HOME
DETAILS

നിഷ്ഫലം കര്‍ണാടക സന്ദര്‍ശനം

  
backup
September 19 2022 | 20:09 PM

karnataka-political-movements-kerala-31261

വലിയ പ്രതീക്ഷകളോടെയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞ ദിവസം കര്‍ണാടക സന്ദര്‍ശിച്ചത്. കേരളം മുന്നോട്ടുവച്ച മൂന്ന് റെയില്‍പാതകള്‍ക്ക് കര്‍ണാടകയുടെ അനുമതി നേടിയെടുക്കുക എന്നതായിരുന്നു യാത്രോദ്ദേശ്യം. മുഖ്യമന്ത്രി നേരിട്ടുപോയി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി ചര്‍ച്ച നടത്തിയാല്‍ തലശേരിമൈസൂരു, നിലമ്പൂര്‍നഞ്ചന്‍കോട്, കാഞ്ഞങ്ങാട്കാണിയൂര്‍ റെയില്‍പാതക്ക് അനുമതി കിട്ടുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

കോവളത്ത് നടന്ന കൗണ്‍സില്‍ യോഗത്തിന്റെ തീരുമാനപ്രകാരമായിരുന്നു മുഖ്യമന്ത്രി ബംഗളൂരുവില്‍ എത്തിയത്. മുഖ്യമന്ത്രി മുന്നോട്ടുവച്ച മൂന്ന് പദ്ധതികളും പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കി കര്‍ണാടക മുഖ്യമന്ത്രി തള്ളിക്കളയുകയായിരുന്നു. പരിസ്ഥിതിലോല പ്രദേശങ്ങളിലൂടെയും വന്യജീവി സങ്കേതങ്ങളിലൂടെയും കടന്നുപോകുന്ന പാതകള്‍ നേരത്തെ കര്‍ണാടക സര്‍ക്കാര്‍ തള്ളിയതാണെന്ന് മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയാണ് ബസവരാജ് ബൊമ്മെ ആവശ്യങ്ങളെല്ലാം നിരാകരിച്ചത്. പാരിസ്ഥിതിക ആഘാതമുണ്ടാക്കുന്നതാണ് മൂന്ന് പദ്ധതികളുമെങ്കില്‍, അത് നേരത്തെ തന്നെ കേരളത്തെ ബോധ്യപ്പെടുത്തിയതാണെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പോകേണ്ടതുണ്ടായിരുന്നോ? വെറും കൈയോടെ മടങ്ങിവരേണ്ടിയിരുന്നോ. ചീഫ് സെക്രട്ടറിയേയോ ഗതാഗത സെക്രട്ടറിയേയോ അയക്കാമായിരുന്നില്ലേ. അവര്‍ പോയിരുന്നെങ്കില്‍, യാത്രോദ്ദേശ്യം പരാജയപ്പെട്ടിരുന്നെങ്കില്‍ പോലും അതൊരു ചര്‍ച്ചാ വിഷയമാകുമായിരുന്നില്ല. വേണ്ടത്ര ഗൃഹപാഠം ചെയ്യാതെ, യാതൊരു മുന്നൊരുക്കങ്ങളമില്ലാതെ, കര്‍ണാടകയുടെ മനസിലിരിപ്പ് എന്താണന്നറിയാന്‍ ശ്രമിക്കാതെയുള്ള എടുത്തുചാടിയുള്ള യാത്രയായിരുന്നു മുഖ്യമന്ത്രിയുടെ കര്‍ണാടക സന്ദര്‍ശനമെന്ന വിമര്‍ശനത്തെ അരക്കിട്ട് ഉറപ്പിക്കുന്നതാണ് സന്ദര്‍ശന പരാജയം.


ബന്ദിപ്പൂര്‍ ദേശീയോദ്യാനത്തിലൂടെയുള്ള രാത്രി ബസുകള്‍ എന്ന നീണ്ടകാലത്തെ കേരളത്തിന്റെ ആവശ്യത്തെയും മംഗളൂരുവിനെയും തുംകൂറിനെയും ബന്ധിപ്പിക്കുന്ന എന്‍.എച്ച് 73ന് ബദല്‍ അലൈമെന്റ് വികസിപ്പിക്കാനുള്ള നീക്കവും നിരസിച്ചതില്‍ നിന്നു മനസിലാകുന്നത്, തങ്ങള്‍ക്ക് ദോഷമില്ലാത്ത കേരളത്തിന്റെ ആവശ്യങ്ങളെപ്പോലും നിരാകരിക്കുവാന്‍ കര്‍ണാടക നേരത്തെ തന്നെ തീരുമാനമെടുത്തു എന്നാണ്.
മുഖ്യമന്ത്രിയുടെ കര്‍ണാടക സന്ദര്‍ശനം മറ്റൊരു നിലയിലും വിമര്‍ശനവിധേയമാണ്. ബി.ജെ.പി ഭരിക്കുന്ന കര്‍ണാടകയെ കൂട്ടുപിടിച്ച് സില്‍വര്‍ലൈന്‍ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിക്കാനായി വളഞ്ഞ വഴി തെരഞ്ഞെടുത്തുവെന്നാണ് മുഖ്യമന്ത്രിക്കെതിരേയുള്ള അടുത്ത വിമര്‍ശനം. എന്നാല്‍ സില്‍വര്‍ലൈന്‍ മംഗളൂരുവിലേക്ക് നീട്ടുന്നത് സംബന്ധിച്ച ചര്‍ച്ചകളൊന്നും ഉണ്ടായതുമില്ല. സാങ്കേതിക വിവരങ്ങള്‍ കര്‍ണാടകയ്ക്ക് കൈമാറാത്തതിനാലാണ് ചര്‍ച്ച നടക്കാതെ പോയതെന്നാണ് ഇതിന് കാരണമായി പറയുന്നത്.
പരിസ്ഥിതി നിയമങ്ങള്‍ കാറ്റില്‍പറത്തി യുദ്ധസന്നാഹത്തോടെയായിരുന്നു സില്‍വര്‍ലൈനിന് വേണ്ടി സംസ്ഥാനം സര്‍വേ നടത്തിയതും വീടുകളുടെ അടുക്കളകളിലും കോലായകളിലും അടയാളക്കല്ലുകള്‍ സ്ഥാപിച്ചത്. സര്‍ക്കാരിന്റെ ഇത്തരം നടപടികളോട് ജനം പ്രതികരിച്ചത് സര്‍വേ കല്ലുകള്‍ പിഴുതെടുത്ത് തോട്ടിലെറിഞ്ഞു കൊണ്ടായിരുന്നു. ഗുരുതരമായ കാലാവസ്ഥാവ്യതിയാനത്താല്‍ സംസ്ഥാനത്തെ കൃഷി നശിച്ചുകൊണ്ടിരിക്കുകയും വെള്ളപ്പൊക്കം പോലുള്ള പ്രകൃതിദുരന്തങ്ങള്‍ കാരണം പരിസ്ഥിതിക്ക് ആഘാതമേറ്റുകൊണ്ടിരിക്കുകയും ചെയ്യുന്ന അവസരത്തില്‍ കേരളത്തെ രണ്ടായി പകുക്കുന്ന സില്‍വര്‍ലൈന്‍ സംസ്ഥാനത്ത് ഗുരുതരമായ പരിസ്ഥിതി നാശമുണ്ടാക്കുമെന്നും ജനജീവിതം ദുസ്സഹമാക്കുമെന്നും പരിസ്ഥിതി പ്രവര്‍ത്തകരും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പോലുള്ള ഇടതുപക്ഷ ആഭിമുഖ്യമുള്ള സംഘടനകളും മുന്നറിയിപ്പ് നല്‍കിയതായിരുന്നു. അതൊന്നും ചെവിക്കൊള്ളാതെ സില്‍വര്‍ലൈന്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയുണ്ടായി.

