷകമാക്കാന്‍ പലിശനിരക്ക് കുറയ്ക്കുകയും വായ്പകള്‍ വേണ്ടത്ര അനുവദിക്കുകയും ചെയ്യാന്‍ ബാങ്കിങ് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് കഴിയുകയുമുള്ളൂ. വായ്പാ ഡിമാന്‍ഡ് ഉപഭോഗ നിക്ഷേപമേഖലകളില്‍ ഒരേസമയം ഉയരുന്നതോടെ ധനകാര്യ മേഖലയാകെ കൂടുതല്‍ ജീവസ്സുറ്റ നിലവാരത്തിലെത്തുകയും ചെയ്യും. സാമ്പത്തിക വികസനപ്രക്രിയക്കും കൂടുതല്‍ ഉത്തേജനമാകും. അപ്പോഴും ഒരു പ്രശ്‌നം അവശേഷിക്കും. അതായത് സമ്പാദ്യ തോത് ഉയരണമെങ്കില്‍ നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ ലഭ്യമാക്കണം. ആര്‍.ബി.ഐയുടെ പണനയം ഇന്നെത്തിയ ഊരാക്കുടുക്കാണിത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേതനം നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; s

Kerala
  •  a month ago
No Image

ആരുടെയും ഏതൊരു വസ്തുവും വഖ്ഫ് ആണെന്ന് പ്രഖ്യാപിക്കാനാവില്ല

Kerala
  •  a month ago
No Image

സ്റ്റേഡിയങ്ങളുടെ നിർമാണത്തിനും പരിപാലനത്തിനും സ്ഥിരം ജീവനക്കാർ രണ്ടു മാത്രം

Kerala
  •  a month ago
No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago