പൊലിസിനെതിരേ സി.പി.എമ്മില്‍ വിമര്‍ശനം; പ്രതിക്കൂട്ടിലായി ആഭ്യന്തര വകുപ്പ്
കോഴിക്കോട്• പൊലിസിനെതിരേ സി.പി.എമ്മിനുള്ളില്‍ കടുത്ത പ്രതിഷേധമുയരുന്നത് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പിനെ പ്രതിക്കൂട്ടിലാക്കുന്നു. സമീപ ദിവസങ്ങളിലെ പൊലിസ് ചില നടപടികള്‍ ചൂണ്ടിക്കാട്ടിയാണ് സി.പി.എം കോഴിക്കോട് ജില്ലാ നേതൃത്വം ഉള്‍പ്പെടെ പൊലിസിനെതിരേ പരസ്യമായി രംഗത്തുവന്നത്. സമൂഹമാധ്യമങ്ങളിലും സി.പി.എം അണികള്‍ പൊലിസിനെതിരേ കടുത്ത വിമര്‍ശനം നടത്തുന്നുണ്ട്. കോഴിക്കോട് മെഡി. കോളജിലെ സുരക്ഷാ ജീവനക്കാരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച കേസിന്റെയും സി.പി.എം പ്രചാരകനായ പി.കെ സുരേഷ്‌കുമാറിനെ അറസ്റ്റ് ചെയ്ത നടപടിയുടെയും പശ്ചാത്തലത്തിലാണ് പൊലിസിനെരായ പാര്‍ട്ടിനീക്കം.
സുരക്ഷാ ജീവനക്കാരെ ആക്രമിച്ച സംഭവത്തില്‍ ഡി.വൈ.എഫ്.ഐക്കാരായ പ്രതികളെ പൊലിസ് വേട്ടയാടുകയാണെന്നും പൊലിസിനെതിരേ നടപടി സ്വീകരിക്കണമെന്നുമാണ് സി.പി.എം കോഴിക്കോട് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. ഭീകരവാദികളെ പോലെയാണ് പ്രതികളോട് പെരുമാറുന്നതെന്നും ചില പൊലിസ് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കുകയാണെന്നുമാണ് കഴിഞ്ഞദിവസം ജില്ലാ സെക്രട്ടറി പി. മോഹനന്‍ പരസ്യമായി വിമര്‍ശിച്ചത്. മോഹനന് പിന്തുണയുമായി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ കൂടി രംഗത്തെത്തിയതോടെ പൊലിസ് വിമര്‍ശനം സംസ്ഥാന നേതൃത്വവും ശരിവയ്ക്കുന്നുണ്ട്.
കോഴിക്കോട് മെഡി. കോളജിലെ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച സംഭവത്തില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ഉള്‍പ്പെടെ അഞ്ചുപേര്‍ റിമാന്‍ഡിലാണ്. ഇവരുടെ ജാമ്യഹരജിക്കെതിരേ പൊലിസ് സ്വീകരിച്ച നിലപാടാണ് പാര്‍ട്ടി നേതൃത്വത്തെ ചൊടിപ്പിച്ചത്.
കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നതടക്കമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് സി.പി.എം അനുകൂല കുറിപ്പുകളിലൂടെ ശ്രദ്ധേയനായ പി.കെ സുരേഷ് കുമാര്‍ ആലുവയില്‍ അറസ്റ്റിലായത്. ഇതില്‍ ആഭ്യന്തര വകുപ്പിനെതിരേ രൂക്ഷ പ്രതികരണമാണ് ഇടത് പ്രൊഫൈലുകളില്‍ ഉയരുന്നത്. തിരുവഞ്ചൂരിന്റെ പൊലിസായിരുന്നു ഭേദം എന്ന് വരെ വിമര്‍ശനമുണ്ടായി.
കാസര്‍കോട്ട് തെരുവുനായകളില്‍നിന്ന് കുട്ടികളെ രക്ഷിക്കാന്‍ എയര്‍ഗണ്ണുമായി അകമ്പടി പോയ ഐ.എന്‍.എല്‍ നേതാവിനെതിരേ കേസെടുത്തതും ഇടത് അനുകൂലികളുടെ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."