ഇത്തരമൊരു സന്ദര്‍ഭത്തിലാണ് പാരിസ്ഥിതിക നാശം ചൂണ്ടിക്കാണിച്ച് കര്‍ണാടക സര്‍ക്കാര്‍ കേരളത്തിന്റെ മൂന്ന് പ്രധാന ആവശ്യങ്ങളും നിരാകരിച്ചത്. ഇതിലൂടെ സംസ്ഥാന സര്‍ക്കാറിന് വ്യക്തമായ മുന്നറിയിപ്പ് നല്‍കുകയായിരുന്നോ കര്‍ണാടക സര്‍ക്കാര്‍ എന്ന് തോന്നുന്നു. പരിസ്ഥിതിക്ക് നാശം വരുത്തിക്കൊണ്ടുള്ള സില്‍വര്‍ലൈന്‍ പദ്ധതി വളഞ്ഞ വഴിയിലൂടെ നടപ്പാക്കാന്‍ കേരളം ശ്രമിക്കേണ്ടതില്ല എന്ന മുന്നറിയിപ്പ് കൂടിയായിരുന്നില്ലേ പരിസ്ഥിതിലോല പ്രദേശങ്ങളിലും വന്യജീവി സങ്കേതങ്ങളിലും വികസന പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാനാവില്ലെന്ന ബസവരാജ് ബൊമ്മെ പിണറായി വിജയനെ അറിയിച്ചതിലൂടെ മനസിലാക്കേണ്ടത്.
പശ്ചിമഘട്ടത്തിലെ സുള്യ, സുബ്രഹ്മണ്യ തുടങ്ങിയ സ്ഥലങ്ങളെയും ബന്ദിപ്പൂര്‍, നാഗര്‍ഹോളെ റിസര്‍വ് വനങ്ങളിലെ ദേശീയോദ്യാന മേഖലകളേയും പരിസ്ഥിതിലോല മേഖലയേയും നിര്‍ദിഷ്ട റെയില്‍പാതകള്‍ ദോഷകരമായി ബാധിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി കേരള മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തുമ്പോള്‍ അതിലൊരു സന്ദേശമുണ്ട്. പദ്ധതികള്‍ക്കെതിരേ ശാസ്ത്ര സാങ്കേതിക വിദഗ്ധരും സംഘടനകളും പരിസ്ഥിതി പ്രവര്‍ത്തകരും മുന്നറിയിപ്പു നല്‍കുമ്പോള്‍ വികസന വിരോധികള്‍ എന്നാക്ഷേപിക്കാതെ അതേക്കുറിച്ച് കേരളവും പഠിക്കണമെന്നതാണ് ആ സന്ദേശം.


സില്‍വര്‍ ലൈനിനേക്കാളും ഗുണകരമാകുന്ന, ദീര്‍ഘകാലമായി കേരളം ആവശ്യപ്പെട്ടുപോരുന്ന, ബംഗളൂരുകൊച്ചി യാത്ര എളുപ്പമാക്കുന്ന നഞ്ചന്‍കോട് നിലമ്പൂര്‍ പാത യാഥാര്‍ഥ്യമാക്കാനുള്ള പദ്ധതിക്ക് മാത്രം ഊന്നല്‍ നല്‍കി അതിന്മേല്‍ മാത്രം ചര്‍ച്ച നടത്തിയിരുന്നെങ്കില്‍ ഒരുപക്ഷേ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഒറ്റയടിക്ക് തള്ളിക്കളയുമായിരുന്നില്ല. മൂന്ന് പദ്ധതികള്‍ക്ക് അനുമതി തേടിയപ്പോള്‍ പരിസ്ഥിതി പ്രശ്‌നം പറഞ്ഞു ഒഴിഞ്ഞുമാറാന്‍ കര്‍ണാടക മുഖ്യമന്ത്രിക്ക് എളുപ്പമായി.
ദീര്‍ഘകാലമായി പരിഹരിക്കപ്പെടാതെ കിടക്കുന്ന നഞ്ചന്‍കോട്‌നിലമ്പൂര്‍ പാത യാഥാര്‍ഥ്യമാക്കാനുള്ള ശ്രമമായിരുന്നു കൂടിക്കാഴ്ചയില്‍ പ്രധാനമായും ഉണ്ടാകേണ്ടിയിരുന്നത്. വ്യക്തമായ കര്‍മപദ്ധതികള്‍ ആവിഷ്‌കരിച്ച്, അതിനായി വിദഗ്ധരുടെ ഉപദേശനിര്‍ദേശങ്ങള്‍ സ്വീകരിച്ച് വേണം അയല്‍ സംസ്ഥാനത്തേക്കാണെങ്കില്‍ പോലും, എന്ത് വിഷയത്തെക്കുറിച്ചാണെങ്കിലും ചര്‍ച്ചകളുമായി പോകാന്‍ എന്ന തിരിച്ചറിവാണ് മുഖ്യമന്ത്രിയുടെ പരാജയപ്പെട്ട കര്‍ണാടക സന്ദര്‍ശനം നല്‍കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  22 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  22 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  22 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  22 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  22 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  22 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  22 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  22 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  22 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  22 days ago