ഇറാനില്‍ ഹിജാബ് നിയമം ലംഘിച്ചതിന് അറസ്റ്റിലായ യുവതി മരിച്ച സംഭവം; പ്രതിഷേധം വ്യാപകം
തെഹ്റാന്: ഇറാനില്‍ ഹിജാബ് നിയമം ലംഘിച്ചതിന് അറസ്റ്റിലായ സ്ത്രീ മരിച്ചതിനു പിന്നാലെ പ്രതിഷേധം വ്യാപകമാവുന്നു. മഹ്സ ആമിനി എന്ന 21കാരി കഴിഞ്ഞ വെള്ളിയാഴ്ചയാണ് മരിച്ചത്. കഴിഞ്ഞയാഴ്ച തെഹറാനില്‍ വച്ച് അറസ്റ്റ് ചെയ്യപ്പെട്ട ഇവര്‍ക്ക് ബോധക്ഷയമുണ്ടാവുകയും പിന്നീട് മരണംസംഭവിക്കുകയുമായിരുന്നു. മതകാര്യ പോലിസ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് ആരോപണം.
മഹ്സ ആമിനി എന്ന ഹാഷ്ടാഗ് കാംപയിന് പേര്‍ഷ്യന്‍ ഭാഷയില്‍ സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഹാഷ്ടാഗ് കാംപയിന് ആയി മാറി. ട്വിറ്റര്‍ ഹാഷ്ടാഗ് 1.63 ദശലക്ഷം കടന്നു. ഞായറാഴ്ച പുറത്തിറങ്ങിയ ഇറാന് പത്രങ്ങളെല്ലാം ഒന്നാം പേജില്‍ പ്രാധാന്യത്തോടെയാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ചൊവ്വാഴ്ച കുര്‍ദിസ്താനില്‍ നിന്ന് തെഹ്റാനിലുള്ള കുടുംബാംഗങ്ങളെ കാണാന്‍ പോകുന്നതിനിടെയാണ് ആമിനി അറസ്റ്റിലായത്.
സ്വദേശമായ കുര്‍ദിസ്താനിലെ സാഖിസില് മൃതദേഹം മറവുചെയ്തതിനു പിന്നാലെ നിരവധി സ്ത്രീകള്‍ ഇവിടെ പരസ്യ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. സ്ത്രീകള്‍ ഹിജാബ് വലിച്ചെറിയുന്നതിന്റെ ചിത്രങ്ങള്‍ പാശ്ചാത്യ മാധ്യമങ്ങള്‍ പുറത്തുവിട്ടു. സംഘര്‍ഷത്തില്‍ 33 പേര്‍ക്ക് പരിക്കുണ്ട്.
1979ല്‍ ഇറാന് വിപ്ലവമുണ്ടായ ശേഷം പരമോന്നത നേതാവ് ആയത്തുല്ല ഖുമേനിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം രാജ്യത്ത് ഹിജാബ് നിര്‍ബന്ധമാക്കുകയായിരുന്നു. പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ പുറത്തിറങ്ങുമ്പോള്‍ ഹിജാബ് അണിയുകയോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും തരത്തിലുള്ള ശിരോവസ്ത്രം ധരിക്കുകയോ ചെയ്യണം. നിര്‍ബന്ധ ഹിജാബ് നിയമത്തിനെതിരേ ശിരോവസ്ത്രം ബഹിഷ്കരിച്ച് പ്രതിഷേധിച്ച 29 പേരെ 2018ല്‍ ഇറാന് അറസ്റ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."