HOME
DETAILS

ഹർഷിനയെ ഇനിയും കത്രിക്കരുത്

  
backup
August 28 2023 | 18:08 PM

%e0%b4%b9%e0%b5%bc%e0%b4%b7%e0%b4%bf%e0%b4%a8%e0%b4%af%e0%b5%86-%e0%b4%87%e0%b4%a8%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%95%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0


കൂടെയുണ്ടെന്ന് ആവർത്തിക്കുമ്പോഴും ആരും കൂടെയില്ലെന്ന് ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നതാണ് ഹർഷിനയുടെ സമരദിനത്തിന്റെ എണ്ണം. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ അനാസ്ഥയിൽ അരപതിറ്റാണ്ട് വേദന തിന്ന് ജീവിച്ച പന്തീരാങ്കാവിലെ ഹർഷിനയുടെ നീതിക്കു വേണ്ടിയുള്ള സമരത്തിന് ഇന്ന് നൂറു ദിനം. ഹർഷിനയ്ക്ക് നീതി ലഭിക്കുമെന്നും ഒപ്പമുണ്ടെന്നും ആശ്വാസവാക്ക് പറഞ്ഞ ആരോഗ്യമന്ത്രി അറിയണം, തിരുവോണ നാളിലും ഇവർ നീതിക്കായുള്ള സമരഭൂമിയിലാണെന്ന്. നീതി ഉറപ്പാക്കാൻ പഴുതടച്ച അന്വേഷണവുമായി പൊലിസ് മുന്നോട്ടു പോകുമ്പോൾ തടസം നിന്ന് ഈ വീട്ടമ്മയുടെ ആത്മാഭിമാനത്തെയും ചവിട്ടിമെതിക്കാനുള്ള ഒരുപറ്റം ഡോക്ടർമാരുടെ ശ്രമത്തെ അംഗീകരിക്കാനാവില്ല. ഇതൊന്നും ഇനിയും ആരോഗ്യമന്ത്രിയും സർക്കാരും കണ്ടില്ലെന്ന് നടിക്കരുത്. വാക്കുകൾകൊണ്ട് ഉണങ്ങുന്നതല്ല, ഹർഷിനയുടെ മുറിവുകൾ. ഡോക്ടർമാരുടെ അനാസ്ഥയും അശ്രദ്ധയുമേൽപ്പിച്ച ആഴത്തിലുള്ള മുറിവുകളിൽ സർക്കാർ അവഗണനയുടെ കത്രിക വീണ്ടും കുത്തിയിറക്കുന്നത് നീതികേട് മാത്രമല്ല, ഒരു സ്ത്രീയോട് കാണിക്കുന്ന ക്രൂരത കൂടിയാണ്.


പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയതിനെ തുടർന്ന് അഞ്ചു വർഷം വേദന സഹിച്ച് ജീവിച്ച ഹർഷിനയ്ക്ക് നീതിയിലേക്കുള്ള ചുവടായിരുന്നു പൊലിസിന്റെ അന്വേഷണ റിപ്പോർട്ട്. 2017 നവംബർ 30ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതെന്നാണ് പൊലിസ് കണ്ടെത്തൽ. ഈ റിപ്പോർട്ട് അംഗീകരിച്ച് മന്ത്രി വീണാ ജോർജ് രംഗത്തുവന്നിരുന്നു. ഒപ്പമുണ്ടെന്ന് വാഗ്ദാനം ആവർത്തിക്കുകയും ചെയ്തു.


റിപ്പോട്ട് മെഡിക്കൽ ബോർഡ് തള്ളിയിട്ടും പൊലിസ് നിയമനടപടികളുമായി മുന്നോട്ടു പോകുന്നുവെന്നത് ആശ്വാസകരമാണ്. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്കു പോകാൻ പൊലിസിന് നിയമോപദേശം ലഭിച്ചുവെന്നാണ് റിപ്പോർട്ട്. മെഡിക്കൽ നെഗ്ലിജൻസ് ആക്ട് പ്രകാരമെടുത്ത കേസിൽ ഡോക്ടർമാരേയും നഴ്‌സുമാരേയും അറസ്റ്റ് ചെയ്യാനാകും. കേസിൽ രണ്ട് ഡോക്ടർമാരും രണ്ട് നഴ്‌സുമാരുമാണ് പ്രതികൾ.
എന്നാൽ, ഡോക്ടർമാരുടെ സംഘടന പൊലിസ് റിപ്പോർട്ടിനെതിരേ രംഗത്തുവന്നിരിക്കുകയാണ്. പൊലിസ് കടുത്ത നടപടിയിലേക്ക് നീങ്ങിയാൽ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന കെ.ജി.എം.സി.ടി.എയുടെ ഭീഷണി ആശങ്കയുളവാക്കുന്നുണ്ട്. 12 സെന്റീമീറ്റർ നീളമുള്ള കത്രിക പോലുള്ള ഉപകരണം ഹർഷിനയുടെ വയറ്റിൽ കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നാണെന്ന് പൂർണമായും പറയാൻ സാധിക്കില്ലെന്ന ഡോക്ടർമാരുടെ സംഘടനയുടെ വാദം യുക്തിക്ക് നിരക്കുന്നതല്ല. മെഡിക്കൽ എത്തിക്‌സിന് വിരുദ്ധമായ ഇത്തരം നിലപാടുകൾ സംഘടന തിരുത്തണം.

കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അവർ ശിക്ഷിക്കപ്പെടുക തന്നെ വേണം. ഡോക്ടർമാരുടേയും ആരോഗ്യപ്രവർത്തകരുടേയും സുരക്ഷയ്ക്കും സംരക്ഷണത്തിനുമുള്ള കടുത്ത നിയമത്തിനൊപ്പം നിന്നവരാണ് ഈ നാട്ടിലെ സാധാരണക്കാർ. രോഗം തളർത്തിയ മനസും ശരീരവുമായി ഓപറേഷൻ ടേബിളിൽ മയങ്ങിക്കിടക്കുന്നവരുടേയും ബന്ധുക്കളുടേയും പ്രതീക്ഷ ഡോക്ടർമാർ തന്നെയാണ്. എന്നാൽ, ശസ്ത്രക്രിയക്കിടെയുണ്ടാവേണ്ട അടിസ്ഥാന ശ്രദ്ധപോലും ഇല്ലാതായതാണ് ഹർഷിനയുടെ ജീവിതത്തെ ദുരിതത്തിലാക്കിയതെന്ന കാര്യത്തിൽ തർക്കമില്ല. ഇതിനെ ഡോക്ടർമാരുടെ സംഘടന ഗൗരവം കുറച്ച് കാണരുത്. അന്വേഷണവും നിയമനടപടികളും തുടരാൻ സഹായം ചെയ്തുകൊടുക്കുകയാണ് ചെയ്യേണ്ടത്.
ഹർഷിനയുടെ മൂന്ന് പ്രസവ ശസ്ത്രക്രിയകളും നടന്നത് സർക്കാർ ആശുപത്രികളിൽ തന്നെയാണ്. ആദ്യ രണ്ട് ശസ്ത്രക്രിയകൾ 2012 നവംബറിലും 2016 മാർച്ചിലും താമരശ്ശേരി ഗവ. ആശുപത്രിയിലായിരുന്നു. മൂന്നാമത്തേതാണ് കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ നടന്നത്. ഇവിടത്തെ ശസ്ത്രക്രിയക്കു ശേഷം ബോധം തെളിഞ്ഞപ്പോൾ മുതൽ കടുത്ത വേദനയും രക്തസ്രാവവും തുടങ്ങിയെന്നാണ് ഹർഷിന പറയുന്നത്.

തുടർന്ന് അഞ്ചു വർഷത്തോളം ചികിത്സ നടത്തി. 2022 സെപ്റ്റംബറിൽ നടത്തിയ പരിശോധനയിലാണ് ഗർഭപാത്രത്തിന് പുറത്ത് വയറിന്റെ വലതുഭാഗത്ത് ലോഹവസ്തു കണ്ടെത്തിയത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് ശസ്ത്രക്രിയയിലൂടെ കത്രിക പുറത്തെടുത്തു. കത്രിക സ്വയം വിഴുങ്ങിയതല്ലെന്ന ഹർഷിനയുടെ വാക്കുകൾ എങ്കിലും മുഖവിലക്കെടുത്ത് അനുഭവിച്ച ദുരിതത്തിന് അൽപമെങ്കിലും ആശ്വാസമായി മതിയായ നഷ്ടപരിഹാരം നൽകാൻ എന്തിനാണ് സർക്കാർ മടിക്കുന്നത്?. അതോടൊപ്പം ഈ അനാസ്ഥയ്ക്ക് കാരണക്കാരായവർക്കെതിരേയുള്ള നിയമ നടപടികൾ തുടരുക തന്നെ വേണം. ചികിത്സാ പിഴവുകൾക്കിരയാകുന്നവർക്ക് സംരക്ഷണം ഉറപ്പുവരുത്താൻ മതിയായ നിയമം കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയും ഹർഷിനക്ക് നേരിട്ട അനുഭവം വിരൽ ചൂണ്ടുന്നുണ്ട്.


ആദ്യം വേണ്ടത് അനാസ്ഥ വരുത്തിയവർക്ക് മതിയായ ശിക്ഷ വാങ്ങിക്കൊടുക്കുക എന്നതു തന്നെയാണ്. ചികിത്സാ പിഴവിൽ ജീവിതം നഷ്ടമായവരും ജീവച്ഛവമായി മാറിയവരും ഏറെയുണ്ട് നമുക്ക് ചുറ്റും. ഇനി ഇത്തരം അനുഭവങ്ങൾ ആവർത്തിച്ചുകൂടാ. അതിനുള്ള പോരാട്ടത്തിന്റെ ആദ്യപടിയാകട്ടെ ഹർഷിനയുടെ സമരം. സ്വന്തം ജീവിതം മുമ്പിൽവച്ച് ആത്മാഭിമാനത്തോടെ പൊരുതാൻ ഷർഷിനക്ക് കഴിയണമെങ്കിൽ സർക്കാരിന്റെ മാനുഷിക പിന്തുണ ആവശ്യമാണ്. ഹർഷിനയുടെ ആത്മാഭിമാനത്തെ കത്രിക മുനയാൽ നോവിക്കരുത്. ഹർഷിന ഇനിയും വെയിലും മഴയുമേറ്റ് തെരുവിൽ നിൽക്കുകയാണെങ്കിൽ, ഈ സർക്കാർ നീതി തേടുന്നവർക്കൊപ്പമല്ലെന്ന് വേദനയോടെ വിധിയെഴുതേണ്ടി വരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  22 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  22 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  22 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  22 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  22 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  22 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  22 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  22 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  22 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  22 days ago