നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവം പ്രതിയുടെ ഫേസ്ബുക്ക് വിവരങ്ങള്‍ക്ക് കാത്ത് പൊലിസ്
കൊല്ലം: കല്ലുവാതുക്കല്‍ ഊഴായ്‌ക്കോട് കരിയിലക്കൂട്ടത്തില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന മാതാവ് പേഴുവിളവീട്ടില്‍ രേഷ്മയു(21)ടെ ഫേസ്ബുക്ക് വിവരങ്ങള്‍ കാത്ത് പൊലിസ്. ഫേസ് ബുക്ക് വിവരങ്ങള്‍ ലഭിച്ചതിനുശേഷം മാത്രമേ പൊലിസിന് നടപടിക്രമങ്ങളുമായി മുന്നോട്ട് പോകാനാകൂ.
കഴിഞ്ഞദിവസം പാരിപ്പള്ളി പൊലിസ് ജയിലിലെത്തി രേഷ്മയെ ചോദ്യംചെയ്തിരുന്നു.രേഷ്മയ്ക്ക് കൊവിഡ് ബാധിച്ചതിനാല്‍ പൊലിസ് കസ്റ്റഡിയില്‍ കിട്ടാന്‍ നിയമ തടസം നേരിട്ടതിനെ തുടര്‍ന്നാണ് പ്രതിയെ ജയിലില്‍വച്ച് രണ്ടുമണിക്കൂര്‍ ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്‍കിയത്. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ക്ലിനിക്കല്‍ സൈക്കാളജിസ്റ്റിന്റെ സാന്നിധ്യത്തിലായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ സതികുമാര്‍ ചോദ്യം ചെയ്തത്. അനന്തു എന്ന ആണ്‍സുഹൃത്തിനെ കുറിച്ചുള്ള ചോദ്യത്തിന്, താന്‍ ഒന്നരവര്‍ഷം മുന്‍പ് തന്നെ അനന്തുവുമായി പ്രണയത്തിലായിരുന്നെന്നും വര്‍ക്കലയില്‍ പോയത് അയാളെ കാണാനായിരുന്നെന്നും രേഷ്മ മൊഴി നല്‍കി. ഫേസ്ബുക്ക് മെസഞ്ചര്‍ വഴിയായിരുന്നു ചാറ്റിങ്. എന്നാല്‍ ആണ്‍ സുഹൃത്തുമായി ഫോണില്‍ സംസാരിച്ചിട്ടില്ല. ഭര്‍ത്താവ് വിഷ്ണുവിനെ പ്രണയിച്ചാണ് വിവാഹം കഴിച്ചതെങ്കിലും തന്റെ സ്വാതന്ത്ര്യങ്ങളില്‍ ഇടപെട്ടതുകൊണ്ടാണ് കാമുകനുമൊത്ത് ജീവിക്കാന്‍ രണ്ടാമത്തെ കുഞ്ഞിനെ ഒഴിവാക്കിയതെന്നും രേഷ്മ ആവര്‍ത്തിച്ചു. കുഞ്ഞ് മരിക്കുമോയെന്ന് ഭയപ്പെട്ടിരുന്നു.
ഫേസ്ബുക്കിലെ അനന്തു എന്ന ഐ.ഡിക്കു പിന്നില്‍ ആര്യയും ഗ്രീഷ്മയുമാണെന്ന പൊലിസ് കണ്ടെത്തലിനെ രേഷ്മ ആദ്യം തള്ളുകയും അവര്‍ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്ന് തറപ്പിച്ചു പറയുകയും ചെയ്തു. എന്നാല്‍ പൊലിസ് തെളിവ് നിരത്തിയപ്പോള്‍ ഇരുവരും മരിച്ചതുപോലും അറിയാത്ത രേഷ്മ നിശബ്ദയായി. ഗ്രീഷ്മയുടെ ആണ്‍സുഹൃത്തിനെ കുറിച്ച് താന്‍ ഗ്രീഷ്മയുടെ ബന്ധുക്കളെ അറിയിച്ചതിന്റെ വിരോധം മൂലമായിരിക്കാം ആര്യയുമായി ചേര്‍ന്ന് ഗ്രീഷ്മ അനന്തുവെന്ന വ്യാജേനെ തന്നെ കബളിപ്പിച്ചതെന്ന് രേഷ്മ അന്വേഷണ സംഘത്തോടു പറഞ്ഞു. തുടര്‍ന്ന് ഇരുവരുടെയും മരണ വിവരം പൊലിസ് പരോക്ഷമായി രേഷ്മയെ അറിയിച്ചു. കഴിഞ്ഞ ജനുവരി അഞ്ചിനായിരുന്നു രേഷ്മയുടെ വീടിന് സമീപത്തെ പറമ്പില്‍ കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞ് ചികിത്സക്കിടെ മരിച്ചു.
ആറുമാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് പൊലിസ് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ യുവതിയെ അറസ്റ്റ് ചെയ്തത്.കേസില്‍ പൊലിസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെ തുടര്‍ന്ന് ബന്ധുക്കളായ ആര്യയേയും ഗ്രീഷ്മയേയും ആറ്റില്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."